ഒരേയൊരു മിശിഹാ

അതുല്യ രാമചന്ദ്രൻ

പറഞ്ഞും കേട്ടും തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും, റൊസാരിയോ തെരുവുകളിലെ ആ അത്ഭുത ബാലന്റെ കഥയ്ക്ക് ഇപ്പോഴും മൂർച്ഛയേറെത്തന്നെയാണ്. പ്രത്യേകിച്ചും ആ കഥ അതിജീവനത്തിന്റേത് കൂടിയാവുമ്പോൾ. മറഡോണയുടെയും മാരക്കാനയിലെ വിജയങ്ങളുടെയും ലാറ്റിൻ അമേരിക്കൻ ചരിത്രം പേറുന്ന അർജന്റീനയിൽ, ഫുട്ബോൾ തന്നെയായിരുന്നു  കുഞ്ഞു മെസ്സിയുടെയും ജീവനും ജീവിതവും.

1987 ജൂൺ 24നു ജോർജ് ഹൊറാസിയോ മെസ്സിയുടെയും സെലിയാ മരിയ ഗുജിറ്റിനിയുടെയും നാല് മക്കളിൽ മൂന്നാമനായാണ് ലയണൽ ആന്ദ്രേ മെസ്സിയുടെ ജനനം. അച്ഛൻ സ്റ്റീൽ ഫാക്ടറി തൊഴിലാളി, അമ്മയ്ക്ക് തൂപ്പു ജോലി. അച്ഛൻ ഒഴിവു സമയങ്ങളിൽ ഗ്രാന്റോളിൽ എന്ന പ്രാദേശിക ക്ലബ്ബിൽ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകിയിരുന്നു. അഞ്ചാം വയസ്സിൽ തന്നെ കുഞ്ഞു മെസ്സിയും അച്ഛനൊപ്പം പന്തുമായെത്തി. അച്ഛനിൽ നിന്നായിരുന്നു ആദ്യപാഠങ്ങൾ. കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രായത്തിൽ കവിഞ്ഞ പ്രതിഭ മെസ്സി പുറത്തുകാട്ടി. 3 വർഷങ്ങൾ കൊണ്ട് തന്റെ 8 ആം വയസ്സിൽ റൊസാരിയോയിലെ പ്രധാന ക്ലബ്ബുകളിലൊന്നായ ന്യു വെൽസ് ഓൾഡ്‌ബോയ്സിൽ മെസ്സി ഇടം നേടി.

കുറഞ്ഞ സമയം കൊണ്ടുതന്നെ തന്റെ ഭാവി ഫുട്ബോളാണെന്ന് തിരിച്ചറിഞ്ഞ സമയത്താണ് ഇഡിയോപ്പതിക് ഷോർട് സ്റ്റേചർ എന്നറിയപ്പെടുന്ന വളർച്ച ഹോർമോണുകളുടെ കുറവ് മെസ്സിക്കുണ്ടെന്ന് കണ്ടെത്തുന്നത്. ഉയരമടക്കമുള്ള ശരീര വളർച്ചയെ ബാധിക്കുക മാത്രമല്ല, കാഴ്ചക്കുറവും പ്രതിരോധശേഷി ഇല്ലാതാവുന്നതടക്കമുള്ള പ്രശ്നങ്ങൾ ഗ്രോത് ഹോർമോൺ ഡെഫിഷ്യൻസി സിൻഡ്രോം എന്ന ഈ രോഗം സമ്മാനിക്കും. ഇതിനുള്ള പ്രതിവിധി ഹോർമോൺ ഇഞ്ചക്ഷനുകൾ നൽകുക എന്നതായിരുന്നു.

തങ്ങളുടെ ജോലികളിൽ നിന്ന് ഈ ചികിത്സക്കുള്ള പണം കണ്ടെത്താൻ മെസ്സിയുടെ കുടുംബത്തിന് കഴിയുമായിരുന്നില്ല. കാൽപന്ത് കളിയുടെ ലോകം കയ്യെത്തും മുൻപേ കൈവിട്ടുപോയത് പോലെയായി മെസ്സിക്ക്. റൊസാരിയോയിലെ പ്രധാന ക്ലബ്ബുകളായ റിവർ പ്ലേറ്സും ന്യൂവെൽസ് ഓൾഡ് ബോയ്സും മെസ്സിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്നിട്ടും ചികിത്സ ചിലവ് താങ്ങാത്തതിനാൽ മെസ്സിയെ കൈവിട്ടതോടെ ഫുട്ബോൾ കരിയർ എന്ന തന്റെ സ്വപ്നത്തിന് അന്ത്യമായി എന്നുതന്നെ മെസ്സി ഉറപ്പിച്ചു. പക്ഷെ കഴിഞ്ഞു എന്നുവിചാരിച്ച ഒരു കഥ ശരിക്കും തുടങ്ങുന്നതേയുണ്ടായിരുന്നിയുള്ളു.

സ്പാനിഷ് ക്ലബ് ആയ ബാഴ്‌സലോണയുടെ സ്‌പോട്ടിങ് ഡയറക്ടർ കാർലസ് റക്‌സാചിന്റെ ശ്രദ്ധ മെസിയിലേക്ക് തിരിഞ്ഞതാണ് കഥയുടെ ഗതി മാറ്റിയത്. സ്പെയ്നിലേക്ക് മാറിത്താമസിക്കാമെങ്കിൽ മെസിയുടെ ചികിത്സാചെലവുകൾ ഏറ്റെടുക്കാമെന്ന്  ബാഴ്‌സലോണ അറിയിച്ചതോടെ മെസ്സി ബാഴ്‌സലോണയുടെ യൂത്ത് ടീമിൽ അംഗമായി. കാൽപന്ത് കളിയുടെ മൈതാനത്തു പ്രവചനങ്ങൾക്ക് വലിയ സ്ഥാനമില്ല. ഗെയിം സ്റ്റാറ്റിസ്റ്റിക്‌സും ഗ്രാഫുകളുമെല്ലാം മാറി മറിയാൻ ഒരൊറ്റ കോർണർ കിക്ക്‌ മതി.

ആ കോർണർ കിക്ക്‌ ആയിരുന്നു മെസ്സിയെ സംബന്ധിച്ചിടത്തോളം ബാഴ്‌സ.  ഓടാൻ കഴിയില്ലെന്ന് വെല്ലുവിളിച്ച രോഗത്തോടൊപ്പം ഈ അഞ്ചടി ഏഴിഞ്ചുകാരൻ ഓടി തീർത്തത് എത്രയെത്ര മൈതാനങ്ങളാണ്? ഒരു 11 വയസ്സുകാരന്റെ ദൃഢനിശ്ചയത്തിലും റക്‌സാച് അവനിലർപ്പിച്ച വിശ്വാസത്തിലും പിറന്നത് മഴവില്ലെന്നും മായാജാലമെന്നും കവിതയെന്നും ലോകം ഓമനപ്പേരിട്ട് വിളിച്ച എത്രയെത്ര ഗോളുകൾ?  ഫുട്ബോൾ ലോകം ഇന്ന് വരെ കണ്ട ഏറ്റവും മനോഹരമായ ഡ്രിബിളുകൾ. കൃത്യതയും ചടുലതയും കൊണ്ട് അടയാളപ്പെടുത്തപ്പെട്ട കാൽക്കീഴിലെ ഭ്രമണങ്ങൾ.

750ലധികം ഗോളുകൾ, 10 ലാലിഗ കിരീടങ്ങൾ, 7 ബാലൺ ദ്യോറുകൾ. കണക്കുകൾ തീരുന്നില്ല, കാരണം സ്വർണത്താടിയുള്ള ആ പത്താം നമ്പറുകാരന്റെ കാൽപന്തുകളിയും അവസാനിക്കുന്നില്ല. സ്വന്തമാക്കാൻ ഇനി ബാക്കിയുള്ളത് ഒരേയൊരു നേട്ടം മാത്രം. കാൽപന്തുകളിയുടെ വിശ്വകിരീടം. നക്ഷത്രങ്ങളുടെ ഗ്യാലറിയിൽ മുൻഗാമി കാത്തിരിക്കുന്നതും അതിനായാണ്. വരുന്ന 18 നു കിരീടമുയർത്താനായില്ലെങ്കിൽ ഇനിയൊരിക്കലും അതുണ്ടാവില്ല.

ആകാശത്തിന്റെ നിറമുള്ള അർജന്റീനിയൻ ജേഴ്സിയിൽ ഇനി താനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു മെസ്സി. ഇത്തവണ കിരീടമണിയാനായില്ലെങ്കിൽ അത്, ജീവിതം തോൽ‌വിയിൽ നിന്ന് കെട്ടിപ്പടുത്ത ഒരു 11 വയസ്സുകാരനിൽ നിന്ന് കാലം കവർന്നെടുക്കുന്ന കാവ്യനീതിയാവും. എങ്കിലും ഗാഥകൾ അവസാനിക്കില്ല. കാരണം ഒരിക്കൽ എം. സ്വരാജ് പറഞ്ഞത് പോലെ അർജന്റീനാ… അത്രമേൽ വേദനയുടെ മാധുര്യവും സൗന്ദര്യവും മറ്റെവിടെയാണുണ്ടാവുക?  മഹാനഷ്ടങ്ങൾ… കടുത്തതാം തോൽവികൾ. കരുത്തരാക്കി  മാറ്റിയ ജനതയാണ് നാം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News