ഇന്ത്യ-ചൈന സംഘര്‍ഷം; കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം. ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മനീഷ് തിവാരിയാണ് നോട്ടീസ് നല്‍കിയത്. അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയത്. സമുദ്രനിരപ്പില്‍നിന്ന് 3000 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള തവാങ്ങില്‍ ഇന്ത്യന്‍ പോസ്റ്റ് ഒഴിവാക്കാന്‍ 300 പേരടങ്ങിയ ചൈനീസ് സംഘം ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2020ന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഏറ്റുമുട്ടുന്നത്.

വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. വീണ്ടും അവര്‍ ഇന്ത്യന്‍ സൈന്യത്തെ പ്രകോപിപ്പിച്ചുവെന്നും മോദി സര്‍ക്കാര്‍ ഇതിന്റെ ഗൗരവം മനസ്സിലാക്കി തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.

തവാങ്ങില്‍ എല്‍എസി സംബന്ധിച്ച് ചൈന തര്‍ക്കം ഉന്നയിക്കുന്നുണ്ട്. ഇവിടെ 2006 മുതല്‍ ഇരുകൂട്ടരും പട്രോളിങ് നടത്തുന്നു. ഡിസംബര്‍ ഒമ്പതിന് ചൈനീസ് സൈനികര്‍ എല്‍എസി ലംഘിച്ചതാണ് ഏറ്റുമുട്ടലിനു കാരണമായത്. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ 2020 ജൂണ്‍ 15ന് ചൈനീസ് സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ സന്തോഷ് ബാബു അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ചൈനീസ് പക്ഷത്തും ആള്‍നാശമുണ്ടായി. ഇതേതുടര്‍ന്ന് ഇരുപക്ഷത്തെയും സൈനിക കമാന്‍ഡര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരെയാണ് പുതിയ സംഘര്‍ഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News