യാത്രക്കാരന് ചികിത്സയൊരുക്കാന്‍ ബസ് തിരികെ ഓടിച്ച്‌ കെ എസ് ആര്‍ ടി സി ജീവനക്കാര്‍

യാത്രയ്ക്കിടയില്‍ അപസ്മാരം ബാധിച്ച യാത്രക്കാരന് ചികിത്സയൊരുക്കാന്‍ ഒരു കിലോമീറ്ററിലധികം ദൂരം തിരികെ ഓടിച്ചു കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍. ബസ് കാഞ്ഞിരപ്പളളി എരുമേലി റൂട്ടില്‍ സഞ്ചരിക്കവേ കുളപ്പുറം എത്തിയപ്പോള്‍ യാത്രക്കാരനായ എരുമേലി സ്വദേശി അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും തുടര്‍ന്ന് ബസില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.

തുടര്‍ന്ന് രോഗിക്ക് അടിയന്തര ചികിത്സയൊരുക്കുവാന്‍ ഒരു കിലോമീറ്റര്‍ പിന്നിലുള്ള കാഞ്ഞിരപ്പളളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ എത്തിക്കുവാന്‍ ബസ് തിരികെ ഓടിക്കുവാന്‍ കെ.എസ്.ആര്‍. ടി.സി നിലമ്പൂര്‍ ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്ടര്‍ ജയേഷ് ടി കെയും, ഡ്രൈവര്‍ ഷെബീര്‍ അലിയും തീരുമാനിക്കുകയായിരുന്നു.

പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍. ടി.സി നിലമ്പൂര്‍ ഡിപ്പോയിലെ ബസില്‍ പെരുമ്പാവൂരില്‍ നിന്നും കയറിയ അമ്പത്തിനാലുകാരനും മുന്‍ സൈനികനുമായ എരുമേലി സ്വദേശിയുടെ ജീവന്‍ രക്ഷിക്കുവാനാണ് കെ.എസ്.ആര്‍.ടി.സി നിലമ്പൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ ശ്രമിച്ചത്.

കാഞ്ഞിരപ്പളളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് ആവശ്യമായ അടിയന്തര ചികിത്സ ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ലഭ്യമാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ബന്ധുക്കളെ ഫോണില്‍ വിവരമറിയിച്ചതിനു ശേഷം ബസ് ജീവനക്കാര്‍ യാത്ര തുടര്‍ന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here