ജഡ്ജിമാരുടെ നിയമനം; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സുപ്രീം കോടതി

ജഡ്ജിമാരുടെ നിയമനവുമായി ബദ്ധപ്പെട്ട് സുപ്രീം കോടതിക്കും കേന്ദ്രസര്‍ക്കാറിനുമിടയിലെ ഏറ്റുമുട്ടല്‍ തത്കാലം അവസാനിക്കുന്നു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയതോടെയാണ് സുപ്രീം കോടതിയുടെ വെടിനിര്‍ത്തല്‍ തീരുമാനം. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ കൊളീജിയം സെപ്റ്റംബര്‍ 26നായിരുന്നു ജസ്റ്റിസ് ദത്തയുടെ പേര് ശുപാര്‍ശ ചെയ്തത്.

കൊളീജിയം ശുപാര്‍ശയില്‍ തീരുമാനമെടുക്കാതെ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയി. കേന്ദ്രസര്‍ക്കാരിന്റെ ഈ സമീപനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്.
കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജുവിനെ വേദിയിലിരുത്തി ചീഫ് ജസ്റ്റിസ് തന്നെ വിമര്‍ശനം ഉന്നയിച്ചു.

ഇതിനെ എതിര്‍ത്ത് കിരണ്‍ റിജ്ജിജു രംഗത്ത് വന്നതോടെ ജഡ്ജിമാരുടെ നിയമനം കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതിക്കുമിടയിലെ ഏറ്റുമുട്ടലായി മാറി. ജസ്റ്റിസ് ദത്തയുടെ പേര് അംഗീകരിക്കാതെ ജഡ്ജിമാരുടെ നിയമനത്തിനായി പുതിയ പേരുകള്‍ ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചതോടെ ഏറ്റുമുട്ടല്‍ മുറുകി. രണ്ടര മാസത്തിനു ശേഷം (ഡിസംബര്‍ 11) കൊളീജിയത്തിന് വഴങ്ങി ജസ്റ്റിസ് ദത്തയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് സുപ്രീംകോടതിയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്.

ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ ജഡ്ജിമാരുടെ നിയമനത്തിനായി പുതിയ പേരുകള്‍ ശുപാര്‍ശചെയ്യാനാണ് കൊളീജിയത്തിന്റെ തീരുമാനം. ഇതിനായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂണ്ഡിന്റെ അധ്യക്ഷതയിലുള്ള കൊളീജിയം വരുന്ന ആഴ്ച യോഗം ചേരും.

സുപ്രീംകോടതിയില്‍ 34 ജഡ്ജിമാര്‍ വേണ്ടിടത്ത് നിലവില്‍ 28 ജഡ്ജിമാര്‍ മാത്രമാണ് ഉള്ളത്. അടുത്ത വര്‍ഷം ഒമ്പത് ജഡ്ജിമാര്‍ കൂടി വിരമിക്കും. ഈ സാഹചര്യത്തില്‍ ഒഴിവുകള്‍ നികത്താന്‍ കൂടുതല്‍ പേരുകള്‍ ശുപാര്‍ശ ചെയ്യാനാണ് കൊളീജിയം ആലോചിക്കുന്നത്. ഡിസംബര്‍ 19ന് സുപ്രീംകോടതി ശീതകാല അവധിക്ക് അടക്കും. ജനുവരി രണ്ടിനാണ് കോടതി വീണ്ടും തുറക്കുക. അതിനാല്‍ ഡിസംബര്‍ അവധിക്ക് മുമ്പേ തന്നെ കൊളീജിയം യോഗത്തന് സാധ്യതയുണ്ട്. ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകളും കൊളീജിയത്തിനു മുന്നിലെ വെ്ല്ലുവിളിയാണ്. 10 ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുന്നത് കൊളീജിയത്തിന്റെ പരിഗണനയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here