പ്രചരണത്തിൽ നിന്നും തനിക്ക് അയിത്തം കല്പിച്ചതുകൊണ്ട് പ്രതികരിക്കാനില്ല; ഗുജറാത്തിലെ തോൽവിയിൽ തരൂരിൻ്റെ പ്രതികരണം

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ചരിത്ര തോൽവി ഏറ്റെടുത്തതിന് പിന്നാലെ ശശി തരൂരിൻ്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും തന്നെ മാറ്റി നിർത്തിയത് ചൂണ്ടിക്കാട്ടിയാണ് തരൂരിൻ്റെ പ്രതികരണം. ഗുജറാത്തിൽ താൻ പ്രചാരണം നടത്തിയിട്ടില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും തരൂർ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകിയ നേതാക്കളുടെ പട്ടികയിലും പേരുണ്ടായിരുന്നില്ല. അതു കൊണ്ട് രണ്ട് സംസ്ഥാനങ്ങളിലും പോയി സാഹചര്യം മനസിലാക്കാൻ സാധിക്കാത്തതിനാൽ തോൽവിയെക്കുറിച്ച് പ്രതികരിക്കാനില്ല. ഹിമാചൽ പ്രദേശിൽ ബിജെപിക്കെതിരായ ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. അത് ഗുജറാത്തിൽ ഉണ്ടായില്ല. ആംആദ്മി ഭരണവിരുദ്ധ വോട്ടുകൾ ചോർത്തിയതിനാൽ കോൺഗ്രസിൻ്റെ വോട്ട് വിഹിതം കുറയുന്ന സാഹചര്യം ഉണ്ടായെന്നും തരൂർ പറഞ്ഞു.

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെക്കെതിരെ മത്സരിച്ചതിനു പിന്നാലെ ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയിൽ നിന്നും തരൂരിന്റെ പേര് നീക്കം ചെയ്തിരുന്നു. ഖാർഗെക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും കോൺഗ്രസ് അയിത്തം കൽപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here