തൊ‍ഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ദിവസക്കൂലി 600 രൂപയാക്കണം; ബിൽ അവതരിപ്പിച്ച് ജോൺ ബ്രിട്ടാസ് എംപി

മഹാത്മാഗാന്ധി തൊ‍ഴിലുറപ്പു പദ്ധതി ഫലപ്രദമാക്കാനുള്ള നിയമഭേദഗതി ബിൽ രാജ്യസഭയിൽ. ഡോ. ജോൺ ബ്രിട്ടാസ് എം. പി.യുടേതാണ് ഈ സ്വകാര്യബിൽ. തൊ‍ഴിലുറപ്പു പദ്ധതി പ്രകാരമുള്ള ദിവസക്കൂലി 600 രൂപയെങ്കിലുമാക്കുക, ഉപഭോക്തൃവിലസൂചികയനുസരിച്ച് ഇത് കാലാകാലങ്ങളിൽ കൂട്ടുക, ഒരു കുടുംബത്തിൽ ഒരാൾക്കുമാത്രം തൊ‍ഴിൽ നൽകും എന്ന നിബന്ധന ഉപേക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ബില്ലിലുള്ളത്. നിയമം നടപ്പാക്കിയില്ലെങ്കിൽ ചുമത്തുന്ന പി‍ഴ വർധിപ്പിക്കണമെന്നും പദ്ധതിയുടെ ചിലവ് മു‍ഴുവൻ കേന്ദ്ര സർക്കാർ വഹിക്കണമെന്നും ബില്ലിൽ ശുപാർശചെയ്യുന്നു.

ദേശീയ ആളോഹരി വരുമാനം കുറയുകയാണ് എന്ന് കണക്കുകളുദ്ധരിച്ച് ബില്ലിൽ വ്യക്തമാക്കി. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ കാര്യത്തിൽ 195 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 150 ആണ്. 2022-ലെ ലോക അസമത്വ റിപ്പോർട്ടിൽ ഇന്ത്യയുടെ നില ആശങ്കാജനകമാണ്. ദേശീയ വരുമാനത്തിന്റെ 22 ശതമാനവും മുകൾത്തട്ടിലെ ഒരു ശതമാനം പേർ നേടുന്നു. 57 ശതമാനവും മുകൾത്തട്ടിലെ 10 ശതമാനം പേർക്കു പോകുന്നു. അതേസമയം, താ‍ഴേത്തട്ടിലുള്ള 50 ശതമാനം പേർക്കു കിട്ടുന്നത് 13 ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുന്നു.

തൊ‍ഴിലുറപ്പു പദ്ധതിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നത് മറ്റുതരത്തിലുള്ള തൊ‍ഴിൽലഭ്യത ഇല്ലാത്തതിന്റെ ഫലമാണെന്നു കാണണം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2021ൽ രാജ്യത്ത് നടന്ന ആത്മഹത്യകളിൽ നാലിൽ ഒന്നും ദിവസവരുമാനക്കാരായിരുന്നു എന്നതും ആശങ്കാജനകമാണ്. ഈ നിലയെ അഭിമുഖീകരിക്കാൻ മഹാത്മാഗാന്ധി തൊ‍ഴിലുറപ്പു പദ്ധതി കൂടുതൽ ഫലപ്രദമാക്കേണ്ടതുണ്ടെന്ന് ജോൺ ബ്രിട്ടാസ് ബില്ലിൽ ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം മറ്റ് രണ്ട് ബില്ലുകള്‍കൂടി ജോൺ ബ്രിട്ടാസ് എം. പി സ‍ഭയില്‍ അവതരിപ്പിച്ചു.

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ അടക്കമുള്ള കമ്മീഷൻ അംഗങ്ങളെ നിയമിക്കാൻ നിശ്ചിതമാനദണ്ഡങ്ങൾ മുന്നോട്ടുവയ്ക്കുന്നതാണ് മറ്റൊരു ഭരണഘടനാഭേദഗതി ബിൽ. ഇവരുടെ പേരുകൾ ശുപാർശ ചെയ്യാൻ ഒരു സമിതിയെ നിയോഗിക്കണം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക് സഭാ സ്പീക്കർ, ലോക് സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവ് എന്നിവരാണ് ഈ സമിതിയിൽ വേണ്ടത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഒഴിയുമ്പോൾ കമ്മീഷനിലെ മുതിർന്ന അംഗത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ പദവിയിൽ നിയമിക്കണം. അങ്ങനെ നിയമിക്കപ്പെടേണ്ട വ്യക്തിയ്ക്ക് അയോഗ്യതയുള്ളതായി സമിതി രേഖാമൂലം അഭിപ്രായപ്പെട്ടാലേ മറ്റൊരാളെ ആ സ്ഥാനത്ത് നിയമിക്കാവൂ.

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ നീക്കം ചെയ്യാൻ സുപ്രീംകോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിന് സമാനമായ നടപടിക്രമം പാലിക്കേണ്ടതുണ്ട്. എന്നാൽ മറ്റ് തെരഞ്ഞെടുപ്പു കമ്മീഷണർമാർക്ക് ആ സുരക്ഷ ഇല്ല. അതിനാൽ അവരുടെ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ ആ സുരക്ഷ അവർക്കും ബാധകമാക്കണമെന്ന് ബില്ലിൽ നിർദ്ദേശിക്കുന്നു. സ്ഥിരം ഉദ്യോഗസ്ഥവൃന്ദത്തെ ഏർപ്പെടുത്തി കമ്മീഷന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം നല്കണമെന്നും ബില്ലിൽ നിർദ്ദേശിക്കുന്നു.

ഒക്ടോബർ 20-നാണ് ബിൽ ഫയൽ ചെയ്തത്. അതിനു പിന്നാലെ, മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ തെരഞ്ഞെടുക്കുന്നതിനു മാനദണ്ഡങ്ങൾ വേണമെന്ന് സുപ്രിം കോടതിയും അഭിപ്രായപ്പെട്ടിരുന്നു.

വാഹനാപകടങ്ങൾക്ക് നഷ്ടപരിഹാരം തേടാൻ ഈയിടെ കേന്ദ്ര സർക്കാർ ആറു മാസം സമയപരിധി നിശ്ചയിച്ചിരുന്നു. ഒട്ടേറെ പേർക്ക് ആനുകൂല്യം നിഷേധിക്കാൻ ഇൻഷുറൻസ് കമ്പനികൾ ഈ നില അവസരമാക്കും. ഇത് ഒഴിവാക്കണമെന്നതാണ് എംപി അവതരിപ്പിച്ച മൂന്നാമത്തെ ബിൽ. തേർഡ് പാർട്ടി പോളിസി പ്രകാരം ഡ്രൈവർക്കു പുറമേ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ഇപ്പോൾ നഷ്ടപരിഹാരം നൽകാൻ ഇൻഷൂറൻസ് കമ്പനികൾക്ക് ബാധ്യതയില്ല. പോളിസി ഉടമ ഒഴികെ വാഹനങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവരെയും തേർഡ് പാർട്ടി എന്ന പരിധിയിൽ കൊണ്ടുവരണം എന്ന് ബിൽ നിർദ്ദേശിക്കുന്നു.

ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിലും മറ്റും അപകടങ്ങളിൽപ്പെട്ട മൂന്നാം കക്ഷികൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും ഒഴിഞ്ഞു മാറാനുള്ള അവസരം കേന്ദ്ര സർക്കാർ ഇയിടെ കൊണ്ടുവന്ന ഭേദഗതിയിലൂടെ ഇൻഷൂറൻസ് കമ്പനികൾക്ക് ലഭിക്കും. ഇത് ഒഴിവാക്കാനും ബില്ലിൽ നിർദ്ദേശമുണ്ട്. വാഹനം കൈമാറുമ്പോൾ ഇൻഷുറൻസ് പോളിസിയുടെ കല്പിത കൈമാറ്റം സാധൂകരിക്കുന്നതിനു വേണ്ടിയുള്ള ഭേദഗതിയും ജോൺ ബ്രിട്ടാസിന്റെ ബില്ലിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News