ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി. ചാന്‍സലറെ കണ്ടെത്താന്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, നിയമസഭാ സ്പീക്കര്‍ എന്നിവരടങ്ങിയ സമിതിയുണ്ടാകുമെന്ന ഭേദഗതിയാണ് പ്രധാന മാറ്റം. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചു. എന്നാല്‍ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ സുപ്രീം കോടതി ജഡ്ജിയേയോ ചാന്‍സലറാക്കണമൈന്ന പ്രതിപക്ഷ ഭേദഗതി സര്‍ക്കാര്‍ തള്ളി. പ്രതിപക്ഷത്തിന്റെ നിക്ഷേധാത്മക സമീപനത്തിന് ചരിത്രം മാപ്പ് തരില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമാക്കുകയെന്ന ഇടതു സര്‍ക്കാര്‍ ലക്ഷ്യത്തിന് നിര്‍ണായക കാല്‍വെയ്പ്പ്. കേന്ദ്രസര്‍ക്കാരിന്റെ സംഘപരിപാര്‍ കാവിവത്കരണത്തെ ചെറുക്കാനുളള കേരളത്തിന്റെ പ്രതിരോധം. ഇത്തരത്തില്‍ സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ചരിത്രപരമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള ബില്ലാണ് കേരള നിയമസഭ പാസാക്കിയത്.

ചാന്‍സലര്‍ നിയമനത്തിന പ്രത്യേക സമിതി വേണമെന്ന് പ്രതിപക്ഷ ആവശ്യം ഭാഗികമായി സര്‍ക്കാര്‍ അംഗീകരിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്,ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവിരടങ്ങിയ സമിതി വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പകരം സ്പീക്കറെ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിനെ സമിതിയില്‍ കൊണ്ടുവന്നാല്‍ കേസുകള്‍ കോടതിയില്‍ വരുമ്പോഴുണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തത്. വിരമിച്ച ജഡ്ജിമാര്‍ എല്ലാത്തിലും ആധികാരിക വാക്കല്ല. ചാന്‍സലറെ നിര്‍ദേശിക്കുന്ന സമിതിയില്‍ യോഗ്യതയില്ലാത്തയാളെ സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ പ്രതിപക്ഷത്തിന് ചോദ്യം ചെയ്യാന്‍ കഴിയും- പി രാജീവ്

സമിതിയില്‍ സ്പീക്കറെ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാമെന്നു പറഞ്ഞ പ്രതിപക്ഷം ചാന്‍സലറായി വിരമിച്ച ജഡ്ജിമാര്‍ തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു.

വൈസ് ചാന്‍സലറുടെ ഒഴിവുണ്ടായാല്‍ ചാന്‍സലര്‍ പ്രൊ ചാന്‍സലറുമായി ആലോചിച്ച് പകരം ക്രമീകരണം ഏര്‍പ്പെടുത്തണം, ചാന്‍സലര്‍ക്ക് സര്‍ക്കാരിന് രേഖാമൂലം രാജി നല്‍കാം തുടങ്ങിയ ഭേദഗതികളും ബില്ലില്‍ വരുത്തിയിട്ടുണ്ട്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ചട്ടം രൂപീകരിക്കും. എത്ര ചാന്‍സലര്‍മാര്‍ ഉണ്ടാകും എന്നതടക്കമുള്ള കാര്യങ്ങള്‍ അപ്പോഴാകും അന്തിമ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News