പോര് മുറുകുന്നു; കളി കൊളീജിയത്തോട്

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായതിന് പിന്നാലെ ജഡ്ജിമാരുടെ നിയമനത്തെ ചൊല്ലി തുടങ്ങിയ ഏറ്റുമുട്ടല്‍ അവസാനിക്കുന്നില്ല. ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കേന്ദ്രം അംഗീകാരം നല്‍കിയതോടെ സുപ്രീംകോടതി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അങ്ങനെ വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിന്റെ സൂചന തന്നെയാണ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജുവിന്റെ വാക്കുകള്‍

ജഡ്ജിമാരുടെ നിയമനത്തിനായി നിലവിലെ കൊളീജിയം സംവിധാനം പര്യാപ്തമല്ല എന്നാണ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജു പറഞ്ഞത്. ജഡ്ജിമാരുടെ സംവിധാനത്തിനായി പ്രത്യേക സംവിധാനം ആവശ്യമാണെന്നും അതിനുള്ള നടപടികള്‍ വേണ്ടി വരുമെന്നും പാര്‍ലമെന്റില്‍ കിരണ്‍ റിജ്ജിജു വ്യക്തമാക്കി. രാജ്യത്ത് ഹൈക്കോടതികളിലും സുപ്രീംകോടതിയിലും കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ജഡ്ജിമാരുടെ എണ്ണം കൂട്ടണമെന്നും അതിനായി പ്രത്യേക സംവിധാനം വേണമെന്നതുമാണ് മന്ത്രിയുടെ നിലപാട്

അപ്പീല്‍ കോടതികളിലെ ജഡ്ജിമാരുടെ നിയമനം നിലവില്‍ സുപ്രീംകോടതി കൊളീജിയമാണ് തീരുമാനിക്കുന്നത്. കൊളിജിയം നല്‍കുന്ന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി അതിന്മേല്‍ വിജ്ഞാപനം ഇറക്കും. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കൊളീജിയം ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ അംഗീകരിക്കാതെ നിയമനം നീട്ടിക്കൊണ്ടുപോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതേചൊല്ലി സുപ്രീംകോടതിയും സര്‍ക്കാരും തമ്മിലുള്ള ശീതസമരം തുടങ്ങിയിട്ട് നാളുകളായി.

മുന്‍ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ കൊളീജിയം അയച്ച ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ പേരിന് കേന്ദ്രം അംഗീകാരം നല്‍കാത്തതാണ് തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കിയത്. ഒടുവില്‍ സുപ്രീംകോടതിക്ക് മുമ്പില്‍ കേന്ദ്രം മുട്ടുകുത്തി. അതിന് പിന്നാലെ കൊളിജിയം സംവിധാനത്തിനെതിരെ വീണ്ടും കേന്ദ്രം നീങ്ങുന്നത്.

കൊളീജിയത്തിന് പകരം ജഡ്ജിമാരുടെ നിയമനത്തിനായി ദേശീയ ജൂഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിച്ചുകൊണ്ട് 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും നിയമന്ത്രി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി ജഡ്ജിമാരെ നിയമിക്കുന്നതായിരുന്നു ആ സംവിധാനം. അതിനെതിരെയുള്ള ഹര്‍ജിയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിയമം സുപ്രീംകോടതി റദ്ദാക്കി. സമിതി ഭരണഘടന വിരുദ്ധം എന്നായിരുന്നു ജസ്റ്റിസ് ജെ.എസ്.കെഹേര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി.

സുപ്രീംകോടതി വിധി അംഗീകരിക്കുന്നു എന്ന് അന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും കൊളിജിയത്തിനെതിരെ നീങ്ങുകയാണ്. നിലവിലെ കൊളീജിയം സംവിധാനത്തോട് യോജിപ്പില്ല എന്നതുതന്നെയാണ് കേന്ദ്ര നിയമമന്ത്രി നിലപാട്. സുപ്രീംകോടിയിലും ഹൈക്കോടതികളിലും നിരവധി ജഡ്ജിമാരുടെ ഒഴിവുകള്‍ നിലവിലുണ്ട്. സുപ്രീംകോടതിയില്‍ 34 ജഡ്ജിമാര്‍ വേണ്ടിടത്ത് നിലവില്‍ 28 ജഡ്ജിമാര്‍ മാത്രമെ ഉള്ളു. പുതിയ ജഡ്ജിമാരെ തീരുമാനിക്കാനായി കൊളീജിയം യോഗം ചേരാനിരിക്കെയാണ് കൊളിജിയത്തില്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന തരത്തില്‍ കേന്ദ്ര നിയമമന്ത്രിയുടെ പ്രസ്താവന.

കൊളിജിയത്തിനെതിരെയുള്ള കേന്ദ്ര നീക്കത്തെ കടുത്ത ഭാഷയില്‍ തന്നെ സുപ്രീംകോടതി വിമര്‍ശിച്ചിട്ടുണ്ട്. കൊളിജിയത്തിനെതിരായ നീക്കങ്ങളൊന്നും വിലപ്പോകില്ലെന്നും അതുകൊണ്ട് കൊളിജിയം തകരുമെന്ന് ആരും കരുതേണ്ടെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. സുപ്രീംകോടതി-സര്‍ക്കാര്‍ പോര് അതിരൂക്ഷമാകുന്ന സൂചനകള്‍ പുറത്തുവരുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News