അരിശവും അസൂയയും മൂത്ത് ആരും “സ്പോർട്സ് ജിഹാദ്” എന്ന് വിളിക്കരുത്: കെടി ജലീൽ

മലപ്പുറം ജില്ലയെ കായിക ഭൂപടിത്തിൽ ഉന്നതിയിൽ എത്തിച്ച ഐഡിയൽ സ്കൂളിൻ്റെ വിജയത്തെ “സ്പോർട്സ് ജിഹാദ്” എന്ന് വിളിക്കരുതെന്ന് കെടി ജലീൽ.സംസ്ഥാന സ്കൂൾ കായികമേളയിൽ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടുകയും മലപ്പുറം ജില്ലയെ മേളയിൽ രണ്ടാം സ്ഥാനത്തും എത്തിച്ച ഐഡിയൽ സ്കൂളിൻ്റെ നേട്ടത്തിൽ അനുമോദനമറിയിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലാണ് മുൻ മന്ത്രിയുടെ പ്രതികരണം.

അക്കാദമിക് മേഖലയിലും സംസ്ഥാനത്ത് നൂറുമേനി വിളയുന്ന സ്ഥാപനമാണ് ഐഡിയൽ സ്കൂൾ. അരിശവും അസൂയയും മൂത്ത് ”ആരും” മലപ്പുറത്തെ ഐഡിയലിൻ്റെ വിജയത്തെ “സ്പോർട്സ് ജിഹാദ്” എന്ന് വിശേഷിപ്പിക്കാതിരുന്നാൽ ഭാഗ്യം എന്നാണ് കെടി ജലീൽ തൻ്റെ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

ഐഡിയൽ സ്കൂൾ നേട്ടത്തിൻ്റെ നെറുകിൽ; അഭിനന്ദനങ്ങൾ

സംസ്ഥാന സ്കൂൾ കായിക മേളയിൽ മലപ്പുറം ജില്ലയെ 146 പോയിൻ്റോടെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തിയത്, സ്വന്തമായി 66 പോയിൻ്റ് നേടി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തവനൂർ കടകശ്ശേരി ഐഡിയൽ ഹയർ സെക്കൻ്ററി സ്കൂളാണ്.

64 വർഷത്തെ സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറം ജില്ല കായിക രംഗത്ത് ഇത്രയും വലിയ മുന്നേറ്റം കാഴ്ചവെക്കുന്നത്. അതിന് മലപ്പുറത്തെ പ്രാപ്തമാക്കിയതിൽ ഐഡിയൽ സ്കൂളിൻ്റെ പങ്ക് നിസ്തുലമാണ്.

കഴിഞ്ഞ കുറേ വർഷങ്ങളായി തവനൂർ മണ്ഡലത്തിലെ ഈ വിദ്യാലയം ജില്ലാതല കായിക മൽസരങ്ങളിൽ ചാമ്പ്യൻപട്ടം നേടുന്നത് പതിവു കാഴ്ചയാണ്. എന്നാൽ ആദ്യമായിട്ടാണ് സംസ്ഥാന തലത്തിൽ ജേതാപട്ടം ചൂടുന്നത്.
മുൻവർഷങ്ങളിലെല്ലാം മുമ്പിൽ എത്താറുള്ള പല സ്കൂളുകളയും പിന്തള്ളിയാണ് ഐഡിയൽ സ്കൂളിലെ മിടുക്കികളും മിടുക്കരും വിസ്മയിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.

കണ്ണഞ്ചിപ്പിക്കുന്ന ഈ വിജയത്തിന് നേതൃത്വം നൽകിയ കോച്ച് നദീഷ് ചാക്കോ, ടീം മാനേജർ ഷാഫി അമ്മായത്ത് എന്നിവരെയും 7 സ്വർണ മെഡലുകളടക്കം 20 മെഡലുകൾ നേടി ചരിത്രം തിരുത്തിക്കുറിച്ച കായിക പ്രതിഭകളെയും പ്രത്യേകം അഭിനന്ദിക്കുന്നു. ഇവർക്ക് പരിശീലനങ്ങൾക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കിയ ഐഡിയൽ ട്രസ്റ്റ് ചെയർമാൻ കുഞ്ഞാവുഹാജി, സെക്രട്ടറി ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് അടക്കമുള്ള മുഴുവൻ ട്രസ്റ്റ് ഡയറക്ടർമാരെയും അനുമോദിക്കുന്നു.

മലപ്പുറവും മലപ്പുറത്തെ വിദ്യാലയങ്ങളും പഠന മേഖലയിലെന്ന പോലെ പാഠ്യേതര രംഗത്തും മുന്നേറ്റ പാതയിലാണ്. അതിൻ്റെ നായകത്വമാണ് ഐഡിയൽ സ്കൂൾ ഏറ്റെടുത്തിരിക്കുന്നത്. ഇനിയും ഒരുപാട് വിജയ സോപാനങ്ങൾ കയറാൻ കടകശ്ശേരി ഐഡിയൽ ഹയർ സെക്കൻ്ററി സ്കൂളിന് കഴിയട്ടെ എന്നാശംസിക്കുന്നു.

അക്കാദമിക് മേഖലയിലും സംസ്ഥാനത്ത് നൂറുമേനി വിളയുന്ന സ്ഥാപനമാണ് ഐഡിയൽ സ്കൂൾ. അരിശവും അസൂയയും മൂത്ത് ”ആരും” മലപ്പുറത്തെ ഐഡിയലിൻ്റെ വിജയത്തെ “സ്പോർട്സ് ജിഹാദ്” എന്ന് വിശേഷിപ്പിക്കാതിരുന്നാൽ ഭാഗ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News