
സെമിയില്‍ തിയോ ഹെര്‍ണാണ്ടസിന്റെയും പകരക്കാരനായെത്തിയ കോളോ മുവാനിയുടെയും ഗോളുകളിലായിരുന്നു ഫ്രഞ്ച് വിജയം. സെമിവരെ എത്തി ചരിത്രംകുറിച്ച മൊറോക്കോ തല ഉയര്‍ത്തിയാണ് മടങ്ങുന്നത്. ഫ്രാന്‍സിനോട് അവര്‍ പൊരുതി കീഴടങ്ങുകയായിരുന്നു. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ ഫ്രാന്‍സ് മുന്നിലെത്തി. ഈ ലോകകപ്പില്‍ പ്രതിരോധത്തിന് ഏറെ പേരുകേട്ട മൊറോക്കോയ്ക്ക് ചാമ്പ്യന്‍മാര്‍ക്കെതിരെ പിഴച്ചു.
മധ്യവരയ്ക്കപ്പുറത്ത് നിന്ന് റാഫേല്‍ വരാനെ തൊടുത്ത ലോങ് പാസ് ഒണ്‍ടോയ്ന്‍ ഗ്രീസ്മാന്‍ പിടിച്ചെടുക്കുമ്പോള്‍ മൊറോക്കോയ്ക്ക് അപകടം മനസിലായില്ല. ഗ്രീസ്മാന് പന്ത് കിട്ടുംമുമ്പേ മൊറോക്കന്‍താരം ഇടയില്‍ വീണെങ്കിലും പന്ത് കുരുങ്ങിയില്ല. പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് ഗ്രീസ്മാന്‍ മുന്നേറി. എംബാപ്പെയായിരുന്നു ലക്ഷ്യം. ക്രോസ് ഗോള്‍മുഖത്തേക്ക്. എംബാപ്പെയുടെ ശ്രമം തട്ടിത്തെറിച്ചു. ഇടതുഭാഗത്ത് കുതിച്ചെത്തിയ തിയോ ഹെര്‍ണാണ്ടസിന് പന്ത്. ബോണോ തടയാന്‍ മുന്നിലേക്ക് കയറി. വായുവിലുയര്‍ന്ന് ഇടംകാല്‍ കൊണ്ട് ബോണോയെ നിഷ്പ്രഭനാക്കി തിയോ പന്തടിച്ച് വലയില്‍ കയറ്റി. വലയ്ക്ക് മുന്നിലെ പ്രതിരോധക്കാര്‍ക്കും ഒന്നും ചെയ്യാനായില്ല.
പിഴവുഗോളല്ലാതെ, എതിരാളികള്‍ക്ക് തുറക്കാന്‍ കഴിയാത്ത മൊറോക്കന്‍ വല അതോടെ തകര്‍ന്നു. ഫ്രാന്‍സ് വീണ്ടും ആക്രമണം നടത്തി. എംബാപ്പെയുടെ മിന്നല്‍ക്കുതിപ്പ്. ക്രോസ് ഗോള്‍മുഖത്തേക്ക്. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഒളിവര്‍ ജിറൂ ആ അവസരം പാഴാക്കി. മറുവശത്ത്, പ്രതിരോധത്തില്‍ മൊറോക്കന്‍ ക്യാപ്റ്റന്‍ റൊമാന്‍ സയ്സ് മുടന്തി. പരിക്ക് വലച്ച സയ്സ് കയറി. എന്നാല്‍ വിട്ടുകൊടുക്കാന്‍ മൊറോക്കോ തയ്യാറായില്ല. ഒനൗഹിയുടെ ഷോട്ട് നീളന്‍ ചാട്ടത്തിലൂടെ ഹ്യൂഗോ ലോറിസ് തട്ടിയകറ്റി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മൊറോക്കോയുടെ മറ്റൊരു നീക്കം. ഇക്കുറി കോര്‍ണറില്‍നിന്ന്. തട്ടിത്തെറിച്ച് പന്ത് സിസര്‍കട്ടിലൂടെ ജവാദ് എല്‍ യാമിക്ക് വല ലക്ഷ്യമാക്കി തൊടുത്തു. എന്നാല്‍ പോസ്റ്റിലും ലോറിസിന്റെ ഗ്ലൗവിലും തട്ടി പന്ത് തെറിച്ചു.
ഇടവേളയ്ക്കുശേഷവും പന്തില്‍ കൂടുതല്‍ നിയന്ത്രണം മൊറോക്കോയ്ക്കായിരുന്നു. പക്ഷേ, ബോക്സിലെത്തുന്നതോടെ അവര്‍ ഇടറാന്‍ തുടങ്ങി. ഇബ്രാഹിം കൊനാറ്റയും റാഫേല്‍ വരാനെയും ഉള്‍പ്പെട്ട ഫ്രഞ്ച് പ്രതിരോധവും തടഞ്ഞു. കളംനിറഞ്ഞുകളിച്ച ഗ്രീസ്മാനെയും മൊറോക്കോയ്ക്ക് പിടിച്ചുനിര്‍ത്താനായില്ല. എംബാപ്പെയെ ഒരുപരിധിവരെ തടയാനായെങ്കിലും രണ്ടാംഗോളിലേക്കുള്ള വഴിയില്‍ മൊറോക്കോ പതറി. ഒളിവര്‍ ജിറൂവിന് പകരമെത്തിയ മാര്‍കസ് തുറാം ഫ്രഞ്ച് മുന്നേറ്റത്തിന് കൂടുതല്‍ കരുത്ത് ല്‍കി.
79–ാം മിനിറ്റില്‍ തുറാമും എംബാപ്പെയും ചേര്‍ന്നുനടത്തിയ നീക്കം മൊറോക്കോയെ തകര്‍ത്തു. തുറാമില്‍നിന്ന് പന്ത് സ്വീകരിച്ച എംബാപ്പെ ബോക്സില്‍ കയറി. പ്രതിരോധ താരങ്ങളെ വെട്ടിച്ച് മുന്നോട്ട്. ഇതിനിടെ പന്ത് ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന മുവാനിയിലേക്ക്. കളത്തിലെത്തി 44–ാം സെക്കന്‍ഡില്‍ മുവാനി ലക്ഷ്യം കണ്ടു. ഫ്രാന്‍സ് ഫൈനലിലേക്ക്…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here