കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലും രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം ഒന്നരലക്ഷം കോടിക്ക് മുകളിൽ; വ്യക്തമാക്കി കേന്ദ്രം

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലും രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം ഒന്നരലക്ഷം കോടിക്കും മുകളിലെന്ന് കേന്ദ്ര സർക്കാർ.ജോൺ ബ്രിട്ടാസ് എം പി യുടെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അതേ സമയം കേരളത്തിലെ വൈസ് ചാൻസലർ നിയമന വിഷയം ബി ജെ പി എം പി രാജ്യസഭയിൽ ഉന്നയിച്ചത് ഇടത് എം.പി.മാരുടെ പ്രതിഷേധത്തിന് കാരണമായി.

കിട്ടാക്കടങ്ങളിൽ ഓരോ സാമ്പത്തിക വർഷവും പൊതുമേഖലാ ബാങ്കുകൾക്ക് തിരിച്ച് പിടിക്കാനായത് മുപ്പതിനായിരം കോടിയോളം രൂപ മാത്രമാണ്. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി രേഖാമൂലം രാജ്യസഭയെ ഇക്കാര്യം അറിയിച്ചത്. എന്നാൽ കിട്ടാക്കടം പത്ത് കോടിക്ക് മുകളിൽ ഉള്ള അക്കൗണ്ട് ഉടമകളുടെ പേര് വിവരങ്ങൾ നിയമതടസമുള്ളതിനാൽ നൽകാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ കേരളത്തിലെ വൈസ് ചാൻസലർ നിയമന വിഷയം രാജ്യസഭയിൽ ബി ജെ പി എം പി ഉന്നയിച്ചത് പ്രതിഷേധത്തിന് കാരണമായി.

ബി ജെ പി കേരള ഘടകത്തിന്റെ ചുമതല കൂടിയുള്ള രാധാ മോഹൻ അഗർവാളാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്. കേരളത്തിലെ സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് അഗർവാൾ വിഷയം സഭയില്‍ അവതരിപ്പിച്ചത്. എന്നാൽ സർവ്വകലാശാലകളുടെ അടക്കമുള്ള വിഷയങ്ങളിൽ രാഷ്ട്രീയ നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്ന് ഇടത് എം പി മാർ കുറ്റപെടുത്തി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സംഘ പരിവാർ ഗൂഡാലോചനയുടെ ഭാഗമാണ് ഗവർണറെന്നും ഇടത് എം പി മാർ വിമർശിച്ചു. രാധാ മോഹൻ ദാസ് അഗർവാളിന്റെ നിലപാട് രാഷ്ട്രിയ പ്രേരിതമാണെന്നും ഇടത് എം പി മാർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here