ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍;നിരവധി സൈനികര്‍ക്ക് പരുക്ക്

അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയത്. തവാങ്ങിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മുന്നൂറിലധികം പട്ടാളക്കാരുമായി ചൈന പ്രകോപനമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതോടെ ചൈനയുടെ നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. 9 ഇന്ത്യന്‍ സൈനികര്‍ക്കും ഏറ്റുമുട്ടലില്‍ പരുക്കേറ്റു. ഡിസംബര്‍ 9 ന്, വെള്ളിയാഴ്ചയായിരുന്നു സംഭവം.

2020 മെയ് മാസത്തില്‍ ലഡാക്കിലെ പാന്‍ഗോഗ് താഴ് വരയില്‍ ചൈന ഉയര്‍ത്തിയ പ്രകോപനം പിന്നീട് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ യുദ്ധസമാനമായ സാഹചര്യമുണ്ടാക്കി. ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനികശക്തി കൂട്ടുകയും പുതിയ സൈനിക താവളങ്ങള്‍ ആരംഭിക്കുകയും ചെയ്തു. യുദ്ധത്തിന്റെ വക്കില്‍ നിന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമവായ നീക്കങ്ങളുണ്ടായത്. നിരവധി ഘട്ടങ്ങളിലായി നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലൂടെ അതിര്‍ത്തിയില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം ഇരുരാജ്യങ്ങളും അംഗീകരിച്ചു. എങ്കിലും ചില പ്രദേശങ്ങള്‍ ഇപ്പോഴും ചൈനയുടെ നിയന്ത്രണത്തിലാണെന്ന ആരോപണമുണ്ട്.

ലഡാക്ക് മേഖല സമാധാനത്തിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം.
സംഘര്‍ഷത്തിന് പിന്നാലെ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച നടന്നു. ഇതിന് പിന്നാലെ ഇരുസൈനിക വിഭാഗങ്ങളും സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷം നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ചൈന വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. സര്‍ക്കാരിനെതിരെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം ശക്തമായി ഉയര്‍ത്താനാണ് പ്രതിപക്ഷ പാര്‍ടികളുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News