കണ്ണൂർ മുസ്ലിം ലീഗിൽ വിഭാഗീയത; കെഎം ഷാജിപക്ഷത്തെ ഒതുക്കാൻ സംസ്ഥാന നേതൃത്വത്തിൻ്റെ മൗനാനുമതിയോടെ ജില്ലാ നേതൃത്വം

സംഘടനാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ കണ്ണൂര്‍ ജില്ലയില്‍ മുസ്ലിം ലീഗില്‍ പ്രവർത്തകർ സോഷ്യൽ മീഡിയകളിലടക്കം ചേരിതിരിഞ്ഞ് പരസ്യ ഗ്രൂപ്പ് പോരിലേക്ക് നീങ്ങുന്നു.സംഘടനാ തെരഞ്ഞെടുപ്പു നടന്നുകൊണ്ടിരിക്കെ സംസ്ഥാന സെക്രട്ടറി കെഎം ഷാജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് ജില്ലയില്‍ വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ ക്ക് തുടക്കം കുറിച്ചത്.

അലവില്‍ ശാഖയില്‍ പാര്‍ട്ടി അംഗത്വമെടുത്ത കെഎം ഷാജിയെ അനുകൂലിക്കുന്ന ഒരു വിഭാഗം നേതാക്കള്‍ ജില്ലാ നേതൃത്വത്തിനെതിരെ തിരിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയതോടെ പാർട്ടിയിൽ വിഭാഗിയത ആളിക്കത്തുകയായിരുന്നു.

അതിനിടയിൽ അഴീക്കോട് മുന്‍ എംഎല്‍എ കെ എം ഷാജിയെ സോഷ്യല്‍മീഡിയയില്‍ അനുകൂലിക്കുന്ന അഞ്ചുപേരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കാന്‍ മുസ്‌ലിം ജില്ലാ നേതൃയോഗം തീരുമാനിച്ചു. നിലവിലെ ജില്ലാ നേതൃത്വത്തിനെ സാമുഹ്യ മാധ്യമങ്ങളിലൂടെ തരംതാഴ്ത്തി പ്രചരണം നടത്തിയവര്‍ക്കെതിരെയാണ് നടപടി.

മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കിടയിൽ വിഭാഗീയത പ്രചരിപ്പിക്കുകയും പാര്‍ട്ടിനേതാക്കളെയും ഘടകങ്ങളെയും അപകീർത്തിപെടുത്തുകയും ചെയ്യുന്ന ലീഗ് വോയിസ് കണ്ണൂര്‍ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ നടക്കുന്ന പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നേരത്തെ തന്നെ ജില്ലാ ലീഗ് കമ്മിറ്റി താക്കീത് നൽകിയിരുന്നു.

താഴെ തട്ടിലുള്ള പ്രവര്‍ത്തകന്മാർ അംഗങ്ങള്‍ ആയിട്ടുള്ള ഇത്തരം ഗ്രൂപ്പുകള്‍ പിരിച്ചുവിടുകയും പാര്‍ട്ടി അംഗങ്ങൾ അതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യാൻ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ പോലും വെല്ലുവിളിച്ചുകൊണ്ട് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളെയും, കമ്മിറ്റിയെ ഒന്നടങ്കവും ഇതേ ഗ്രൂപ്പിലൂടെ നിരന്തരം അപഹസിച്ചുകൊണ്ടിരിക്കുന്നത് തുടരുന്നതിനാലാണ് പാര്‍ട്ടി പുറത്താക്കൽ നടപടി സ്വീകരിച്ചത്.

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനും ഷാര്‍ജ കെഎംസിസി ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറിയുമായ നസീര്‍ തേര്‍ളായി, കെപി താജുദ്ദീന്‍ (നടുവില്‍), കെ ഉമര്‍ ഫാറൂഖ് (വെള്ളിക്കീല്‍ ), കുട്ടി കപ്പാലം (തളിപ്പറമ്പ്) , ടിപി സിയാദ് (കുപ്പം) എന്നിവരുടെ പാര്‍ട്ടിഅംഗത്വം റദ്ദ്‌ ചെയ്യുന്നതിന് ജില്ലാ പ്രസിഡന്‍റ് സ്വീകരിച്ച നടപടി യോഗം ഐക്യകണ്‌ഠേന അംഗീകരിച്ച് തുടര്‍ നടപടികള്‍ക്ക്‌ സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇവര്‍ നേതൃത്വം നല്‍കുന്ന വാട്ട്സാപ്പ് ഗ്രൂപ്പ് പാര്‍ട്ടി വിരുദ്ധഗ്രൂപ്പാണെന്നും ജില്ലാ നേതൃത്വം പ്രവര്‍ത്തകരെ അറിയിച്ചു.

അഴീക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ ജില്ലാ ജനറല്‍ സെക്രട്ടറി അബദുല്‍ കരീം ചേലേരിയുടെ നേതൃത്വത്തിലുള്ള കണ്ണൂരിലെ ഔദ്യോഗിക നേതൃത്വം കാലുവാരിയെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജി പാർട്ടി പിടിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്. അഴീക്കോട് ഹൈസ്‌കൂളിന് ഹയര്‍സെക്കന്‍ഡറിയായി സ്ഥാനകയറ്റം നല്‍കുന്നതിനു കോഴവാങ്ങിയെന്ന വിജിലന്‍സ് കേസില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കളില്‍ ചിലര്‍ പ്രതികൂലമായി മൊഴിനല്‍കിയതും ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയാണ് എന്നാണ് ഷാജിപക്ഷത്തിൻ്റെ ആരോപണം.

ഫെബ്രുവരി 10ന് തുടങ്ങുന്ന ലീഗ് ജില്ലാസമ്മേളനത്തിനിടെ സംസ്ഥാന നേതൃത്വത്തിന്‍റെ മൗനാനുവാദത്തോടെ കെ. എം ഷാജിയെ അനുകൂലിക്കുന്നവരെ സംഘടനാ അച്ചടക്ക നടപടി ഉപയോഗിച്ചു നേരിടാനാണ് ഔദ്യോഗിക നേതൃത്വം തന്ത്രങ്ങൾ മെനയുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News