ഐഎസ്എല്ലില്‍ മിന്നും വിജയം നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി അഞ്ചാം പോരാട്ടവും വിജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ് മിന്നും ജയം സ്വന്തമാക്കി. ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിക്കുന്നത്.

മാര്‍ക്കോ ലെസ്‌കോവിച്, ദിമിത്രിയോസ് ഡയമന്റക്കോസ്, അപ്പോസ്തൊലോസ് ജിയാനു എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. ബംഗളൂരുവിനായി സുനില്‍ ഛേത്രി, ജാവിയര്‍ ഹെര്‍ണാണ്ടസ് എന്നിവരാണ് ഗോള്‍ നേടിയത്.

മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സാണ് ആധിപത്യം പുലര്‍ത്തിയത്. ആദ്യം ഗോളടിച്ചത് പക്ഷേ ബംഗളൂരുവായിരുന്നു. 14ാം മിനിറ്റില്‍ പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ സുനില്‍ ഛേത്രിയെ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി. പെനാല്‍റ്റി വലയിലെത്തിച്ച് ഛേത്രി ബംഗളൂരുവിന് ലീഡ് സമ്മാനിച്ചു.

25ാം മിനിറ്റില്‍ മാര്‍ക്കോ ലെസ്‌കോവിചിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കി. അഡ്രിയാന്‍ ലൂണയെടുത്ത ഫ്രീ കിക്ക് പോസ്റ്റിലിടിച്ച് സന്ദീപ് സിങ്ങിലേക്ക്. പിന്നാലെ സന്ദീപ് ബോക്സിലേക്ക് നീട്ടിയ പന്ത് ബംഗളൂരു ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലെസ്‌കോവിച് വലയിലെത്തിക്കുകയായിരുന്നു. 43ാം മിനിറ്റില്‍ ഡയമന്റക്കോസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡും സ്വന്തമാക്കി. ബോക്സിന്റെ ഇടത് ഭാഗത്തു നിന്ന് ലൂണ ക്രോസ് ചെയ്ത പന്ത് ഡയമന്റക്കോസ് വലയിലാക്കി.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ നടത്തി. 70ാം മിനിറ്റില്‍ അപ്പോസ്തൊലോസ് ജിയാനുവിലൂടെ മൂന്നാം ഗോളും വന്നു. പന്തുമായി മുന്നേറി ദിമിത്രിയോസ് നല്‍കിയ പാസ് ജിയാനു സുരക്ഷിതമായി വലയിലാക്കി.

81ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ബംഗളൂരു രണ്ടാം ഗോള്‍ നേടി തോല്‍വി ഭാരം കുറച്ചു. ബ്ലാസ്റ്റേഴ്സ് താരം ക്ലിയര്‍ ചെയ്ത പന്ത് ബോക്സിന് പുറത്തു വച്ച് ഉഗ്രന്‍ വോളിയിലൂടെ ഹെര്‍ണാണ്ടസ് വലയിലാക്കി. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News