ഇന്ത്യ ചൈന സംഘര്‍ഷം: പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്

അരുണാചല്‍ പ്രദേശില്‍ തവാങ്ങിലുണ്ടായ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ നോട്ടീസ് നല്‍കിയിരുന്നു. സഭാ നടപടികള്‍ ആരംഭിച്ച ഉടനെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഇരുസഭകളിലും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് അഥിര്‍ രഞ്ജന്‍ ചൗധരിയും രാജ്യ സഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും വിഷയം ഉന്നയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മറുപടി നല്‍കുമെന്ന് ലോക്‌സഭയില്‍ സ്പീക്കര്‍ ഓംബിര്‍ള അറിയിച്ചെങ്കിലും പ്രതിപക്ഷ ബഹളം തുടര്‍ന്നു. ഇതോടെ ലോക്‌സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചു.

അതിര്‍ത്തിയില്‍ നിലവിലെ ധാരണ ലംഘിക്കാന്‍ ചൈന ബോധപൂര്‍വ്വം ശ്രമിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു. ചൈനയുടെ നീക്കത്തെ ഇന്ത്യ പ്രതിരോധിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായെന്നും പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു. സമയോചിതമായ ിടപെടലാണ് ഇന്ത്യ സേന നടത്തിയത്. ഇതേതുടര്‍ന്ന് ചൈനീസ് പട്ടാളം പിന്മാറി. സംഘര്‍ഷത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

പ്രതിരോധ മന്ത്രിയുടെ പ്രസ്ഥാവന തള്ളിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി. ചൈനക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിന്നീട് പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 12.30ന് ഇന്ത്യ-ചൈന സംഘര്‍ഷത്തെ കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയിലും പ്രസ്താവന നടത്തി. രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാക്ക്ഔട്ട് ചെയ്തു.

കോണ്‍ഗ്രസിനെതിരെ അമിത്ഷാ

ചൈനയ്ക്കു മുന്നില്‍ കീഴടങ്ങിയത് കോണ്‍ഗ്രസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കുറ്റപ്പെടുത്തി. ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് നല്‍കിയത് കോണ്‍ഗ്രസാണ്. ചൈനീസ് എംബസിയില്‍ നിന്ന് കോണ്‍ഗ്രസ് ഒരു കോടി രൂപ സ്വീകരിച്ചുവെന്ന ആരോപണവും അമിത്ഷാ ഉന്നയിച്ചു. ഇന്ത്യയുടെ ഒരു തരി മണ്ണു പോലും ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും അമിത്ഷാ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here