ADVERTISEMENT
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച താക്കറെ സമൃദ്ധി ഹൈവേയിലൂടെ നടത്തിയ ടെസ്റ്റ് ഡ്രൈവാണ് വിവാദമായിരിക്കുന്നത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡ്രൈവിംഗ് സീറ്റിലിരുന്ന് അരികില്‍ മുഖ്യമന്ത്രിയെ ഇരുത്തി നടത്തിയ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കാറിന്റെ ഉടമയെ കുറിച്ച് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
നാഗ്പൂര്‍ മുതല്‍ ഷിര്‍ദി വരെ 520 കിലോമീറ്റര്‍ നീണ്ട സമൃദ്ധി ഹൈവേയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 11 ന് എത്തുവാനിരിക്കെയാണ് പരീക്ഷണ ഓട്ടം നടത്തി സംസ്ഥാന മേധാവികള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഇവര്‍ ഓടിച്ചിരുന്ന ആഡംബര വാഹനം ആരുടേതാണെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ഇപ്പോഴിതാ, കാറിന്റെ ഉടമയുടെ പേര് ട്വീറ്റ് ചെയ്തു കൊണ്ടാണ് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത്.
മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വാഹനത്തിന്റെ ഉടമസ്ഥാവകാശം കുക്രേജ ഇന്‍ഫ്രാസ്ട്രക്ചറര്‍ എന്ന കമ്പനിക്കാണെന്ന് വെളിപ്പെടുത്തുന്ന ഫോട്ടോ പങ്ക് വച്ചാണ് കോണ്‍ഗ്രസ് ചോദ്യം ഉന്നയിച്ചിരിക്കുന്നത് .
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രശസ്തമായ കമ്പനിയാണ് കുക്രേജ ഇന്‍ഫ്രാസ്ട്രക്ചര്‍, ഇത് നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. വീരേന്ദ്ര കുക്രേജയാണ് ഈ കമ്പനിയുടെ ചെയര്‍മാന്‍. നിലവില്‍ കോര്‍പ്പറേറ്ററായ കുക്രേജ നാഗ്പൂരിലെ ജരിപത്ക വാര്‍ഡില്‍ നിന്ന് ബിജെപി ടിക്കറ്റിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. 12 വര്‍ഷം മുന്‍പാണ് കമ്പനി റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് പ്രവേശിച്ചത്.ഇന്ന് കോടിക്കണക്കിന് രൂപയുടെ വിറ്റുവരവാണ് കമ്പനിക്കുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.