ഇരുപത്തിയേഴാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.12000 ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേൽക്കാൻ തലസ്ഥാന നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുക.
നിശാഗന്ധി ഒാഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യാന്തര ചലചിത്ര മേള ഉദ്ഘാടനം ചെയ്യും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. അഭയാർഥികളായ കുട്ടികളുടെ കഥ പറയുന്ന ടോറി ആൻഡ് ലോകിതയാണ് ഉദ്ഘാടന ചിത്രം.
ചലച്ചിത്രങ്ങളുടെ സാങ്കേതിക പരിണാമവും സിനിമയുടെ കഥാപരിണാമവും അടയാളപ്പെടുത്തുന്ന അവിസ്മരണീയ മുഹൂർത്തങ്ങളുമായാണ് രാജ്യാന്തര മേളയുടെ സിഗ്നേച്ചർ ചിത്രം ഒരുക്കിയിരിക്കുന്നത്.
വിവിധ തിയേറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്.2500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകളും പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിനും മേള വേദിയാവും. ഇനിയുള്ള എട്ടു ദിവസങ്ങള്‍ തലസ്ഥാന നഗരി ഉത്സവാന്തരീക്ഷത്തിലാകുമെന്ന് തീർച്ച.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.