കഠിനമായ വയറുവേദന; നാല് വയസുകാരിയുടെ വയറ്റില്‍ 61 മാഗ്നെറ്റിക് മുത്തുകള്‍ കണ്ടെത്തി, പിന്നാലെ ശസ്ത്രക്രിയ

നാല് വയസുകാരിയുടെ വയറ്റില്‍ നിന്നും 61 മാഗ്നെറ്റിക് മുത്തുകള്‍ പുറത്തെടുത്ത് ഡോക്ടര്‍മാര്‍. ചൈനയിലെ ഹാന്‍സൗ പ്രവിശ്യയിലാണ് സംഭവം.ഇടവിട്ടെത്തുന്ന അതികഠിനമായ വയറുവേദനയെ തുടര്‍ന്നാണ് മാതാപിതാക്കൾ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

തുടര്‍ന്ന് നടത്തിയ എക്‌സ് റേ പരിശോധനയിലാണ് വയറ്റില്‍ മുത്തുകള്‍ കണ്ടെത്തുന്നത്. ഒരു സോയബീനോളം വലിപ്പമുള്ള മുത്തുകളായിരുന്നു ഇതെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉടന്‍ തന്നെ ശസ്ത്രക്രിയക്കുള്ള നടപടികള്‍ ഡോക്ടര്‍മാര്‍ ആരംഭിച്ചു. 61 മുത്തുകളും കാന്തമുള്ളതായിരുന്നതിനാല്‍ ഇവയെല്ലാം വയറിനുള്ളില്‍ പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.

ഇത് വയറ്റിലെ പല ഭാഗത്തായി ഗാസ്‌ട്രോഇന്‍ഡന്‍സ്‌റ്റൈല്‍ പെര്‍ഫൊറേഷന് കാരണമായതായി ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയക്കിടയില്‍ 14 തുളകളാണ് കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയത്.

വയറിലെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആന്തരികാവയങ്ങളില്‍ തുളകള്‍ രൂപപ്പെടുന്ന രോഗാവസ്ഥയാണ് ജി.പി. വന്‍കുടലിലോ ചെറുകുടലിലോ ഇവ രൂപപ്പെടാറുണ്ട്.

അപ്പന്‍ഡിക്‌സ് രോഗികള്‍, കത്തികൊണ്ടോ വെടിയേറ്റോ വയറില്‍ ഗുരുതരമായ പരിക്കേല്‍ക്കുന്നവര്‍ എന്നിവരിലാണ് കൂടുതലായി ഇത് കണ്ടുവരാറുള്ളത്. മറ്റ് ചില രോഗാവസ്ഥകളും ഇത്തരത്തില്‍ തുളകള്‍ രൂപപ്പെടുന്നതിന് കാരണമാകാറുണ്ട്. അടിയന്തരമായി ചികിത്സ തേടേണ്ട രോഗാവസ്ഥയാണിത്.

അതേസമയം, നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ കുട്ടിയുടെ വയറ്റില്‍ നിന്നും മുത്തുകളെല്ലാം നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ജി.പിക്കുള്ള ചികിത്സങ്ങളും ഉടനടി തന്നെ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും പൂര്‍ണമായും രോഗമുക്തി നേടിയിട്ടില്ല. ഭാവിയില്‍ കുടല്‍ സംബന്ധമായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ മുത്തുകള്‍ കോര്‍ത്ത മാല കുട്ടി വിഴുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News