സുധാകരനെതിരെ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ രൂക്ഷ വിമശനം

കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരനെതിരെ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ ശക്തമായ വിമർശനം.സുധാകരൻ്റെ ആർ എസ് എസ് അനുകൂല പരാമർശങ്ങളിൽ നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി.ശശി തരൂർ വിഷയത്തിൽ വി ഡി സതീശൻ്റെ നിലപാടിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു.അതേ സമയം തരൂരിനെ വിമർശിച്ച് പ്രശ്നം കൂടുതൽ വഷളാക്കരുതെന്ന് രാഷ്ട്രീയ കാര്യ സമിതിയിൽ ധാരണയായി.

അഞ്ച്  മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം കൊച്ചിയില്‍ ചേര്‍ന്നത്.കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം.ശശിതരൂരിന്‍റെ കേരളപര്യടനത്തെത്തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറികളും വിവാദങ്ങളുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.തരൂരിനെ വിലക്കുന്നത് ശരിയല്ലെന്ന നിലപാടാണ് കെ മുളീധരനും പി  ജെ കുര്യനും മറ്റ് എ ഗ്രൂപ്പ് നേതാക്കളും യോഗത്തില്‍ സ്വീകരിച്ചത്.

എന്നാല്‍ വി ഡി സതീശന്‍ ഈ നിലപാടിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.തരൂരിനെച്ചൊല്ലിയുള്ള പ്രശ്നങ്ങള്‍ മുന്നണിയെ ഒന്നാകെ ബാധിക്കുന്നുവെന്ന മുസ്ലീംലീഗിന്‍റെ വിമര്‍ശനത്തെ മുന്‍ നിര്‍ത്തി തല്‍ക്കാലം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ പൊതുവായ ആവശ്യമുയര്‍ന്നു.

അതേ സമയം ഏകീകൃത സിവില്‍ നിയമത്തില്‍ കോണ്‍ഗ്രസ്സ് കൈക്കൊണ്ട നിലപാടും ഗവര്‍ണര്‍ വിഷയത്തിലെ നിലപാടില്ലായ്മയും ചൂണ്ടിക്കാട്ടിയുള്ള ലീഗ് വിമര്‍ശനവും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്തു.ഈ വിഷയങ്ങളില്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.പാര്‍ട്ടിയില്‍ ആര്‍ക്കും എവിടെയും വിലക്കില്ലെന്നായിരുന്നു യോഗത്തിനു ശേഷം കെ മുരളീധരന്‍ പ്രതികരിച്ചത്.

എന്നാൽ  ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രന്‍,വി എം സുധീരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഉമ്മന്‍ ചാണ്ടി ആരോഗ്യകാരണങ്ങളാലും രമേശ് ചെന്നിത്തല സ്ഥലത്തില്ലാത്തതിനാലുമാണ് പങ്കെടുക്കാതിരുന്നതെന്നാണ് വിശദീകണം.എന്നാല്‍ നേതൃത്വത്തോടുള്ള അതൃപ്തിയെത്തുടര്‍ന്ന് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നിലപാട് മുല്ലപ്പള്ളിയും സുധീരനും തുടരുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News