അര്‍ജന്റീന ഇന്ന് സെമിക്കിറങ്ങും; ആകാംക്ഷയോടെ ആരാധകര്‍

ലോക കപ്പില്‍ രണ്ടേ രണ്ടു തവണ മാത്രമേ അര്‍ജന്റീന കിരീടം നേടിയിട്ടുള്ളൂ. അത് 1978 ഇലും 86 ഇലും ആണ്. 35 വര്‍ഷങ്ങള്‍ക്കിപ്പുറം മെസ്സിയും സംഘവും ആ ചരിത്രം തിരുത്തുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ലോകകപ്പിന്റെ ചരിത്രത്തോളം തന്നെയുണ്ട് ലോകകപ്പില്‍ അര്‍ജന്റീനയുടെ ചരിത്രവും.. ഫിഫ ലോകകപ്പ് ആദ്യമായി ആരംഭിച്ച 1930 മുതല്‍ അര്‍ജന്റീനയും അതില്‍ പങ്കാളിയാണ്. അരങ്ങേറ്റ ലോകകപ്പില്‍ റണ്ണേഴ്‌സ് അപ് ആയിരുന്നു അര്‍ജന്റീന. ഫൈനലില്‍ അന്ന് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഉറുഗ്വേയോട് തോല്‍ക്കുകയായിരുന്നു. തൊട്ടടുത്ത ലോകകപ്പില്‍ അതായത് 1934- ഇല്‍ പക്ഷേ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകാന്‍ ആയിരുന്നു അവരുടെ വിധി.

1938 ഇലും 1950 ഇലും അര്ജന്റീന ലോക കപ്പില്‍ നിന്ന് പിന്മാറി. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് 1940 കാലഘട്ടത്തില്‍ ലോകകപ്പ് നടന്നതുമില്ല. 1954 ഇല്‍ യോഗ്യത നേടാനായില്ല. 58 ലും 62 ലും ആദ്യറൗണ്ടില്‍ തോറ്റ് പുറത്തായി. 1966 ഇല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ അവര്‍ക്ക് 1970 ഇല്‍ യോഗ്യത നേടാനായില്ല. 1974 ഇല്‍ പ്രീ – ക്വാര്‍ട്ടര്‍ വരെയെത്തി. പക്ഷേ നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 1978 ഇല്‍ അവര്‍ കിരീടം നേടി ചരിത്രമെഴുതി. പില്‍ക്കാലത്ത് രാഷ്ട്രീയപരമായും മറ്റും ഒരുപാട് വിവാദങ്ങള്‍ക്ക് വഴി മരുന്നിട്ട ആ ലോക കപ്പ് ഫൈനലില്‍ നെതര്‍ലണ്ട്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അര്ജന്റീന തോല്‍പ്പിച്ചത്. 1982 ഇല്‍ രണ്ടാം റൗണ്ടില്‍ പുറത്തായ അര്‍ജന്റീന തൊട്ടടുത്ത തവണ 1986 ഇല്‍ വീണ്ടും കിരീടം നേടി. ഇത്തവണയും വിവാദത്തോടൊപ്പമായിരുന്നു അര്‍ജന്റീനയുടെ കിരീടധാരണം. വിവാദ കാരണം പക്ഷേ രാഷ്ട്രീയമല്ലെന്ന് മാത്രം.

ഈ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന മറഡോണയുടെ ഗോള്‍ പിറന്നത്. മെക്‌സിക്കോ സിറ്റിയിലെ അസ്റ്റിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ കൈ ഉപയോഗിച്ചായിരുന്നു മറഡോണ ഗോള്‍ നേടിയത്. ഈ മത്സരത്തില്‍ തന്നെ ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോളും മറഡോണ നേടിയിരുന്നു. 66 വാര അകലെ നിന്നും അഞ്ച് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് ഗോളിയെയും മറികടന്നായിരുന്നു ഈ ഗോള്‍ നേട്ടം. മത്സരത്തില്‍ 2-1നായിരുന്നു അര്ജന്റീനയുടെ വിജയം.

പിന്നീട് 1990 ലും 2014 ഇലും റണ്ണേഴ്‌സ് അപ് ആയതൊഴിച്ചാല്‍ കാര്യമായൊന്നും ഇക്കാലഘട്ടത്തില്‍ അര്ജന്റീനയ്ക്ക് ലോകകപ്പില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 94 ഇല്‍ പ്രീ – ക്വാര്‍ട്ടറില്‍ പുറത്തായ അവര്‍ 98 ഇല്‍ ക്വാര്‍ട്ടറില്‍ പുറത്തായി. 2002 ഇല്‍ ആദ്യ റൗണ്ടില്‍ പുറത്തായ അര്ജന്റീന പക്ഷേ 2006,2010 വര്‍ഷങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. 2018 ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റു. 35 വര്‍ഷങ്ങള്‍ക്കിപ്പുറം 2022 ഖത്തര്‍ ലോകകപ്പിലെങ്കിലും ഒരിക്കല്‍ കൂടി അര്‍ജന്റീനയുടെ ശിരസ്സില്‍ ലോക കിരീടം ചാര്‍ത്തപ്പെടുമോ? മറഡോണയില്‍ നിര്‍ത്തിയ ആ വിജയത്തിന്റെ ചരിത്രം കാലം മെസ്സിയിലൂടെ പൂര്‍ത്തിയാക്കുമോ? കാത്തിരുന്നു കാണാം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here