
ദാര്‍ദന്‍ ബ്രദേഴ്സ് (ജീൻപിയറി ദാർദൻ, ലൂക് ദാർദൻ ) സംവിധാനം ചെയ്ത ഫ്രഞ്ച് ഭാഷയിലുള്ള ബെല്‍ജിയന്‍ ചിത്രമായ ‘ടോറി ആൻഡ് ലോകിത’ ആയിരുന്നു ഇരുപത്തിയേഴാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. കണ്ടവരുടെ എല്ലാം മനസിൽ ഒരു മുറിപ്പാട് വീഴ്ത്തിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ പതിനാറുകാരിയായ പെണ്‍കുട്ടിയുടെയും സഹോദരൻ്റെയും ആത്മബന്ധത്തിലൂന്നിയാണ് കഥ രൂപപ്പെടുത്തിയിരിക്കുന്നതെങ്കിലും ചിത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിൻ്റെ വ്യാപ്തി വളരെ വലുതാണ്.
നിസ്സഹായതയുടെയും വർണ്ണവെറിയുടേയും വിദ്വേഷത്തിൻ്റെയും അഭയാർത്ഥിത്വത്തിന്റെയും ഒക്കെ വിവിധ മുഖങ്ങൾ സിനിമയിലൂടെ വെളിവാകുമ്പോൾ സഹോദരൻ -സഹോദരി എന്ന പദങ്ങൾ എത്ര മനോഹരമാണ് എന്ന് കൂടി ചിത്രം പ്രേക്ഷക മനസിൽ വരച്ചിടുന്നു.
അധികാരവും അഭയാർത്ഥികളുടെ നിസാഹയതയും തമ്മിലുള്ള രാഷ്ട്രീയ കലഹത്തിന്റെ സംഘർഷഭൂമീകയാണ് യഥാർത്ഥത്തിൽ 90 മിനിട്ടിൽ ചിത്രം പ്രേക്ഷകന് മുന്നിലേക്ക് തുറന്നിടുന്നത്. അധികാരത്തിൻ്റെ കണക്കു പുസ്തകളിലൊന്നും ടോറിയും ലോകിതയും സഹോദരൻമാരല്ല. ഇതുവരെ തെളിയിക്കപ്പെടാത്ത; അല്ലെങ്കിൽ ഒരിക്കലും തെളിയിക്കപ്പെടാൻ കഴിയാത്ത രണ്ടു പേരുടെയും പരിശുദ്ധ സാഹോദര്യ ബന്ധത്തെയുമല്ല ടോറിയും ലോകിതയും അടയാളപ്പെടുത്തുന്നത്. താൻ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നതിന് കാരണക്കാരനായ ഒരേ ഒരുകാരണമാണ് ലോകിതക്ക് ടോറി.വർത്തമാനകാലത്തെ തനിക്ക് നേരിടാനും ഭാവിയെക്കുറിച്ച് സ്വപ്നം കാണാനും ഒരുതരം അഭയമാണ് ലോകിതക്ക്ടോറി.
പാബ്ലോ ഷിൽസ്, ജോലി എംബുണ്ടു എന്നീ അഭിനേതാക്കളിലൂടെ ദാർദൻ ബ്രദേഴ്സ് സൃഷ്ടിച്ചിരിക്കുന്ന ടോറി, ലോകിത എന്നീ കഥാപാത്രങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ പ്രവാസികളായ/ അഭയാർത്ഥികളായ കുടിയേറ്റക്കാരുടെ എല്ലാം പ്രതീകങ്ങളാണ്. അവർ നിശ്ശബ്ദരാക്കപ്പെടുകയും അവഗണിക്കപ്പെടുകയും മറയ്ക്കപ്പെടുകയും ചെയ്യുന്നവരാണ്. അത്തരത്തിൽ ഒരു പുതിയ ജീവിതം സ്വപ്നം കാണുന്ന അത്തരക്കാരെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചവരുടെ മനസിനെ ചിത്രം തീർച്ചയായും അസ്വസ്ഥരാക്കും.ചിത്രം കണ്ടിറങ്ങുന്നവരുടെ ഹൃദയത്തിൽ ഒരു മുറിപ്പാട് സൃഷ്ടിച്ചു കൊണ്ട് ചിത്രത്തിൽ നിന്നിറങ്ങി ടോറിയും ലോകിതയും അവരെ പിന്തുടരും; ഇങ്ങനെയും ചിലർ ഈ ലോകത്തിൽ; നമുക്കിടയിൽ ജീവിച്ചിരിക്കുന്നുണ്ട് എന്നോർമ്മപ്പെടുത്തിക്കൊണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here