ADVERTISEMENT
ഇരുപത്തിഏഴാമത് അന്താരഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പതിവ് രീതിയായ നിലവിളക്കില്‍ ദീപങ്ങള്‍ തെളിക്കുന്നത് ഒഴിവാക്കി ആര്‍ച്ച് ലൈറ്റുകള്‍ കാണികള്‍ക്ക് നേരെ തെളിച്ചുകൊണ്ടായിരുന്നു മേള ഉദ്ഘാടനം ചെയ്തത്. സാംസ്‌കാരിക കൈമാറ്റത്തിനുള്ള വേദി കൂടിയാണ് കേരളത്തിന്റെ രാജ്യന്തര ചലച്ചിത്രമേളയെന്ന് നിശാഗന്ധി ഓപ്പണ്‍ തീയേറ്ററില്‍ മേള ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഭയരഹിതമായി ജീവിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം. ആ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാകുന്നതാകണം ഇത്തരം മേളകള്‍ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എവിടെ മനസ്സുനിര്‍ഭയമാകുന്നുവോ അവിടെ ശിരസ് ഉയര്‍ന്നു തന്നെ നില്‍ക്കും എന്ന ടാഗോര്‍ വചനവും ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി അനീതികള്‍ക്കെതിരെ പോരാടാന്‍ സിനിമയെ ഒരു മാധ്യമമായി തെരഞ്ഞെടുത്ത മെഹ്നാസ് മൊഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിച്ചു. യാത്രാ വിലക്കുള്ളത് മേളക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന ഇറാനിയന്‍ സംവിധായിക മെഹ്നാസ് മൊഹമ്മദിക്ക് വേണ്ടി അതീന റെയ്ച്ചല്‍ സംഗാരി പുരസ്‌കാരം ഏറ്റുവാങ്ങി. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ചലച്ചിത്രമേളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൊഹ്നാസ് മുഹമ്മദി മുറിച്ച് നല്‍കിയ മുടി അതീന വേദിയില്‍ ഉയര്‍ത്തി കാട്ടി. തുടര്‍ന്ന് മൊഹ്നാസ് മുഹമ്മദിയുടെ സന്ദേശവും ഉദ്ഘാടന വേദിയില്‍ വായിച്ചു.”ഞാന്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രതീകമാണ് ഈ മുടി ‘ എന്നായിരുന്നു ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ആക്ടിവിസ്റ്റ് കൂടിയായ മെഹ്നാസ് മുഹമ്മദി മേളക്ക് നല്‍കിയ സന്ദേശം.
‘വിമന്‍ വിത്തൗട്ട് ഷാഡോസ്’, ‘ട്രാവല്‍ലോഗ്’, ‘വി ആര്‍ ഹാഫ് ദി ഇറാന്‍സ് പോപ്പുലേഷന്‍’ തുടങ്ങിയ ഡോക്യൂമെന്ററികള്‍ സംവിധാനം ചെയ്തത് മെഹ്നാസ് മൊഹമ്മദി ആണ്. 2019 ല്‍, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച അവരുടെ ആദ്യ ഫീച്ചര്‍ ഫിലിം ‘സണ്‍ മദര്‍’ ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു.
മേളയില്‍ 70ല്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുക. മേളയുടെ ഭാഗമായി ഒട്ടനവധി കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ലോക സിനിമ വിഭാഗത്തില്‍ പെട്ട പത്ത് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ആദ്യ ദിനം ഉണ്ടായിരുന്നത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ആഫ്രിക്കയില്‍നിന്ന് ബെല്‍ജിയത്തിലെത്തുന്ന അഭയാര്‍ഥികളായ പെണ്‍കുട്ടിയുടെയും സഹോദരന്റെയും കഥ പറയുന്ന ‘ടോറി ആന്‍ഡ് ലോകിത’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനം നാളെ മുതലാണ് ആരംഭിക്കുന്നത്. 60 ല്‍ പരം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനും ഇരുപത്തിയേഴാം രാജ്യാന്തര ചലച്ചിത്രമേള വേദിയാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.