ലീഗിനെ പേടി; കേരളത്തില്‍ മൃദുഹിന്ദുത്വം അടക്കിപ്പിടിച്ച് കോണ്‍ഗ്രസ്

ദിപിന്‍ മാനന്തവാടി

തീവ്രഹിന്ദുത്വ മനോവിചാരങ്ങള്‍ പലഘട്ടങ്ങളില്‍ കേരളത്തിന് പുറത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പലനിലയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അയോധ്യയില്‍ പൊളിച്ചത് രാമക്ഷേത്രമെന്ന് കെ.സുധാകരന് നാക്കുടക്കി. ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു, പൊളിച്ചത് ബാബറി മസ്ജിദാണ്. സുധാകരന്‍ തിരുത്തി പൊളിച്ചത് ബാബറി മസ്ജിദാണ്.

സുധാകരന്റേത് വേറും നാക്കുപിഴയാണോ? കേരളത്തില്‍ നിന്ന് സുധാകരന്‍ ഇതൊക്കെ പറയുമ്പോഴാണ് വിവാദം. മധ്യപ്രദേശില്‍ നിന്ന് ഇതിലും തീവ്രമായ ഹിന്ദുത്വ നിലപാടുകള്‍ രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിട്ടുണ്ട്.

ഓരോ ഇന്ത്യക്കാരന്റെയും സമ്മതത്തോടെയാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ശിലാസ്ഥാപനം നടന്നതെന്ന് പറഞ്ഞത് മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥാണ്. ഒരുപടി കൂടി കടന്ന് രാമരാജ്യം സ്ഥാപിക്കപ്പെടണമെന്ന് രാജീവ്ജി 1989ല്‍ പറഞ്ഞിരുവെന്നും രാമക്ഷേത്ര സ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ കാരണം രാജീവ് ഗാന്ധിയാണെന്നും, അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ വളരെയേറെ സന്തോഷിക്കുമായിരുന്നുവെന്നും പറയാന്‍ കമല്‍നാഥിന് മടിയുണ്ടായില്ല. രാമക്ഷേത്ര നിര്‍മ്മാണത്തിന് 11 വെള്ളിക്കട്ടകള്‍ നല്‍കുമെന്ന പ്രഖ്യാപനവും കമല്‍നാഥ് നടത്തിയിരുന്നു. എല്ലാവരുടെയും വിശ്വാസത്തിന്റെ കേന്ദ്രം രാമനാണെന്നായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവായ ദ്വിഗ്വിജയ് സിംഗിന്റെ നിലപാട്. രാമന്റെ ജന്മസ്ഥലത്ത് മഹാക്ഷേത്രം പണിയണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്, അന്തരിച്ച മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും ഇതായിരുന്നു ആഗ്രഹമെന്നും പറയാന്‍ ദ്വിഗ് വിജയ് സിംഗിനും മടിയുണ്ടായില്ല.

ഇത്തരത്തില്‍ തീവ്രഹിന്ദുത്വ മനോവിചാരങ്ങള്‍ പലഘട്ടങ്ങളില്‍ കേരളത്തിന് പുറത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പലനിലയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ സുധാകരന്റെ മൃദുഹിന്ദുത്വ പതംപറച്ചിലുകള്‍ അത്രഗൗരവമുള്ളതല്ല. ആര്‍.എസ്.എസ്. ശാഖയ്ക്ക് സംരക്ഷണം കൊടുത്തതും പാര്‍ട്ടിയില്‍ ചേരാന്‍ ബി.ജെ.പി നേതാക്കള്‍ സമീപിച്ചതുമെല്ലാം സത്യസന്ധമായി തുറന്നുപറയാന്‍ സുധാകരന്‍ തയ്യാറായി എന്ന് കണ്ടാല്‍മതി. ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കുക വഴി നെഹ്റു വര്‍ഗ്ഗീയതയോട് സന്ധി ചെയ്തു എന്ന സുധാകരന്റെ പ്രസ്താവനയും സുധാകരന്റെ ബോധ്യങ്ങളായി തന്നെ മനസ്സിലാക്കിയാല്‍ മതി. ബി.ജെ.പിയുമായി യോജിച്ച് പോകാന്‍ കഴിയുമെന്ന് തോന്നിയാല്‍ തീര്‍ച്ചയായും താന്‍ പോകുമെന്ന സുധാകരന്റെ തുറന്ന് പറച്ചിലും ഒരു പാതകമായി കാണേണ്ടതുണ്ടോ? എത്രയോ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് ആശപരമായി ബി.ജെ.പിയുമായി യോജിക്കാന്‍ കഴിയുമെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് വിട്ടിട്ടുള്ളത്. ബി.ജെ.പിയോട് അടുക്കാന്‍ കഴിയുന്ന നിലയില്‍ കോണ്‍ഗ്രസുകാര്‍ ആശയപരമായി പരുവപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം.അതിനാല്‍ കുഴപ്പം ബി.ജെ.പിയെ പുണരാന്‍ മടിക്കാത്ത നേതാക്കള്‍ക്കാണെന്ന് പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ?

കേരളത്തില്‍ നിന്ന് സുധാകരന്‍ ഇതൊക്കെ പറയുന്നു എന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അസ്വസ്ഥപ്പെടുത്തുന്നത്. അത് ആശയപരമായ ആശങ്കയല്ല, മറിച്ച് നിലനില്‍പ്പിനെക്കുറിച്ചോര്‍ത്തുള്ള അങ്കലാപ്പാണ്. അതിന് കാരണം മുസ്ലിംലീഗുമായുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സഖ്യമാണ്. കേരളത്തിന്റെ പൊതുമതേതരമനസ്സിന് അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും, മൃദുഹുന്ദുത്വ സമീപനത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അത്തരം സമീപനങ്ങള്‍ സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ ആശയത്തിന് വളമാകുമെന്ന് കണ്ടാല്‍ കേരളത്തിലെ മതേതരപൊതുസമൂഹം ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും. അതിനാല്‍ തന്നെയാവണം കരുണാകരന്റെ കാലത്തും പിന്നീടും തലയില്‍ മുണ്ടിട്ട് മാത്രം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സംഘപരിവാറുമായി ബാന്ധവം സ്ഥാപിച്ചത്. വടകര-ബേപ്പൂര്‍ മോഡലിന് മുസ്ലിംലീഗും തുണയായിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലിംലീഗിന് കോണ്‍ഗ്രസ് നേതാക്കളുടെ മൃദുഹിന്ദുത്വയോട് പൊരുത്തപ്പെടാന്‍ സാധിക്കില്ല. കെ.സുധാകരന്റെ ഹിന്ദുത്വ പ്രകാശനത്തോട് വിയോജിക്കാതെ ലീഗിന് മുന്നോട്ടുപോകാനുമാവില്ല.

നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സംഘപരിവാറിനെ ആശയപരമായാണ് നേരിടേണ്ടത് എന്ന സി.പി.എം അടക്കമുള്ള ഇടതുപക്ഷത്തിന്റെ നിലപാടിന് കേരളീയ പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യതയുണ്ട്. തിരഞ്ഞെടുപ്പിലൂടെ മാത്രം ബി.ജെ.പിയെ പ്രതിരോധിക്കാനും ഒറ്റപ്പെടുത്താനും സാധിക്കില്ല ബി.ജെ.പിയെ ആശയപരമായി നേരിടാനുള്ള ബഹുമുഖ സഖ്യമാണ് വേണ്ടതെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് എടുത്തിരുന്നു. ഇടതുപക്ഷം ഇത്തരത്തില്‍ സംഘപരിവാറിനെതിരെ ആശയപോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ മൃദുഹിന്ദുത്വ സമീപനത്തിന് ചൂട്ടുപിടിച്ചാല്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന് ലീഗ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. അതിനാല്‍ തന്നെയാണ് കെ.സുധാകരന്‍ സംഘപരിവാര്‍ മനസ്സോടെ സംസാരിക്കുമ്പോള്‍ ലീഗ് അതിനെതിരെ ശക്തമായി രംഗത്ത് വരുന്നത്.

നിലവിലെ സാഹര്യത്തില്‍ മുസ്ലിംലീഗിന്റെ പിന്തുണയില്ലാത്ത കേരളത്തിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വെറും വട്ടപ്പൂജ്യമാണ്. മുസ്ലിംലീഗിനെ പിണക്കിയാല്‍ പിന്നെ കേരളത്തില്‍ കോണ്‍ഗ്രസില്ല. കമല്‍നാഥിനെയും ദിഗ്വിജയ് സിങ്ങിനെയും പോലുള്ള നേതാക്കള്‍ സ്വീകരിച്ച തീവ്രഹിന്ദുത്വ സമീപനത്തെ വിമര്‍ശിക്കാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സമാനമായ നിലപാട് കേരളത്തില്‍ നിന്ന് കെ.സുധാകരന്‍ പറയുമ്പോള്‍ ആശങ്കപ്പെടുന്നത് മുസ്ലിംലീഗിനെ ഭയന്ന് മാത്രമാണ്. സുധാകരന്റെ നിലപാടിനെ നാക്കുപിഴയെന്നോ ജാഗ്രതക്കുറവെന്നോ പറഞ്ഞ് ലഘൂകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അഭിസംബോധന ചെയ്യപ്പേടേണ്ടത് ചിന്താപരമായി സുധാകരന് സംഭവിച്ച അപചയമല്ല, മറിച്ച് ആശയപരമായി കോണ്‍ഗ്രസിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയമാണ്. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വയുമായി എളുപ്പം ലയിച്ച് ചേരാന്‍ കഴിയുന്ന വിധത്തില്‍ കോണ്‍ഗ്രസിന്റെ മതേതര ആശയം മയപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അത് മനസ്സിലാക്കേണ്ടത് കേരളത്തിലെ മതേതര ശക്തികളാണ്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ മനസ്സുകളെ കീഴടക്കിയാണ് രാജ്യത്ത് ബി.ജെ.പി ഈ നിലയില്‍ പടര്‍ന്നുപന്തലിച്ചത്. അതിനാല്‍ തന്നെ സുധാകരന്റെ നിലപാടുകള്‍ കേവലം നാക്കുപിഴയായോ കേവല യാദൃശ്ചികതയായോ കേരളീയ പൊതുസമൂഹം കാണേണ്ടതില്ല. അത് കോണ്‍ഗ്രസില്‍ നെഹ്റൂവിയന്‍ നിലപാടുകള്‍ അനുദിനം ദുര്‍ബലപ്പെടുന്നു എന്നതിന്റെ സൂചനയായി തന്നെയാണ് മനസ്സിലാക്കേണ്ടത്.

ദിപിന്‍ മാനന്തവാടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here