ADVERTISEMENT
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന അപേക്ഷക്ക് ഒരു വർഷം കാത്തിരിക്കണമെന്ന ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ വിധി. രാജ്യത്ത് ഏകീകൃത വിവാഹ കോഡ് ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ യുവാവും, എറണാകുളം സ്വദേശിനിയായ യുവതിയും കുടുംബക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു വിവാഹമോചന നിയമം സംബന്ധിച്ച സുപ്രധാന നിരീക്ഷണം. പരസ്പര ധാരണയിൽ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. I869-ലെ വിവാഹമോചന നിയമത്തിലെ സെക്ഷൻ 10 എ പ്രകാരം വേർപിരിയാനുള്ള ഏറ്റവും കുറഞ്ഞ കാലയളവ് ഒരു വർഷത്തേയ്ക്ക് നിശ്ചയിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന വാദം അംഗീകരിച്ചായിരുന്നു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.
രാജ്യത്ത് ഏകീകൃത വിവാഹ നിയമം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് എന്തിനാണ് വ്യത്യസ്ത വിവാഹമോചന നിയമം എന്നും ഹൈക്കോടതി ചോദിച്ചു. വിവാഹ മോചന കേസ്സുകളിൽ കക്ഷികളെ മതത്തിന്‍റെ അടിസ്ഥാനത്തിലാണ് നിലവിൽ നിയമം വേർതിരിക്കുന്നത്.
വൈവാഹിക തർക്കങ്ങളിൽ ക്ഷേമവും നന്മയും പ്രോത്സാഹിപ്പിക്കുന്നതിന് പകരം കുടുംബക്കോടതികൾ യുദ്ധഭൂമിയാക്കി മാറ്റുകയാണെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ ഏകീകൃത വിവാഹ കോഡ് ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.