ശബരിമല തീർത്ഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

ശബരിമല തീർത്ഥാടന വാഹനങ്ങളുടെ തിരക്കേറിയതോടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. തീർത്ഥാടന കാലത്ത് റോഡപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നത്.

തീർത്ഥാടന കാലത്ത് റോഡപകടങ്ങൾ വർദ്ധിക്കുന്ന മുൻവർഷങ്ങളിലെ സാഹചര്യം പരിഗണിച്ച് കടുത്ത ജാഗ്രതയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗംഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലാ ആർടിഒമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ പുരോഗമിക്കുന്നുണ്ട്.
അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം ദിനം പ്രതി നിരവധി വാഹനങ്ങളാണ് ഓരോ ജില്ലയിലൂടെയും കടന്നുപോകുന്നത്. ഇവയുടെ സുരക്ഷ ഉറപ്പ് വരുത്താൻ രാപ്പകൽ ഭേദമന്യെ ഉദ്യോഗസ്ഥർ കർമ്മരംഗത്തുണ്ട്.

മലപ്പുറം ജില്ലാ ആർടിഒ സി വി എം ഷരീഫിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ .ദേശീയപാതയിൽ ഇടിമുഴക്കൽ മുതൽ ചങ്ങരംകുളം വരെയും, ദേശീയപാത നവീകരണം നടക്കുന്ന സഹചര്യത്തിൽ ഏറെ തിരക്കേറിയ തീരദേശ ഹൈവേയിലും അനധികൃത പാർക്കിങ്ങും അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ പാർക്കിങ്ങും ഒഴിവാക്കിയിട്ടുണ്ട്.

എൻഫോഴ്സ്മെന്റ് എം വി ഐ പി കെ മുഹമ്മദ് ഷഫീഖ് , എ എം വി ഐമാരായ കെ ആർ ഹരിലാൽ, പി ബോണി എന്നിവരുടെ നേതൃത്വത്തിൽ ലൈറ്റുകളുടെ അമിത ഉപയോഗത്തിനെതിരെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നട തുടങ്ങി വിവിധ ഭാഷകളിലുള്ള റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളും ഉദ്യോഗസ്ഥർ തീർത്ഥാടകർക്ക് വിതരണം ചെയ്തു ബോധവൽക്കരണം നടത്തുന്നുണ്ട്.ദിവസേന മിനി പമ്പയിലെത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും മോട്ടോർ വാഹന വകുപ്പ് നൽകിവരുന്നു . മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾക്ക് നന്ദി അറിയിച്ചാണ് തീർത്ഥാടകർ യാത്രയാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here