2050ഓടെ കേരളം കാര്‍ബണ്‍ തൂലിത കൈവരിക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനം എന്ന ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും 2050 ഓടെ ഇത് കൈവരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കൃഷിവകുപ്പിന്റെ സ്റ്റേറ്റ് സീഡ് ഫാം ആയ ആലുവ ഫാമിനെ രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയിട്ടുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ ടൗണ്‍ ഹാളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് അദ്ദേഹം ആലുവ ഫാമിനെ കാര്‍ബണ്‍ ന്യൂട്രല്‍ ആയി ഫാം ആയി പ്രഖ്യാപിച്ചത്.

കഴിഞ്ഞവര്‍ഷം ഫാമില്‍ നിന്നും പുറന്തള്ളിയ കാര്‍ബണിന്റെ അളവ് 43 ടണ്‍ ആണ്. എന്നാല്‍ സംഭരിച്ചതാകട്ടെ 213 ടണ്ണും. പുറന്തള്ളിയ കാര്‍ബണ്‍ നേക്കാള്‍170 ടണ്‍ അധികം സംഭരിക്കാന്‍ കഴിഞ്ഞതിനാലാണ് ഫാമിനെ കാര്‍ബണ്‍ ന്യൂട്രല്‍ ആയി പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നാടിന്റെ ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്നും എന്നാല്‍ അതിനോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ കൂടി നാം ഗൗരവമായി കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കാര്‍ഷിക മേഖലയെയാണ്.

കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണം കാര്‍ബണ്‍ ബഹിര്‍ഗമനം ആണ്. കാലാവസ്ഥ വ്യതിയാനം മനുഷ്യജീവനു മാത്രമല്ല,ഭക്ഷ്യ സുരക്ഷയ്ക്കും ആരോഗ്യസുരക്ഷയ്ക്കും ഭീഷണിയാണ്. ആഗോളതലത്തില്‍ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന്റെ കണക്കെടുത്താല്‍ 30 ശതമാനം കാര്‍ഷിക മേഖലയില്‍ നിന്നാണെന്ന് മനസ്സിലാകും. എന്നാല്‍ നമ്മുടെ സംസ്ഥാനത്കാര്‍ഷിക മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ വെറും 3 ശതമാനം മാത്രമാണ്. ഇതും കൂടി പടിപടിയായി കുറയ്ക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആലുവ ഫാം കൂടാതെ മറ്റ് 13 ജില്ലകളിലും ഓരോ ഫാം വീതം ആദ്യഘട്ടത്തില്‍ കാര്‍ബണ്‍ തുലിത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ140 നിയോജക മണ്ഡലങ്ങളിലും ഓരോ കാര്‍ബണ്‍ ന്യൂട്രല്‍ മാതൃക തോട്ടങ്ങളും ഉടനെ തന്നെ ആരംഭിക്കുന്നതാണ്. എല്ലാം നിയോജക മണ്ഡലങ്ങളിലും ഇതോടൊപ്പം ഓരോ ഹരിത പോഷക ഗ്രാമങ്ങളും ഇതിന്റെ ഭാഗമായി ആരംഭിക്കും.

ആദിവാസി മേഖലകളില്‍ ഇത്തരം കൃഷിക്ക് പ്രത്യേകം വനിതാ കൂട്ടായ്മകള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിരപ്പിള്ളി ആദിവാസി മേഖലയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ അതിരപ്പിള്ളി പദ്ധതിക്കായി മൂന്ന് കോടി രൂപ ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ കാപ്പി പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

പരിസ്ഥിതി സൗഹൃദ ഇടപെടലുകള്‍ കാര്‍ഷിക മേഖലയില്‍ മാത്രം ഒതുക്കി നിര്‍ത്തുവാനല്ല സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റു മേഖലകളിലും ഇതേ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതാണ്. കാര്‍ബണ്‍ ബഹിര്‍ഗമന ത്തിന്റെ മറ്റൊരു പ്രധാന സ്രോതസ്സ് എന്ന് പറയുന്നത് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങളാണ്. 2018 ല്‍ തന്നെ സംസ്ഥാനത്ത് ഇലക്ട്രോണിക് വാഹന നയം രൂപീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ 25 ശതമാനം സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പദ്ധതി നിലവിലുണ്ട്. കേരള ഓട്ടോമൊബൈല്‍സ് വഴി ഇത്തരം വാഹനങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തൊന്നാകെ ഇലക്ട്രിക് വാഹന ചാര്‍ജിങ് ശൃംഖലകള്‍ രൂപീകരിക്കുവാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മരം നട്ടുപിടിപ്പിക്കുക എന്നത് മറ്റൊരു പ്രധാന പ്രവര്‍ത്തനമാണ്. ഇതിനായി ട്രീ ബാങ്കിംഗ് പദ്ധതി നടപ്പിലാക്കും.

കര്‍ഷകര്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചു കഴിഞ്ഞാല്‍ അവ മുറിച്ചുമാറ്റുന്ന സമയത്ത് വായ്പ തിരിച്ചടച്ചാല്‍ മതിയെന്ന് വ്യവസ്ഥയില്‍ ആയിരിക്കും ട്രീ ബാങ്കിംഗ് പദ്ധതി നടപ്പിലാക്കുക. അതുപോലെ തെരഞ്ഞെടുക്കപ്പെട്ട 50 ല്‍ കുറയാത്ത വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിച്ച് രണ്ട് വര്‍ഷം പരിപാലിക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് ലഭ്യമാക്കുന്നതിനും പദ്ധതി ആലോചിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ സോളാര്‍ ഫെറി ‘ആദിത്യ’ നീറ്റിലിറക്കി കഴിഞ്ഞു. നിലവില്‍ ഇത് അരലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട്. ഇതിലൂടെ 500 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാന്‍ ആയതായും മുഖ്യമന്ത്രി അറിയിച്ചു. 2026 ഓടെ 50% ഫെറി ബോട്ടുകളും സോളാര്‍ ബോട്ടുകള്‍ ആക്കുന്നതാണ്. കൂടാതെ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് പ്രത്യേക പ്രോത്സാഹനവും നല്‍കുന്നതാണ്. ഇതിനായി വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കുന്നതിനായി 15 കോടി രൂപ ഇതിനകം തന്നെ അനുവദിച്ചിട്ടുണ്ട്. ഊര്‍ജ്ജ സ്രോതസ്സുകളുടെ പുനരുപയോഗ സാധ്യതകള്‍ പഠനവിധേയമാക്കുന്നതിനും ഗവേഷണം നടത്തുന്നതിനും 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 2025 ഓടെ വൈദ്യുതി ആവശ്യത്തിന്റെ 40 ശതമാനം പുനരുപയോഗ സാധ്യതയുള്ള സ്രോതസ്സുകളില്‍ നിന്ന് ലഭ്യമാക്കാന്‍ ആണ് ലക്ഷ്യമിടുന്നത് . അടുത്തവര്‍ഷം മുതല്‍ പരിസ്ഥിതി ബജറ്റ് എന്ന പേരില്‍ ബജറ്റില്‍ പരിസ്ഥിതി ചിലവ് വരവ് കണക്ക് കൂടി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി വരും തലമുറയ്ക്കായി കരുതുന്ന ഇടപെടലുകള്‍ എല്ലാവരില്‍ നിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാരിസ്ഥിതിക ഉത്തരവാദിത്വം പ്രതിബദ്ധതയോടെ ഏറ്റെടുക്കുവാന്‍ എല്ലാവരും തയ്യാറാകേണ്ടതുണ്ട്. പരിസ്ഥിതി സന്തുലിത നവകേരളം എന്ന ലക്ഷ്യത്തിനായി ഉള്ള ഒരു ചുവടുവെപ്പായി ആലുവ ഫാമിന്റെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രഖ്യാപനം മാറട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ലോകമാകെ ദുരന്തം വിതക്കുമ്പോഴാണ് കേരളം ലോകത്തിന് ആകെ മാതൃകയാവുന്ന തരത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി സമ്പ്രദായം നടപ്പാക്കുന്നത്. അന്താരാഷ്ട്ര ഉച്ചകോടികളില്‍ വന്‍കിട രാജ്യങ്ങള്‍ കാര്‍ബണ്‍ ന്യൂട്രലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ കൊച്ചുകേരളം കാര്‍ബണ്‍ തൂലിതയിലേക്ക് ചുവടുവെയ്ക്കുകയാണ്. ഭാവിതലമുറയുടെ നിലനില്‍പ്പിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമായതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിലപാടെടുത്തത്. ഇതിന്റെ ചുവട്പിടിച്ചു കൃഷി വകുപ്പിന് കീഴിലുള്ള 13 ഫാമുകള്‍ കൂടി കാര്‍ബണ്‍ ന്യൂട്രലാക്കി മാറ്റുമെന്നും യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചുകൊണ്ട്കൃഷിമന്ത്രി പറഞ്ഞു.
മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 11 വകുപ്പുകള്‍ സംയോജിപ്പിച്ച് വാം ( Value added agri. mission) പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയെന്നും, ഇതിലൂടെ കര്‍ഷകരുടെ വരുമാനത്തില്‍ 50% വര്‍ദ്ധനവ് ഉണ്ടാക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃഷിമന്ത്രി പറഞ്ഞു.

കേരള മാതൃകയുടെ പുതിയ തലമാണ് മുഖ്യമന്ത്രി ഇന്നു പ്രഖ്യാപിച്ച കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി രീതി .ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം കാണാന്‍ ഇന്ത്യയില്‍ നിന്നും ,രാജ്യാന്തര തലത്തില്‍ നിന്നുമുളള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തവെ നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു .കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കായി വയനാടിനെ പ്രഖ്യാപിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളുമായി വ്യവസായ വകുപ്പ് മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു

ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകനായ മേനാച്ചേരി ഔസേപ്പിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. യോഗത്തിന് കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് ഐ.എ എസ് സ്വാഗതം പറഞ്ഞു .കാര്‍ബണ്‍ ന്യൂട്രല്‍ ഫാം – നാള്‍വഴികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഇഷിത റോയ് ഐ.എ എസ് അവതരിപ്പിച്ചു.
ചാലക്കുടി എം.പി.ബെന്നി ബെഹനാന്‍. അലുവ എം എല്‍ എ അന്‍വര്‍ സാദത്ത് രാജ്യസഭ എം പി. ജെബി മേത്തര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഫാമിന്റെ വികസന കാഴ്ചപ്പാട് അവതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. ജില്ലാ കളകടര്‍ രേണു രാജ് ഐ എസ് ,ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍ ,പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ് ,ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദാലിപ്രൈസസ്സ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍ ,കൃഷി ഡയറക്ടര്‍i/c ജോര്‍ജ്ജ് അലക്‌സാണ്ടര്‍ ,കൃഷി അഡീഷല്‍ ഡയറക്ടര്‍ വീണാ റാണി ആര്‍ ,പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ് എ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍ ,ഫാം കൃഷി അസി.ഡയറക്ടര്‍ ലിസിമോള്‍ ജെ വടക്കൂട്ട് എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here