ജിഎസ്‌ടി  നഷ്ടപരിഹാരം നൽകുന്നത്‌ അഞ്ച്‌ വർഷം കൂടി തുടരണം: എളമരം കരീം എംപി

സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി  നഷ്ടപരിഹാരം നൽകുന്നത്‌ അഞ്ച്‌ വർഷം കൂടി തുടരണമെന്ന്‌ സിപിഐ എം രാജ്യസഭകക്ഷി നേതാവ്‌ എളമരം കരീം ആവശ്യപ്പെട്ടു. ജിഎസ്‌ടി നടപ്പാക്കിയപ്പോൾ സംസ്ഥാനങ്ങൾക്ക്‌ നേരിട്ട വരുമാനനഷ്ടം ഇല്ലാതാക്കാൻ കേന്ദ്രനിയമപ്രകാരം വ്യവസ്ഥ ചെയ്‌ത നഷ്ടപരിഹാരവിതരണത്തിന്റെ കാലാവധി ഇക്കൊല്ലം ജൂണിൽ അവസാനിച്ചു. നിലവിൽ സംസ്ഥാനങ്ങൾക്ക്‌ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാടെന്ന് രാജ്യസഭയുടെ ശൂന്യവേളയിൽ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വാറ്റ്‌ നിർത്തലാക്കി ജിഎസ്‌ടി കൊണ്ടുവന്നപ്പോൾ സംസ്ഥാനങ്ങളുടെ നികുതിവരുമാനം വൻതോതിലാണ്‌ ഇടിഞ്ഞത്‌. വാറ്റ്‌ പ്രകാരം ശരാശരി നികുതിനിരക്ക്‌ 14.5 ശതമാനമായിരുന്നത്‌ ഇപ്പോൾ ഒൻപത്‌ ശതമാനമായി കുറഞ്ഞു.  കോവിഡ്‌ മഹാമാരി സൃഷ്ടിച്ച മാന്ദ്യം സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കൂടുതൽ  ഇടിവുണ്ടാക്കി.  തുടർച്ചയായ രണ്ട്‌ വർഷം വൻപ്രകൃതിക്ഷോഭവും നേരിടേണ്ടിവന്നത്‌ കേരളത്തിന്റെ സാമ്പത്തികബാധ്യതകൾ വർധിപ്പിച്ചു.

സംസ്ഥാനങ്ങൾ പൊതുവിപണിയിൽനിന്ന്‌ കടമെടുക്കുന്നതിനും  കടുത്ത നിബന്ധനകളാണ്‌. സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തിൽ കുറവുണ്ടായെന്നും അതേസമയം സംസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടിവരുന്ന ചെലവുകൾ വർധിച്ചിട്ടുണ്ടെന്നും 15–-ാം ധനകാര്യ കമീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ പ്രധാനമന്ത്രിക്ക്‌  കേരള മുഖ്യമന്ത്രി കത്തയച്ചിരുന്നു.

കേന്ദ്രനികുതിവരുമാനത്തിൽനിന്ന്‌ സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുന്ന വിഹിതത്തിൽ കുറവുണ്ടായെന്നും ധനകാര്യ കമീഷൻ വ്യക്തമാക്കിയ കാര്യം മുഖ്യമന്ത്രിയുടെ കത്തുകൂടി ഉദ്ദരിച്ച് പരാമർശിച്ചപ്പോൾ കത്ത് സഭയുടെ മേശപ്പുറത്തുവെക്കാൻ സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാട് കാരണം തകർന്ന സംസ്ഥാനങ്ങളുടെ ധന സ്ഥിതിയിൽ പുരോഗതി ഉണ്ടാകുന്നതുവരെ ജിഎസ്ടി നഷ്ടപരിഹാരം തുടരണം എന്ന് എളമരം കരീം എംപി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News