ശ്രുതിഭംഗങ്ങളുടെ ഡിസംബര്‍ 11; ഇന്ത്യന്‍ സംഗീതത്തിന്‍റെ തീരാനഷ്ടങ്ങളുടെ ഓര്‍മ്മ ദിനം

എന്‍ പി വൈഷ്ണവ്

പ്രിയപ്പെട്ട എംഎസ്… കാലാതീതയായി ഞങ്ങളുടെ മനസ്സുകളില്‍ വാഴുക, പാട്ടിന്റെ തേന്‍മഴ തീര്‍ക്കുക… ഉണര്‍ത്തുപാട്ടുപാടി ഒരു ജനതയെ ഉണര്‍ത്തിയ എംഎസ് സുബ്ബുലക്ഷ്മിയുടെ ഓര്‍മ്മകള്‍ക്ക് പതിനെട്ട് വയസ്സ്. സ്വതന്ത്രമായി ചിന്തിച്ച്, ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട കരുത്തുറ്റ സ്ത്രീ കലാസൃഷ്ടിയായി ഈ രാജ്യത്തിന്റെ ജീവിതത്തിലാകെ നിറഞ്ഞു നില്‍ക്കുന്നു. വാക്കുകള്‍ക്കൊണ്ട് അടയാളപ്പെടുത്താന്‍ കഴിയാതെ രാജ്യം വണങ്ങിയ ഈ മഹാപ്രതിഭയുടെ നഷ്ടം ആസ്വാദക ലോകത്തിനേറ്റ വലിയ വിടവായിരുന്നു.

സുബ്ബുലക്ഷ്മി അരങ്ങുവാണത് ആണ്‍മേല്‍ക്കൊയ്മ അടയാളപ്പെട്ടിരുന്ന കാലത്താണ്. പുരുഷാധിപത്യത്തെ ചോദ്യംചെയ്യുന്നതിനോടൊപ്പം യാഥാസ്ഥിക സ്ത്രീസമീപനങ്ങളെ വിമര്‍ശനാപരമായി സമീപിക്കാനും എംഎസ് ശ്രമിച്ചിരുന്നു. ഗാന്ധിജിക്കേറെ പ്രിയമുള്ള കീര്‍ത്തനം അദ്ദേഹത്തിന്റെ മുന്നിലിരുന്ന് ആലപിക്കാന്‍ അവസരം ലഭിച്ചിട്ടും ചെയ്യാന്‍ കഴിയാതെ പോയതാകണം എംഎസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖങ്ങളിലൊന്ന്. ശാരീരിക ബുദ്ധിമുട്ട് കാരണം വരികള്‍ പറഞ്ഞാല്‍ മതിയെന്ന് ഗാന്ധിജി പറഞ്ഞു. എംഎസ് പറഞ്ഞാലും അതില്‍ സംഗീതം അലയടിക്കുമെന്ന് പറഞ്ഞ് ഗാന്ധിജി വരികള്‍ക്ക് അഭിനന്ദനം നല്‍കുകയും ചെയ്തു. എന്നാല്‍ ഇതേ ഗാനം പിന്നീട് ആകാശവാണിക്കു വേണ്ടി എംഎസ് പാടി അതിന്റെ കോപ്പി ഗാന്ധിജിക്ക് എത്തിച്ച് കൊടൂത്തു അദ്ദേഹം അതുകേട്ടു അഭിപ്രായം പറഞ്ഞ ശേഷമാണ് സുബ്ബുലക്ഷ്മിക്ക് ആശ്വാസമായത്.

‘ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുടെ കലവറ’ എന്നാണ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്.
‘വൃന്ദാവനത്തിലെ തുളസി’ എന്നായിരുന്നു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അവരെ സംബോധന ചെയ്തത്. വാക്കുകള്‍ക്കതീതമായതുകൊണ്ടാവണം ജവര്‍ലാല്‍ നെഹ്്‌റു ഈ മഹാപ്രതിഭയെ വണങ്ങുകയുണ്ടായി. പത്മഭൂഷണ്‍ (1954), പത്മവിഭൂഷണ്‍ (1975), കാളിദാസ് സമ്മാന്‍ (1988), രമണ്‍ മഗ്സസെ അവാര്‍ഡ് (1974) എന്നിവയ്ക്ക് എംഎസ് അര്‍ഹതയായി. 1982-ല്‍ ലണ്ടനിലെ ഇന്ത്യാ ഫെസ്റ്റിവെലില്‍ ഉദ്ഘാടന കച്ചേരി നടത്തി, ടോക്കിയോ, ബാങ്കോക്ക്, ഹോങ്കോംഗ്, മനില, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലും സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എഡിന്‍ബര്‍ഗ് ഫെസ്റ്റിവലിലും (1963) ഐക്യരാഷ്ട്രസഭയിലും (1966) അവര്‍ പാശ്ചാത്യര്‍ക്ക് കര്‍ണാടക സംഗീതം പരിചയപ്പെടുത്തി. 1998-ല്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി ആദരിച്ചു.

പ്രണയത്തിന്‍ തോഴന് ഓര്‍മ്മപ്പൂക്കള്‍

ഓരോ കടവിലും എനിക്ക് ഒരു പ്രണയിനി കാത്തുനില്‍പ്പുണ്ടായിരുന്നു, ചിലപ്പോള്‍ ഒന്നില്‍ക്കൂടുതലും…….സംഗീതത്തോളംതന്നെ പ്രണയവും മനസ്സില്‍ കോരിനിറച്ചുനടന്ന പണ്ഡിറ്റ് രവിശങ്കറിന്റെ ഓര്‍മ്മകളില്‍ ജനത. ലോകം മുഴുവന്‍ സംഗീതസുഖം പകരാനെത്തിയ ഈ സ്‌നേഹ ദീപത്തിന്റെ വെളിച്ചം ആസ്വാദകസമൂഹത്തിനു നല്‍കിയ ആനന്ദം ചെറുതൊന്നും അല്ല. പാശ്ചാത്യസംഗീതത്തെ ഇന്ത്യന്‍ സംഗീതവുമായി കൂട്ടിയിണക്കി ഫ്യൂഷന്‍സംഗീതത്തിന് തുടക്കമിട്ട് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പണ്ഡിറ്റ് രവിശങ്കറിന്റെ ഓര്‍മ്മകള്‍ ഈ ഡിസംബറില്‍ അലയടിക്കുന്നു. ഡല്‍ഹിയില്‍ നാഷണല്‍ ഓര്‍ക്കസ്ട്ര രൂപീകരിക്കാന്‍് മുന്നിട്ടിറങ്ങിയത് രവിശങ്കറാണ്.

ഇന്ത്യന്‍ സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച പഥേര്‍പാഞ്ചാലിക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ഇദ്ദേഹമായിരുന്നു. 1986 മുതല്‍ 1992വരെ രാജ്യസഭാംഗമായി. പദ്മഭൂഷന്‍, പദ്മവിഭൂഷന്‍, 1975ല്‍ മ്യൂസിക് കൗണ്‍സില്‍ ഒഫ് യുനെസ്‌കോ പുരസ്‌കാരം മാഗ്‌സസെ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. 1985-ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സില്‍ നിന്ന് അദ്ദേഹം ഡോക്ടറേറ്റ് നേടി. ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി 1999-ല്‍ രാജ്യം അദ്ദേഹത്തെ ആദരിച്ചു. മൂന്ന് തവണ ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അപുര്‍സന്‍സാര്‍, കൂബൂളിവാല, നീചാ നഗര്‍, ധര്‍ത്തി കേ ലാല്‍, അനുരാധ, ഗോധാന്‍, മീര, ഗാന്ധി സംഗീത സംവിധാനം നിര്‍വഹിച്ച മറ്റു ചിത്രങ്ങള്‍ ഇവയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News