ജനകീയ പ്രക്ഷോഭത്തിന് പിന്തുണ; ഖൊമേനിയുടെ അനന്തരവള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇറാൻ

ഇറാനില്‍ ശക്തിപ്രാപിക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച ഇറാന്‍ പരമോന്നത നേതാവ് അലി ഖൊമേനിയുടെ അനന്തരവള്‍ക്ക് ശിക്ഷ വിധിച്ച് ഇറാന്‍ ഭരണകൂടം. ഖൊമേനിയുടെ മാതൃസഹോദരീ പുത്രി ഫരിദാ മൊറാദ്ഖനിക്കാണ് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ ശക്തമായ വിമര്‍ശകയായി അറിയപ്പെടുന്ന വനിതയാണ് ഫരീദ മൊറദ്ഖനി. രാജ്യത്തുടനീളം നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച ഫരീദയെ നവംബറിലാണ് ഇറാന്‍ സൈന്യം അറസ്റ്റുചെയ്തത്.

ഇറാന്‍ ഭരണകൂടവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഫരീദ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടതായി അഭിഭാഷകന്‍ മുഹമ്മദ് ഹുസൈന്‍ അഗാസി ട്വിറ്ററില്‍ കുറിച്ചു. മുന്‍പ് ഫരീദയെ പതിനഞ്ചുവര്‍ഷത്തെ തടവിന് ഇറാന്‍ കോടതി വിധിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ ശിക്ഷയില്‍ ഇളവ് ലഭിച്ചുവെന്നും അഗാസി അറിയിച്ചു. ഫരീദയെ 2008ലും ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു.

ഫരീദയെ വിചാരണ നടത്തിയത് ഇറാനിലെ പ്രത്യേക മത കോടതിയാണ്. ഇറാന്‍ പരമോന്നത നേതാവിന് കീഴില്‍ നേരിട്ട് വരുന്ന സംവിധാനമാണിത്. നീതിന്യായ കോടതിക്ക് ഫരീദയുടെ പുതിയ കേസില്‍ ഇടപെടാനാകില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ഫരീദക്ക് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാന്‍ അഭിഭാഷകന്‍ തയ്യാറായില്ല. ഇറാന്‍ അധികൃതരും ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായില്ലെന്ന് അഗാസി ചൂണ്ടിക്കാട്ടി.

അലി ഖൊമേനിയുടെ സഹോദരി ബദ്രി ഹുസൈനി ഖൊമേനി തന്റെ സഹോദരന്റെ ഭരണത്തിനെതിരായി എതിര്‍പ്പ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഫ്രാന്‍സില്‍ താമസിക്കുന്ന മകന്‍ പങ്കുവെച്ച കത്തിലാണ് അവര്‍ തന്റെ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ സൈന്യം എത്രയും വേഗം ആയുധങ്ങള്‍ താഴെയിട്ട് പ്രക്ഷോഭം നടത്തുന്ന ജനങ്ങളോടൊപ്പം ചേരണമെന്ന് പരമോന്നത നേതാവിന്റെ സഹോദരി ആഹ്വാനം ചെയ്തു.

‘എന്റെ മനുഷ്യത്വപരമായ കടമയെന്ന നിലയില്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഞാന്‍ ജനങ്ങളുടെ ശബ്ദം എന്റെ സഹോദരന്‍ അലി ഖൊമേനിയുടെ ചെവിയില്‍ കൊണ്ടുവന്നു. എങ്കിലും അദ്ദേഹം കേട്ടില്ല. നിരപരാധികളെ അടിച്ചമര്‍ത്തുന്നതിലും കൊല്ലുന്നതും തുടരുന്നത് ഞാന്‍ കണ്ടതോടെ, ഞാന്‍ അവനുമായുള്ള ബന്ധം വിച്ഛേദിച്ചു,’ എന്ന് ബദ്രി ഹുസൈനി ഖൊമേനി കൂട്ടിച്ചേര്‍ത്തു.

ഹിജാബ് വേണ്ടവിധത്തില്‍ ധരിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റുചെയ്ത കുര്‍ദിഷ് യുവതി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. മഹ്‌സ അമിനി എന്ന 22കാരിയെ ടെഹ്‌റാനില്‍ സദാചാര പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നാലെ യുവതി മരിക്കുകയുമായിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ ഇറാനിലുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ‘ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സി’ന്റെ കണക്കനുസരിച്ച് 63 കുട്ടികളും 29 സ്ത്രീകളും ഉള്‍പ്പെടെ 458 പേര്‍ പ്രതിഷേധത്തില്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News