ആർപി ഗ്രൂപ്പിനെ അഭിനന്ദിച്ച് ബഹറൈൻ തൊഴിൽ മന്ത്രി

പ്രവാസി മലയാളി വ്യവസായി രവി പിള്ളയുടെ ആർപി ഗ്രൂപ്പിന്റെ തൊഴിലാളി സൗഹൃത നടപടികളെ അഭിനന്ദിച്ച് ബഹറൈൻ തൊഴിൽ മന്ത്രി. മികച്ച തൊഴിലവസരവും തൊഴിലാളി സൗഹൃദ അന്തരീക്ഷവുമാണ് ആർപി ഗ്രൂപ്പ് ബഹറൈനിൽ ഒരുക്കിയിരിക്കുന്നതെന്ന് തൊഴിൽ മന്ത്രി ഹിസ് ഹൈനസ് ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു.

ബഹറൈൻ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ആർപി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളും ലേബർ ക്യാമ്പുകളും സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബഹറൈനിലെ ഏറ്റവും വലിയ റിഫൈനറിയായ ബാപ്കോ (BAPCO)യുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് ആർ.പി ഗ്രൂപ്പിന് കീഴിലുള്ള എൻഎസ്എച്, ഗൾഫ് ഏഷ്യ തുടങ്ങിയ കമ്പനികളാണ്.

ഈ കമ്പനികളുടെ ഓഫീസിലെത്തിയ ബഹറൈൻ തൊഴിൽ മന്ത്രിയെ ആർ.പി.ഗ്രൂപ്പ് ചെയർമാൻ രവി പിള്ള സ്വീകരിച്ചു. തുടർന്ന് ലേബർ ക്യാമ്പിലെത്തിയ തൊഴിൽ മന്ത്രി തദ്ദേശീയരായ തൊഴിലാളികളുമായി സംസാരിച്ചു. ഇവർക്ക് കമ്പനി നൽകുന്ന ആനുകൂല്യങ്ങളെ കുറിച്ചും ഇവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. തദ്ദേശീയർക്ക് തൊഴിൽ നൽകുന്നതിനും അവർക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതിനും ആർ.പി ഗ്രൂപ്പ് സ്വീകരിക്കുന്ന നടപടികളിൽ അദ്ദേഹം സന്തോഷവും നന്ദിയും രേഖപ്പെടുത്തി.

തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇഞ്ചിനീയർമാരും മാനേജർമാരും സാധാരണ തൊഴിലാളികളുമടക്കം 15000 ത്തിലധികം പേരാണ് ആർപി ഗ്രൂപ്പിനായി ബാപ്കോ റിഫൈനറി സൈറ്റിൽ തൊഴിലെടുക്കുന്നത്. ഇതിൽ 800ൽ അധികം പേർ തദ്ദേശീയരാണ്. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി ആർ.പി ഗ്രൂപ്പാണ് ബഹറൈനിൽ ഏറ്റവും അധികം തദ്ദേശീയർക്ക് തൊഴിൽ നൽകുന്നത്.

ബഹറൈൻ തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹൈക്കി, ബാപ്കോ കമ്പനി ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഹാഫേദ് അൽ ഖസബ്, TTS സംയുക്ത സംരംഭത്തിന്റെ എക്സിക്യൂട്ടീവ് പ്രജക്ട് ഡയറക്ടർ അൽഫോൺസോ ഡിമാരിയോ തുടങ്ങിയവരും തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദിനെ അനുഗമിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here