2022 ലെ 2ാം വരവ്; ഐഎഫ്എഫ്കെയുടെ മാസ് ആൻഡ് ക്ലാസ് എൻട്രി

”2022 ” മൊത്തം രണ്ടിൻ്റെ ആവർത്തനം മാത്രമുള്ള വർഷം. ഈ വർഷത്തെ ഐഎഫ്എഫ്കെയ്ക്കും ഉണ്ട് ഈ രണ്ടിൻ്റെ ഹാംഗ് ഓവർ. ഒരു വർഷത്തിൽ നടക്കുന്ന രണ്ടാമത്തെ ഐഎഫ്എഫ്കെയ്ക്കാണ് ഇന്നലെ കൊടിയേറിയത്. ഒന്നുകൂടി വിശദമായി പറഞ്ഞാൽ 2022 ൽ ആവർത്തിക്കുന്ന രണ്ടുകളുടെ ഗുണനഫലമായ 8 മാസങ്ങൾക്ക് ശേഷം വരുന്ന രണ്ടാമത്തെ ചലച്ചിത്രമേളക്കാണ് ഇന്നലെ അരങ്ങുണർന്നത് എന്ന് സാരം. ഇനി ഒന്ന് ചുരുക്കിപ്പറഞ്ഞാൽ 2022ലെ ഐഎഫ്എഫ്കെ വേർഷൻ 2ന് ആണ് ഇരുപത്തിയേഴാം രാജ്യാന്തര ചലച്ചിത്രേമേള.

ചില വാണിജ്യ സിനിമകളിലെ നായകൻമാരുടെ ഡബിൾ ഇൻട്രൊഡക്ഷൻ പോലെ മാസാണ് ഐഎഫ്എഫ്കെയുടെ രണ്ടാം വരവും. ഇത്തവണത്തെ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും തന്നെ നായകൻ്റെ വരവിൽ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന സിനിമാ പ്രേക്ഷകൻ്റെ അവസ്ഥ ഓരോ ഡെലിഗേറ്റിസിനും സമ്മാനിക്കും. എട്ട് മാസങ്ങൾക്കുള്ളിൽ നടത്തിയിട്ടുള്ള തയ്യാറെടുപ്പുകളും സജ്ജീകരണങ്ങളുമെല്ലാം വേർഷൻ വണ്ണിനേക്കാൾ മികച്ചു നിൽക്കുന്നു.സിനിമയുടെ ഉത്സവ പറമ്പിൽ എത്തുന്ന ഓരോ ചലച്ചിത്രാസ്വാദകരെയും ഇൻട്രൊഡക്ഷനിൽ തന്നെ അതിശയപ്പെടുത്തിക്കഴിഞ്ഞു 2022 ലെ ഐഎഫ്എഫ്കെ റീലോഡഡ് വേർഷൻ .ഇത് തന്നെയാണ് മേളയുടെ രണ്ടാം വരവിൻ്റെ മാസ്എൻട്രിയാക്കി മാറ്റുന്നത്.

ഇനി സിനിമയുടെ സെലക്ഷനുകളിലേ വൈവിധ്യങ്ങളാണ് ഐഫ്എഫ്കെയുടെ വരവിനെ ക്ലാസാക്കുന്നത്. ഒരുക്കങ്ങളിലെ മാസും ഒന്നിനൊന്നു മെച്ചമെന്ന് ഒറ്റനോട്ടത്തിൽ തന്നെ നിസംശയം പറയാവുന്ന കാഴ്ച്ചകളുടെ രസക്കൂട്ടുകളുമാണ് മേളയെ ക്ലാസ് ആക്കി മാറ്റാൻ പോകുന്നത്. ഒരുക്കങ്ങളിലെ മാസിനെ വെല്ലുന്ന ക്ലാസ് ചലച്ചിത്രാനുഭവം തന്നെയായിരിക്കും സിനിമാപ്രേമികൾക്ക് ഒറ്റ വർഷത്തിലെ രണ്ടാം ഐഎഫ്എഫ്കെ സമ്മാനിക്കുക എന്ന് തന്നെ പ്രതീക്ഷിക്കാവുന്ന സംഘാടന മികവ് തന്നെയാണ് ഇത്തവണത്തെ രണ്ടാം മേളയെ വേറിട്ടു നിർത്തുന്നത്.

കയ്യടികളും വിസിലടികളും നായകന് കിട്ടുമ്പോൾ അണിയറയിൽ ബിഹൈൻഡ് സീനിൽ നിൽക്കുന്ന സംവിധായകനെപ്പോലെ അതിൻ്റെ എല്ലാ ക്രെഡിറ്റും മേളയുടെ സംഘാടകരായ ചലച്ചിത്ര അക്കാദമിക്കും സംസ്ഥാന സാംസ്കാരിക വകുപ്പിനുമാണ്. ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കിട്ടുന്നതും കിട്ടാനിരിക്കുന്നതുമായ കയ്യടികളുടെ നേരവകാശികൾ അവർ തന്നെയാണ്.

ആദ്യ സീനിൻ്റെ തുടക്കത്തിൽ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിഞ്ഞ ഒരു സിനിമയെ പോലെ തന്നെ ആവേശമാണ് ചലച്ചിത്രമേള കൊട്ടിക്കയറുന്ന ആദ്യ ദിനം തന്നെ അനുഭവവേദ്യമാക്കുന്നത്. ആ ആവേശവും ആരവവും അവസാന നിമിഷം നിലനിർത്താൻ വരും ദിനങ്ങളിലും സംഘാടകർക്ക് കഴിയും എന്ന് തന്നെ പ്രതീക്ഷിക്കാം. എട്ട് മാസം മുമ്പ് എപ്പടി തിരുമ്പിപ്പോയോ അപ്പടിയേ തിരുമ്പി വന്തിട്ടേന്ന് സൊല്ല് എന്ന രജനി സിനിമയിലെ മാസ് ഡയലോഗ് ഒരേ സമയം ഐഎഫ്എഫ്കെയും ഡെലിഗേറ്റുകളും വിളിച്ചോതുന്ന അപൂർവ്വതയാണ് ഇത്തവണത്തെ മേളയുടെ പ്രധാന പ്രത്യേകത. ഒരു വർഷം തന്നെ രണ്ടാമത്തെ ഒത്തുചേരൽ സമ്മാനിക്കുന്ന ആവേശത്തിലാണ് ഓരോ ഡെലിഗേറ്റുകളും.പരാതികളും പരിഭവങ്ങളും ഇല്ലാത്ത ഒരു മേളയായി മാറട്ടെ വരും ദിവസങ്ങളിൽ ഐഎഫ്എഫ്കെ വേർഷൻ 2വിൻ്റെ ക്ലൈമാക്സ്.ഇൻ്റർവെല്ലുപോലും കഴിയാത്ത ഒരു സിനിമയെ വിലയിരുത്തുന്നതും വല്ലാതെ പുകഴ്ത്തുന്നതും അത്രക്ക് അങ്ങോട് നല്ല കാര്യമല്ലാത്തതു കൊണ്ട് തൽക്കാലം നിർത്തുന്നു.പിക്ച്ചർ അഭിബാക്കി ഹേ…

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here