അങ്കമാലി-ശബരിമല റെയിൽവേ ലൈൻ പുനലൂർ – ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുന്നത് പരിഗണനയിലില്ല :റെയിൽവേ മന്ത്രി

അങ്കമാലി-ശബരിമല റെയിൽവേ ലൈൻ പുനലൂർ – ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു തീരുമാനവും നിലവിൽ റെയിൽവയുടെ പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എന്നാൽ പത്തനംതിട്ട വഴി തിരുവനന്തപുരം – എരുമേലി പുതിയ പാതയ്ക്കുള്ള സർവ്വേ 2013 ൽ പൂർത്തിയായിയായെങ്കിലും പദ്ധതി നടപ്പാക്കാനായില്ല എന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

അതേ സമയം ശബരി റെയിൽപാത നീണ്ടുപോകുന്നതിന് കാരണം പദ്ധതിക്കെതിരെ ഉയർന്ന് വന്ന പ്രതിഷേധങ്ങളും കോടതിയിലുള്ള കേസുകളുമാണ്.116 കിലോമീറ്റർ ദൂരം ദൈർഘ്യമുള്ള അങ്കമാലി-ശബരിമല പുതിയ പാതക്ക് 1997-98ൽ 550 കോടി രൂപ അനുവദിച്ചു. അങ്കമാലി മുതൽ കാലടി വരെ 7 കി.മി പണിയും കാലടി മുതൽ പെരുമ്പാവൂർ വരെ 10 കി.മീ. നീണ്ട ലീഡ് വർക്കുകളും പൂർത്തിയാക്കി. പിന്നീട് പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ റെയിൽവേക്ക് കഴിഞ്ഞില്ല എന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പട്ട് ഭൂമി ഏറ്റെടുക്കുന്നതിനെതിരെയും ലൈനിന്റെ അലൈൻമെന്റ് ശരിയാക്കുന്നതിനെതിരെയുമുള്ള പ്രദേശവാസികളുടെ പ്രതിഷേധങ്ങളും പദ്ധതിക്കെതിരെയുള്ള കോടതി കേസുകളും പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് തടസ്സമായി എന്നും മന്ത്രി പറഞ്ഞു.

2021 ജനുവരിയിൽ കേരള സർക്കാർ അങ്കമാലി – ശബരി പദ്ധതിയുടെ മൊത്തം ചിലവ് വരുന്ന 2815 കോടി രൂപയിൽ പകുതി പങ്കിടാം എന്ന തീരുമാനം അറിയിച്ചിട്ടുണ്ട്.ട്രാക്കിന്റെ പ്രവർത്തനവും അറ്റകുറ്റപ്പണിയും റെയിൽവേ മന്ത്രാലയം നടത്തണമെന്ന വ്യവസ്ഥയും കേരളം മുന്നോട്ട് വെച്ചെന്നും മന്ത്രി പറഞ്ഞു.

അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കാനും അപ്‌ഡേറ്റ് ചെയ്യാനും കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.മുഴുവൻ പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് ലഭിച്ചാലുടൻ പദ്ധതിയിൽ അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here