ADVERTISEMENT
ഖത്തറിലെ അൽ റയ്യാനിൽ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ 2022 ലോക കപ്പിലെ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അഞ്ച് വട്ടം ലോക ചാമ്പ്യന്മാരായ ബ്രസീലും 2017 റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രോയേഷ്യയും തമ്മിൽ ഏറ്റുമുട്ടും.
ബ്രസീലിയൻ കോച്ച് ടിറ്റെ തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാവും ടീമിനെ കളത്തിൽ ഇറക്കുക. പ്രീ ക്വാർട്ടറിൽ സൗത്ത് കൊറിയയെ 4 -1 നു കെട്ട്കെട്ടിച്ച ബ്രസീലിയൻ ടീമിന്റെ പോരാട്ടവീര്യം ടൂർണമെന്റിലെ ഏതു ടീമിനും വെല്ലുവിളിയാണ്. ഫിനിഷിങ്ങിലും കൗണ്ടർ അറ്റാക്കിലും ഓർഗനൈസ്ഡ് അറ്റാക്കിങ്ങിലും അവർ ബഹുദൂരം മുന്നിലാണ്. കേളി കേട്ട സാംബാ താളത്തിന്റെ സൗന്ദര്യവും കരുത്തും അവർ വീണ്ടെടുത്തിരിക്കുന്നു. പരിക്ക് മാറി തിരിച്ചെത്തിയ നെയ്മറും, ഗോളടി വീരൻ റിച്ചാലിസണും, വിങ്ങുകളിലൂടെ തന്ത്രങ്ങൾ മെനയുന്ന വിനിഷ്യസും ഫോമിലേക്കു ഉയർന്നത് ബ്രസീലിന്റെ കരുത്തു കൂട്ടുന്നു. മധ്യനിരയിൽ കളി മെനയുന്ന കാസിമെറോയും പക്വേറ്റയും മിന്നുന്ന ഫോമിലാണ്. തിയാഗോ സിൽവ നയിക്കുന്ന പ്രതിരോധക്കോട്ട തകർക്കാൻ എതിർടീമുകൾ നന്നേ പാടുപെടും.
ഗോൾ വല കാക്കുന്ന സൂപ്പർ ഗോളി അലിസണിനെ കീഴ്പ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണ്.
റിസേർവ് ടീമംഗങ്ങൾ പോലും കളം നിറഞ്ഞു കളിക്കാൻ പ്രാപ്തിയുള്ളവരാണ്. കാമറൂണിനോട് പിണഞ്ഞ തോൽവിയുടെ കളങ്കം അവർ കഴിഞ്ഞ കളിയിൽ മായ്ച്ചു കഴിഞ്ഞു. ശക്തരായ കാനറി പടയെ ക്രൊയേഷ്യ എങ്ങനെ നേരിടും എന്നത് കണ്ട് തന്നെയറിയണം.
ഡലിചിന്റെ ക്രൊയേഷ്യൻ പടയും അത്ര മോശക്കാരൊന്നുമല്ല ഈ ലോകകപ്പിൽ ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത കോയേഷ്യൻ പട പരിചയസമ്പന്നത കൊണ്ട് മികവുറ്റതാണ്. ഏഷ്യൻ ശക്തികളായ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് നിലവിലെ രണ്ടാം സ്ഥാനക്കാരുടെ വരവ്. 2018 ലെ ബാലൻ ഡി ഓർ പുരസ്‌കാര ജേതാവും ടീം ക്യാപ്റ്റനുമായ മോഡ്രിച്, ആൻഡ്രേ ക്രാമിച്, ഇവാൻ പേരിസിച്, കോവാസിച് എന്നിവരടങ്ങുന്ന പരിചയ സമ്പന്നരായ നിരയിലാണ് കോച്ചിന്റെ പ്രതീക്ഷ. ക്രൊയേഷ്യൻ ഗോളി ലിവാകോവിച് തകർപ്പൻ ഫോമിലാണ്. ലിവാകോവിച്ചിന്റെ സേവുകളിലൂടെയാണ് ജപ്പാനെ മറികടന്ന് ക്രൊയേഷ്യ ക്വാർട്ടറിൽ പ്രവേശിച്ചത്.
2022 ലോക കപ്പിന്റെ ആദ്യ ക്വാർട്ടർ പോരാട്ടം എല്ലാം കൊണ്ടും ആവേശം നിറഞ്ഞതാണ്. കാനറികളുടെ ലാറ്റിൻ അമേരിക്കൻ സാമ്പാ ചുവടുകൾക്ക് പൂട്ടിടാൻ ക്രൊയേഷ്യൻ പടയ്ക്ക് കഴിയുമോ എന്ന് കണ്ടറിയാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.