
വൈദ്യശാസ്ത്രം, ശാസ്ത്ര ഗവേഷണം, വിദഗ്ദ പരിശീലനം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനും സേനാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉന്നത നിലവാരമുള്ള മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുമായി അബുദാബി പോലീസ് ജനറല്‍ കമാന്‍ഡും ബുര്‍ജീല്‍ ഹോള്‍ഡിങ്സും തമ്മില്‍ ധാരണയായി. അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് ഫിനാന്‍സ് ആന്റ് സര്‍വീസസ് സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലിയും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലിലും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
അനുഭവസമ്പത്തും പ്രവര്‍ത്തന പരിചയവും പങ്കിടാനും മികവുറ്റ നൂതന സമ്പ്രദായങ്ങള്‍ അവലോകനം ചെയ്യുന്നതിനും ശാസ്ത്ര പുരോഗതിക്ക് അനുസൃതമായി പ്രകടന നിലവാരം ഉയര്‍ത്താനുമായി വിവിധ ഏജന്‍സികളുമായി പങ്കാളിത്തവും സഹകരണവും ശക്തമാക്കാനുള്ള അബുദാബി പോലീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാര്‍.
തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ അബുദാബി പോലീസ് നിരന്തര ശ്രമങ്ങളാണ് നടത്തുന്നതെന്നും , ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സുമായുള്ള സഹകരണം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും മേജര്‍ ജനറല്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി പറഞ്ഞു.
ധാരണ പ്രകാരം അബുദാബി പോലീസ് ജനറല്‍ കമാന്‍ഡിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അബുദാബി, ദുബായ്, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് കീഴിലെ ആശുപത്രികളില്‍ ചികിത്സ തേടുന്നതിന് പ്രത്യേക പ്രിവിലേജ് കാര്‍ഡ് നല്‍കും. യുഎഇയിലും ഒമാനിലുമായി 16 ആശുപത്രികളും 23 മെഡിക്കല്‍ സെന്ററുകളുമുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സ് വിദഗ്ദ ഡോക്ടര്‍മാരുടെ സേവനങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
രാജ്യത്തെ പ്രധാന സുരക്ഷാ സേനകളിലൊന്നായ അബുദാബി പോലീസിലെ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതിലും ശാസ്ത്ര ഗവേഷണ രംഗങ്ങളില്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നതിലും ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ഉന്നതനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്ന ഞങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ ആഭ്യന്തര മന്ത്രാലയം, വ്യാവസായിക സാങ്കേതിക മന്ത്രാലയം എന്നിവയുമായുള്ള സുപ്രധാന സഹകരണ കരാറുകള്‍ക്ക് പിന്നാലെയാണ് അബുദാബി പോലീസ് ജനറല്‍ കമാന്‍ഡുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് കൈകോര്‍ക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here