കോണ്‍ഗ്രസ്സും കാവി പുതയ്ക്കുകയാണ്: കെ ടി ജലീല്‍

കോണ്‍ഗ്രസ്സും കാവി പുതയ്ക്കുകയാണെന്ന് കെ ടി ജലീല്‍ എം എല്‍ എ. ലീഗ് കാര്യങ്ങള്‍ ശരിയാംവിധം മനസ്സിലാക്കുന്നു എന്നുള്ളത് സ്വാഗതാര്‍ഹമാണെന്നും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ യഥാര്‍ത്ഥ സുഹൃത്ത് ആരാണെന്ന് തിരിച്ചറിയാന്‍ കഴിയലാണ് വര്‍ത്തമാന കാലത്ത് മുസ്ലിംലീഗിന്റെ ഏറ്റവും വലിയ വിജയമെന്നും കെ ടി ജലീല്‍ പറഞ്ഞു.

കോണ്‍ഗ്രസ് കുറച്ചു കാലമായി ബി.ജെ.പിയുടെ നയപരിപാടികള്‍ക്ക് പിറകെയാണ് സഞ്ചരിക്കുന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസ് കുറച്ചു കാലമായി ബി.ജെ.പിയുടെ നയപരിപാടികള്‍ക്ക് പിറകെയാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ വിശിഷ്യാ മുസ്ലിങ്ങളുടെ ജീവല്‍മരണ പ്രശ്‌നമെന്ന് പറയാവുന്ന പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ കൊണ്ടുവന്നപ്പോഴും, വിവാഹമോചനം നടത്തുന്ന മുസ്ലിം പുരുഷന് മാത്രം ശിക്ഷ ഉറപ്പാക്കുന്ന മുത്തലാഖ് ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോഴും, കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞുകൊണ്ടുള്ള നിയമനിര്‍മാണത്തിന് ബി.ജെ.പി മുതിര്‍ന്നപ്പോഴും കോണ്‍ഗ്രസ് എം.പിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്യാതെ ‘അഴകൊഴമ്പന്‍’ സമീപനം സ്വീകരിച്ച് സഭയില്‍ നിന്ന് മാറിനിന്നതാണ് കണ്ടത്. കോണ്‍ഗ്രസ് ഈ മൂന്ന് കാര്യങ്ങളിലും വ്യക്തമായ അഭിപ്രായം ഇതുവരെ പറഞ്ഞിട്ടില്ല.

സമാന സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഏകസിവില്‍കോഡുമായി ബന്ധപ്പെട്ട് ഇന്ന് രാജ്യസഭയില്‍ കണ്ടത്. ഇടതുപക്ഷ അംഗങ്ങള്‍ ഏകസിവില്‍ കോഡ് നടപ്പിലാക്കാന്‍ ആവശ്യപ്പെടുന്ന സ്വകാര്യബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്ത് വോട്ട് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന അംഗങ്ങളൊന്നും അഭിപ്രായം പറയാന്‍ സഭയില്‍ ഉണ്ടായിരുന്നില്ല. ഇരട്ടത്താപ്പ് സഹിക്കവയ്യാതെ മുസ്ലിംലീഗ് എം.പി പി.വി അബ്ദുല്‍ വാഹാബ് തന്റെ അമര്‍ഷം മറയില്ലാതെ രാജ്യസഭയില്‍ രേഖപ്പെടുത്തി.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരള നിയമസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ ലീഗ് പിന്തുണച്ചത് അതിന്റെ നിജസ്ഥിതി മനസ്സിലാക്കിയാണ്. വൈസ് ചാന്‍സലര്‍മാരായി യോഗ്യനായ മുസ്ലിം പേരുള്ളയാളെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിസിയാക്കാതിരുന്ന ഗവര്‍ണറുടെ നടപടിയില്‍ ലീഗും അപകടം മണത്തിരുന്നു.

മുസ്ലിംലീഗ് നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ കെ.എം. സീതി സാഹിബിന്റെ പൗത്രനായ അറിയപ്പെടുന്ന ഇടതുപക്ഷ എഴുത്തുകാരനും പണ്ഡിതനുമായ ഡോ: കെ.എം സീതിയെ ആര്‍.എസ്.എസ് കല്‍പ്പിച്ചതനുസരിച്ച് ഗവര്‍ണര്‍ വി.സി പട്ടികയില്‍ നിന്ന് വെട്ടിയിരുന്നു. സമാന സാഹചര്യം ഭാവിയിലും വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന ലീഗിന്റെ ഉത്കണ്ഠ തീര്‍ത്തും ന്യായമാണ്.
ലീഗിനെ വെട്ടിലാക്കാന്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന്റെ വോട്ടെടുപ്പില്‍ വോട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കാനാണത്രെ കോണ്‍ഗ്രസ് തീരുമാനം. ഇത് ലീഗിനെ പ്രയാസപ്പെടുത്തുമെന്ന് ഉറപ്പാണ്.

ലീഗ് കാര്യങ്ങള്‍ ശരിയാംവിധം മനസ്സിലാക്കുന്നു എന്നുള്ളത് സ്വാഗതാര്‍ഹമാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ യഥാര്‍ത്ഥ സുഹൃത്ത് ആരാണെന്ന് തിരിച്ചറിയാന്‍ കഴിയലാണ് വര്‍ത്തമാന കാലത്ത് മുസ്ലിംലീഗിന്റെ ഏറ്റവും വലിയ വിജയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News