മോദിയെ കൊല്ലാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം

രാജ്യത്തെ രക്ഷിക്കാന്‍, ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്നാണ് ആഹ്വാനം. മധ്യപ്രദേശിലെ മുന്‍ മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് രാജ പട്ടേരിയയുടെയാണ് ഈ ആഹ്വാനം. മധ്യപ്രദേശില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍തത്കരോടായിരുന്നു നേതാവിന്റെ വിവാദ പരാമര്‍ശം.

നരേന്ദ്ര മോദി രാജ്യത്തെ ഭിന്നിക്കും, തെരഞ്ഞെടുപ്പുകള്‍ അവസാനിപ്പിക്കും, ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കും, ദളിത്-ആദിവാസി വിഭാഗങ്ങളുടെ ജീവിതം തകര്‍ക്കും, ന്യൂനപക്ഷങ്ങളെ അപകടത്തിലാക്കും. അതിനാല്‍, ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മോദിയെ കൊല്ലാന്‍ തയ്യാറാകണം. ഇതായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജ പട്ടേരിയയുടെ വിവാദ പരാമര്‍ശം.

കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാജ പട്ടേരിയ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശ്വരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. ഭാരത് ജോഡോ എന്ന പേരില്‍ കോണ്‍ഗ്രസ് നടത്തുന്ന യാത്രയുടെ യഥാര്‍ത്ഥ ലക്ഷ്യം പുറത്ത് വന്നെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചു. നരേന്ദ്ര മോദിയെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയാത്തത് കൊണ്ടാണ് കൊല്ലാനുള്ള ആഹ്വാനമന്നും ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു. മോദിക്കെതിരായ പരാമര്‍ശത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ചൗഹാന്‍ അറിയിച്ചു.

വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജ പട്ടേരിയെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മോദിയെ കൊല്ലുകയെന്നത് കൊണ്ട് ഉദ്ദേശിച്ചത് മോദിയെ പരാജയപ്പെടുത്തുക എന്നായിരുന്നു എന്നതാണ് ഇപ്പോള്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം. ഗാന്ധിജിയുടെ ആശയങ്ങള്‍ പിന്തുടരുന്ന വ്യക്തിയാണ് താനെന്നും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ മോദിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നാണ് ഉദ്ദേശിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് വിശദീകരിച്ചു.

കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി തിരിച്ചടിക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടയിലുണ്ടായ വിവാദ പരാമര്‍ശം കോണ്‍ഗ്രസിന് തലവേദനയാവുകയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രധാനമന്ത്രിക്കെതിരെയെന്നല്ല, ആര്‍ക്കെതിരെയും വിദ്വേഷ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന്റെ നയമല്ലെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here