ഐഫ്എഫ്കെയുടെ നഷ്ടനായകൻ; ഒപ്പം മലയാളികളുടേയും

ഡിസംബർ മാസം മലയാളികളുടെ സിനിമാ മാസം. ലോക സിനിമയിലെ ഇന്ദ്രജാലങ്ങൾ മലയാള സിനിമാപ്രേമികളെ ത്രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഐഎഫ്എഫ്കെയുടെ കാലം. ചലച്ചിത്ര പ്രേമികളെ സംബന്ധിച്ച് കാഴ്ച്ചകളുടെ വസന്തം തീർക്കുന്ന നേട്ടങ്ങളുടെ മാസമാകുമ്പോൾ അത് ചലച്ചിത്രമേളയുടെ ഏറ്റവും വലിയ നഷ്ടത്തെയും അടയാളപ്പെടുത്തുന്നു. ധനുമാസത്തിലെ കുളിരിനൊപ്പം മലയാളിയുടെ മനസിനെ ചൂടുപിടിപ്പിച്ചു കൊണ്ട് അയാളെ മലയാളി ചലച്ചിത്രാസ്വാദകർ പരിചയപ്പെടുന്നത് 2005ലെ ഡിസംബർ മാസത്തിലാണ്. ആദ്യ ആ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു.തുടർന്നുള്ള അയാളുടെ ഓരോ ചിത്രത്തിനും തീയേറ്ററുകൾക്ക് മുന്നിൽ ജനങ്ങളുടെ തിക്കും തിരക്കും വർദ്ധിച്ചു.

ആദ്യ കാഴ്ച്ചയിൽ തന്നെ അയാളുടെ ചിത്രങ്ങൾ വന്നു, കണ്ടു, കീഴടക്കി എന്ന പോലെ മലയാളികൾ ഏറ്റെടുത്തു.’ക്രോക്കഡൈലും’വൈല്‍ഡ് ആനിമല്‍സും’ ‘ബേഡ്കേജ് ഇന്നും’ ‘അഡ്രസ് അണ്‍നോണും’ ‘കോസ്റ്റ് ഗാഡും’ വിഖ്യാതമായ ‘സ്പ്രിംഗ് സമ്മറു’മെല്ലാം മലയാള സിനിമ പ്രേമികളുടെ മനസിൽ കാഴ്ച്ചയുടെ വസന്തം സൃഷ്ടിച്ചു കൊണ്ട് അവരെ അത്ഭുതപ്പെടുത്തി.അതുവരെയുള്ള അയാളുടെ പ്രധാന വര്‍ക്കുകള്‍ അടങ്ങിയ റെട്രോസ്‍പെക്ടീവായിരുന്നു ആ മേളയെ ഏറ്റവും ജനകീയമാക്കിയത്.തുടർന്ന് മറ്റൊരു വിദേശ സ്വദേശ സംവിധായകന് / സംവിധായികക്കോ അതിന് മുമ്പോ ശേഷമോ ഇതുവരെ നൽകാത്ത സ്വീകാര്യത അയാൾക്ക് മലയാളികൾ നൽകി.

അയാൾ തൻ്റെ സിനിമകളിലൂടെ നൽകിയ ഓർമ്മകളുടെ കുളിരിൽ പിന്നീടുള്ള ഓരോ ഐഎഫ്എഫ്കെയുടെയും അരങ്ങുണരുമ്പോൾ ഉയരുന്ന ആദ്യ ചോദ്യം ഇത്തവണ അയാളുടെ പടമില്ലേ?എന്നതായി മാറി. പിന്നിടുള്ള ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച അയാളുടെ ഓരോ സിനിമകൾക്കും പ്രദർശനശാലകൾക്ക് മുന്നിൽ കാത്ത് നിൽക്കുന്ന നീണ്ട നിരകളും തിക്കും തിരക്കുകളും തന്നെ തന്നെയുണ്ടായി.


ആരാധകർക്ക് ഇരട്ടി മധുരം സമ്മാനിച്ചുകൊണ്ട് 2013ലെ ചലച്ചിത്രമേളയിൽ ‘മോബിയസ് ‘ എന്ന സിനിമയുമായി സ്വന്തം നാട്ടിലേക്കാളേറെ ആരാധകരുള്ള കൊച്ചു കേരളത്തിൻ്റെ ചലച്ചിത്രമേളയിലേക്ക് ആ മനുഷ്യൻ നേരിട്ട് എത്തി.അതിന് ശേഷം മലയാളികൾ വീണ്ടും ആദ്യം ചോദിക്കുന്ന ചോദ്യത്തിൽ ഒരു ഭേദഗതി വരുത്തി. അവർ ഇത്തവണ അയാൾ
വരില്ലേ എന്ന രീതിയിൽ ആ ചോദ്യത്തെ തിരുത്തി ചോദിക്കാൻ തുടങ്ങി. കാലത്തിൻ്റെയും ദേശത്തിൻ്റെയും ഭാഷയുടേയും എല്ലാം അതിർവരമ്പുകൾ ലംഘിച്ച അയാളുടെ സിനിമകൾ സിനിമാപ്രേക്ഷകരുടെ സംവേദന തലത്തെ സ്വാധീനിക്കാൻ ശേഷിയുള്ളതായിമാറി.ചലച്ചിത്ര പ്രേമികൾക്കിടയിൽ അയാൾക്ക് അനൗദ്യോഗിക ഫാൻസ് അസോസിയേഷൻ വരെയുണ്ടായി. രാജ്യാന്തര ചലച്ചിത്രമേളയിൽ ഒരു സംവിധായകനും നൽകാത്ത സിംഹാസനം മലയാളി പ്രേഷകർ അദ്ദേഹത്തിന് നൽകി. തിരിച്ചും മലയാളനാടും അതിൻ്റെ സ്വന്തം ചലച്ചിത്രമേളയും അയാൾക്കും പ്രീയപ്പെട്ടതായി മാറി.

നാല് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ നാടിനെ ദുരന്തത്തിലും ദു:ഖത്തിലാഴ്ത്തി 2018ൽ പ്രളയം നമ്മുടെ നാടിനെ വിഴുങ്ങിയപ്പോൾ അന്ന് ചലച്ചിത്രമേള തന്നെ ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തകർന്ന് നിൽക്കുന്ന ഒരു സമൂഹത്തിൻ്റെ അതിജീവന മാർഗ്ഗങ്ങളാണ് ചലച്ചിത്രങ്ങളും ചലച്ചിത്രമേളകളും എന്ന് നമ്മുടെ സർക്കാരിനെ ഓർമ്മിപ്പിച്ച് കൊണ്ട് “അരുത്” എന്ന് പറയാൻ ആദ്യം ഉണ്ടായിരുന്നതും അയാളാണ്. ചലച്ചിത്രമേള ഒഴിവാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം അന്ന് നമ്മുടെ സർക്കാരിന് കത്തെഴുതി.

ഒടുവിൽ 2020 തണുപ്പുള്ള ഡിസംബർ മാസം 11 ന് അയാൾ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞു. ഒരു പക്ഷേ യാദൃശ്ചികതയാകാം കൊവിഡ് സാഹചര്യം കാരണം ആ വർഷം ഡിസംബറിൽ മേള നടന്നില്ല; അടുത്ത വർഷം ഫെബ്രുവരിയിലേക്ക് മേള മാറ്റിവെക്കപ്പെട്ടു. ഒരു പക്ഷേ അയാളുടെ വിയോഗത്തിൽ വിതുമ്പി നിൽക്കുന്ന ഡിസംബറിൽ അത് വേണ്ട എന്നത് നിയതിയുടെ നിയോഗമായിരിക്കാം.

നാലു വർഷങ്ങൾക്കിപ്പുറം 2022 ൽ നടക്കുന്ന ഇരുപത്തിയേഴാം മേളയിലും അയാളുടെ അവസാന ചിത്രം ‘കാള്‍ ഓഫ് ഗോഡ് ‘മലയാള ചലച്ചിത്ര ആസ്വാദകരോട് സംവദിക്കും. അപ്രതീക്ഷിതമായി സംഭവിച്ച വിയോഗത്തിന് ശേഷം അയാളുടെ സുഹൃത്തുക്കൾ പൂർത്തിയാക്കിയ ആ ചിത്രത്തിൻ്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് ഇത്തവണ ഐഎഫ്എഫ്കെയിലേത്. തങ്ങളുടെ പ്രീയപ്പെട്ടവൻ്റെ അവസാന ചിത്രവും അവൻ ഈ ലോകത്തിലില്ലെങ്കിലും അയാളുടെ ആരാധകർ അവിസ്മരണീയമാക്കും എന്നത് തീർച്ചയാണ്.

ഇത് വരെ പേര് പറഞ്ഞ് വിശേഷിക്കേണ്ട ആവശ്യമില്ലാത്ത; മലയാളികൾക്ക് ഒരു ഔപചാരിക പരിചയപ്പെടുത്തലുകളുടേയും ആവശ്യമില്ലാത്ത;
ഏറ്റവും മാസ്മരികമായും അപകടകരമായും ചിന്തിച്ചിരുന്ന സംവിധായകൻ കിം കി ഡൂക്കിൻ്റെ ഓർമ്മ ദിവസത്തിലൂടെ ഇന്ന് ഇരുപത്തിയേഴാം അന്താരാഷ്ട്ര ചലച്ചിത്രമേള കടന്നു പോകുന്നത്.കിം ഇനി ഈ വഴിയേ വരില്ല എന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ മാത്രമാണ് ബാക്കിയെന്നും എന്ന തിരിച്ചറിവിലും അയാൾ തൻ്റെ സിനിമകളിലൂടെ ഇപ്പോഴും നമ്മുടെ കൂടെ ജീവിക്കുകയും സംവദിക്കുകയും ചെയ്യുന്നു. ഐഫ് എഫ് കെയെ സ്നേഹിക്കുന്ന സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരുടേയും മനസ്സിൽ ഡിസംബറിൻ്റെ നഷ്ടനായകനായി; കൊറിയക്കാരനായ മലയാളിയായി കിം കി ഡ്യൂക്ക് ഇപ്പോഴും ജീവിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News