ബാലയ്ക്ക് 2ലക്ഷം രൂപ പ്രതിഫലം നല്‍കി, തെളിവുകളുമുണ്ട്; ഉണ്ണി മുകുന്ദന്‍

നടന്‍ ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉണ്ണി മുകുന്ദന്‍. തന്‍റെ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍. പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് അഭിനയിക്കാനെത്തിയതെങ്കിലും ബാലയ്ക്കും രണ്ട് ലക്ഷം രൂപ നല്‍കി. പിന്നീട് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

നടന്‍ ബാലയ്ക്കും ഛായാഗ്രാഹകന്‍ എല്‍ദോ ഉള്‍പ്പെടെ ടെക്നീഷ്യന്മാര്‍ക്കും പണം നല്‍കിയതിന്‍റെ രേഖകളുമായായിരുന്നു ഉണ്ണി മുകുന്ദന്‍റെ വാര്‍ത്താസമ്മേളനം. പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല അഭിനയിച്ചത്. എന്നിട്ടും ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ രണ്ട് ലക്ഷം രൂപ നല്‍കി. ഛായാഗ്രാഹകന്‍ എല്‍ദോയ്ക്ക് ഏഴ് ലക്ഷം രൂപയും കൈമാറി. ടെക്നീഷന്മാരില്‍ ഒരാള്‍ പോലും പ്രതിഫലമില്ലാതെ പ്രവര്‍ത്തിച്ചിട്ടില്ല. സ്ത്രകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയാണ് പ്രതിഫലം നല്‍കിയത്. പണം നല്‍കിയതിന്‍റ രേഖകള്‍ തന്‍റെ പക്കല്‍ ഉണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ബാല അഭിനയിച്ച റോള്‍ മറ്റൊരു നടനെക്കൊണ്ട് അഭിനയിപ്പിക്കാനായിരുന്നു സംവിധായകന് ഇഷ്ടം. എന്നിട്ടും എന്‍റെ നിര്‍ബന്ധത്തിനാണ് ബാലയെ കാസ്റ്റ് ചെയ്തത്. ബാലയ്ക്ക് ചെയ്യാന്‍ പ്രയാസമായിരുന്ന ഡബ്ബിംഗ് ഭാഗങ്ങള്‍ മിമിക്രി ആര്‍ട്ടിസ്റ്റുകളെ വച്ച് ചെയ്യേണ്ടി വന്നുവെന്നും ഉണ്ണി മുകുന്ദന്‍.

ഷെഫീക്കിന്‍റെ സന്തോഷം സിനിമയിലെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്തിനൊപ്പമായിരുന്നു ഉണ്ണി മുകുന്ദന്‍റെ വാര്‍ത്താ സമ്മേളനം.
താരസംഘടനയായ അമ്മയില്‍ പരാതി നല്‍കാനോ നിയമനടപടി സ്വീകരിക്കാനോ ആലോചിക്കുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

കഴിഞ്ഞ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രതിഫലം മൂന്ന് ലക്ഷമായിരുന്നു. ഓൺലൈനിൽ തനിക്ക് വലിയ പ്രശസ്തിയുണ്ടെന്നും പ്രതിഫലം കൂട്ടി നൽകണമെന്നും ബാല തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. വലിയ തുകയാണ് ചോദിച്ചത്. കുറച്ച് ട്രോളുകൾ കൊണ്ട് ഒരാൾ പ്രശ്സതനായെന്ന് പറഞ്ഞിട്ട് ഇതുവരെ ഒരാൾക്കും മലയാള സിനിമയിൽ പ്രതിഫലം കൂട്ടികൊടുത്തതായി തനിക്ക് അറിയില്ലെന്നും താരം വ്യക്തമാക്കി.

ഷെഫീക്കിന്റെ സന്തോഷം സിനിമ തുടങ്ങിയപ്പോൾ ഞാനാണ് സംവിധായകനോട് ബാലയെ നിർദേശിക്കുന്നത്. അദ്ദേഹത്തിനൊരു ബ്രേക്ക് കിട്ടും എന്ന ചിന്തയിലാണ് സംവിധായകന് ഇഷ്ടമല്ലായിരുന്നിട്ട് കൂടി ഞാൻ മുന്നോട്ടുവന്നത്. മറ്റൊരു പ്രമുഖ നടനെ മാറ്റിയിട്ടാണ് ബാലയ്ക്ക് ഈ കഥാപാത്രം കൊടുക്കുന്നത്. ബാല മലയാളത്തിൽ ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തത് ഈ സിനിമയിലാണ്. അതും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രശസ്തി കണ്ടിട്ടല്ല ഞാൻ അങ്ങനെ പറഞ്ഞത്. പടം സെൻസർ ചെയ്ത കോപ്പിയുടെ തിയതി കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകും. ബാലയുടെ മൂന്ന് ഡയലോഗുകൾ മറ്റൊരു മിമിക്രി ആർട്ടിസ്റ്റിനെ വച്ചാണ് ചെയ്തത്. നിർമാതാവും സുഹൃത്തും എന്ന നിലയിൽ താനത് കണ്ണടക്കുകയായിരുന്നെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

സ്ത്രീകള്‍ക്ക് മാത്രം പൈസ കൊടുത്തു എന്ന് ബാല പറഞ്ഞു. ഈ സിനിമയില്‍ പ്രവർത്തിച്ച ടെക്‌നീഷ്യന്‍മാരില്‍ ഒരാള്‍ക്ക് പോലും പൈസ കൊടുക്കാതെ ഇരുന്നിട്ടില്ല. അവർക്ക് എവിടെയൊക്കെ പരാതിപ്പെടാം. അവർക്കുവേണ്ട സംഘടനകളുണ്ട്. അങ്ങനെ പറഞ്ഞത് മാത്രമാണ് തന്നെ കുറച്ച് വേദനിപ്പിച്ചതെന്നും ഉണ്ണി പറഞ്ഞു. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ബാലയുടെ അമ്മായിച്ചനെ പുറത്താക്കിയെന്നു പറഞ്ഞത് തെറ്റാണെന്നും താരം വ്യക്തമാക്കി. ഡബ്ബിങ് സ്റ്റുഡിയോ ടീമിന്റെ നിയമാവലിയിൽ ഉള്ളതാണ്. ഞങ്ങള്‍ക്കതുമായി ഒരു ബന്ധവുമില്ലെന്നും താരം പറഞ്ഞു. ബാല നിർമിച്ച ഒരു സിനിമയിൽ താൻ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയായിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സുഹൃത്തായതുകൊണ്ടാണ് താൻ അതിനു തയ്യാറായതെന്നും താരം പറഞ്ഞു.

എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. സൗഹൃദത്തെ വളരെ സീരിയസായി കാണുന്ന ആളാണ്. ‍മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ല. ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കില്‍ ഒരു ദിവസം എന്റെ അമ്മ കരഞ്ഞിട്ടുണ്ട്. എന്റെ സൗഹൃദം ഇങ്ങനെ ആയിപ്പോയല്ലോ എന്നായിരുന്നു അവരുടെ വിഷമം. എന്നെ സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചിരുന്നു. ‘നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന്’ പറഞ്ഞു.- ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News