കൊളീജിയം യോഗം: വിശദാംശങ്ങൾ നൽകാനാവില്ലെന്ന് കോടതി;ഹർജി തള്ളി

2018 ഡിസംബർ 12ന് നടന്ന കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.കൊളീജിയത്തിൽചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ പൊതുമധ്യത്തില്‍ ചർച്ചയാവേണ്ട കാര്യമില്ല. യോഗത്തിൻ്റെ അന്തിമ തീരുമാനം മാത്രമേ നൽകേണ്ടതുള്ളു എന്നും ഹർജി തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സമാന ആവശ്യം ഉന്നയിച്ച് അഞ്ജലി സമർപ്പിച്ച ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്.

2018 ൽ സുപ്രീം കോടതി കൊളീജിയത്തിൽ അംഗമായിരുന്ന മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം ബി ലോകൂർ അതേ വർഷം ഡിസംബർ 12ന് കൊളീജിയം യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ സുപ്രീം കോടതിയുടെ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്ന് പറഞ്ഞിരുന്നതായി ഹർജിക്കാരിക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷന്‍ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

എന്നാൽ എല്ലാ കൊളീജിയം അംഗങ്ങളും ഒപ്പിട്ട പ്രമേയങ്ങളിൽ മാത്രമേ അന്തിമ തീരുമാനമാകൂവെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. അംഗങ്ങൾ തമ്മിലുള്ള ചർച്ചയ്ക്കും കൂടിയാലോചനയ്ക്കും ശേഷം എടുക്കുന്ന താൽക്കാലിക പ്രമേയങ്ങൾ എല്ലാവരും ഒപ്പിട്ടില്ലെങ്കിൽ അന്തിമമെന്ന് കണക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2018 ഡിസംബർ 12 ലെ യോഗത്തിൽ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ലോകൂർ, എ കെ സിക്രി, എസ് എ ബോബ്‌ഡെ, എൻ വി രമണ എന്നിവരടങ്ങുന്ന കൊളീജിയം സുപ്രീം കോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലായിരുന്നു തീരുമാനം. എന്നാല്‍ ആ വിവരങ്ങളൊന്നും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് പരസ്യപ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു അഞ്ജലി ഭരദ്വാജ് ഹർജി സമർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News