മുഖ്യമന്ത്രിയാര്? ഹിമാചൽ കോൺഗ്രസിന് കീറാമുട്ടിയാകുമോ?

ബിജെപിയിൽ നിന്നും അധികാരം തിരിച്ചുപിടിച്ച ഹിമാചൽ പ്രേദേശിൽ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഗുജറാത്തിൽ തകർന്നടിഞ്ഞ കോൺഗ്രസിന് ഹിമാചലിലെ ഫലം ആശ്വാസം നൽകുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം പാർട്ടിക്ക് വെല്ലുവിളിയാവുകയാണ്.

ഒറ്റക്ക് കേവലഭൂരിപക്ഷം നേടിയതിന് ശേഷം മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി പദവിക്കുവേണ്ടിയുള്ള ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള യോഗം ഇന്ന് ചേരാനിരിക്കെ പദവിക്കായി തെരഞ്ഞെടുപ്പിൽ ജയിച്ചവരും മത്സരിക്കാത്തവരും വരെ നീക്കം തുടങ്ങിയിട്ടുണ്ട്.

പാർട്ടിയുടെ മുന്‍ അധ്യക്ഷന്‍ സുഖ്‍വീന്ദര്‍ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഇവരിൽ ഒരാളായിരിക്കും എന്ന അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകൾ സജീവമായിരിക്കെ സ്ഥാനത്തിന് വേണ്ടി അവകാശവാദമുന്നയിച്ച് മറ്റ് നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.ഇതോടെ ഗുജറാത്തിലെ വൻ പരാജയത്തിനിടയിൽ ആശ്വാസമായി കിട്ടിയ അധികാരം കീറാമുട്ടിയായി മാറിയിരിക്കുകയാണ് ദേശീയ നേതൃത്വത്തിന്.

പാർട്ടി പ്രചാരണ കമ്മിറ്റി അധ്യക്ഷനും ദീർഘകാലം പാർട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന സുഖ്‍വിന്ദർ സിങ് സുഖു, പാ‍ർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ്, നിലവിലെ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രി എന്നിവരാണ് നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കച്ചമുറുക്കി രംഗത്തുള്ളത്.

ഹിമാചല്‍ പ്രദേശില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച കോണ്‍ഗ്രസിന് അടുത്ത വെല്ലുവിളിയായിരിക്കുകയാണ് മുഖ്യമന്ത്രി പദവിക്കുവേണ്ടിയുള്ള നേതാക്കളുടെ നീക്കങ്ങള്‍. ഹിമാചല്‍ പിസിസി മുന്‍ അധ്യക്ഷന്‍ സുഖ്‍വീന്ദര്‍ സിങ് സുഖു അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരിലൊരാൾ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം.

എന്നാൽ നിലവിൽ ലോകസഭ എംപിയും മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിൻ്റെ ഭാര്യയുമായ പ്രതിഭ സിങും മുഖ്യമന്ത്രി മുഖ്യമന്ത്രി പദവിക്കായി രംഗത്തുണ്ട്. പ്രതിഭയുടെ മകനും എംഎല്‍എയുമായ വിക്രമാദിത്യ സിങ് ഇത് സംബന്ധിച്ച സൂചനകളും മാധ്യമങ്ങൾക്ക് നൽകിക്കഴിഞ്ഞു. ലോകസഭാംഗമായ പ്രതിഭ സിങ് മുഖ്യമന്ത്രിയായാൽ, ഇതു രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കേണ്ടി വരും.ഇതിൽ ചില നേതാക്കൾക്ക് എതിർപ്പുണ്ട്. എന്നാൽ വീരഭദ്ര സിങ്ങിന്റെ സ്മരണയും ഭരണനേട്ടങ്ങളും ഓര്‍മിപ്പിച്ചാണ് കോണ്‍ഗ്രസ് വിജയത്തിലേക്കെത്തിയത് എന്നാണ് പ്രതിഭയെ അനുകൂലിക്കുന്നവർ പറയുന്നത്.

കോൺഗ്രസിൽ നില ഭദ്രമാക്കി അധികാരം ഉറപ്പിച്ചതിന് പിന്നാലെഎംഎൽഎമാരെ ഛത്തീസ്ഗഡിലേക്കു മാറ്റിയിരുന്നു. മുഖമന്ത്രിയെ തീരുമാനിക്കാൻ ഇന്ന് ഷിംലയിൽ ചേരുന്ന യോഗത്തിൽ ഇവർ പങ്കെടുക്കും.ഷിംലയിലെ റാഡിസൺ ഹോട്ടലിൽ വൈകിട്ട് മൂന്ന് മണിക്കാണ് ജയിച്ച കോൺഗ്രസ് എംഎൽഎമാരുടെ യോഗം. ഹിമാചൽ പ്രദേശ് കോൺഗ്രസിന്റെ ചുമതലയുള്ള രാജീവ് ശുക്ല, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡ എന്നിവരും നിരീക്ഷകരായി യോഗത്തിൽ പങ്കെടുക്കും.നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല.എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ മേൽനോട്ട ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News