ADVERTISEMENT
വിഴിഞ്ഞത്ത് അടുത്ത വർഷം തന്നെ കപ്പലടുക്കുമെന്ന് തുറമുഖവകുപ്പ്മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖം പ്രവർത്തനം തുടങ്ങുമ്പോൾത്തന്നെ പത്ത് ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുമെന്ന് നിയമസഭയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
പദ്ധതിയുടെ നിർമാണം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിദിനം 15000 ടൺപാറ നിക്ഷേപിച്ചിരുന്നത് ഇരട്ടിയാക്കും. ഈ വർഷത്തേക്ക് ആവശ്യമായ പാറ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുലിമുട്ട് നിർമാണം വേഗത്തിലാകും. സമരം മൂലം നൂറ് പ്രവൃത്തിദിവസങ്ങൾ നഷ്ടമായത് കണക്കാക്കി പ്രത്യേക കൗണ്ട്ഡൌൺ കലണ്ടർ തയ്യാറാക്കി നിർമാണപ്രവൃത്തികൾ വേഗത്തിലാക്കുമെന്നും മന്ത്രി സഭയിൽ മറുപടി നൽകി.
മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് നിലവിൽ ആശങ്കകളില്ലായെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ല. വിഴിഞ്ഞം മേഖലയിലെ എല്ലാ ബോട്ടുകളും സർക്കാർ ഇൻഷ്വർ ചെയ്തുനൽകിയിട്ടുണ്ട്. തുറമുഖത്തേക്കുള്ള റെയിൽവേ കണക്റ്റിവിറ്റിക്കുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിന്റെ തുടർനടപടികൾ വേഗത്തിലാക്കും. പദ്ധതിയുടെ ഗുണഭോക്താക്കളാകാനായി പ്രദേശവാസികൾക്ക് സാധിക്കുമെന്നും അതിനായി ലോജിസ്റ്റിക്ക് പാർക്ക് തയ്യാറാക്കി അവർക്ക് തൊഴിൽ നൽകാനുള്ള സർവേ നടപടികൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.