അംഗനവാടി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല: എൻ.കെ പ്രേമചന്ദ്രൻ

അംഗനവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് തുല്യമാക്കി സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി.അംഗനവാടികളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം

നിലവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കോ സംഘടിത മേഖലയിലെ ഇതര ജീവനക്കാര്‍ക്കോ ലഭിക്കുന്ന യാതൊരു ആനുകൂല്യങ്ങളും അംഗനവാടി ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. കേന്ദ്ര – സംസ്ഥാന ജീവനക്കാര്‍ക്ക് സമാനമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ ഇ.പി.എഫ്, ഇഎസ്ഐ പോലുളള ആനുകൂല്യങ്ങളെങ്കിലും അംഗനവാടി ജീവനക്കാര്‍ക്ക് നല്‍കേണ്ടതാണ് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ ചികിത്സയ്ക്കുളള ആനുകൂല്യം പോലും ലഭിക്കാതെ അംഗനവാടി ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഇ.എസ്.ഐ യുടെ പരിധിയില്‍ അംഗനവാടി ജീവനക്കാരെ കൊണ്ടുവരേണ്ടതും ചികിത്സാ സൗകര്യം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന അംഗനവാടികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമാണ്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും ബുദ്ധിവികാസത്തിനും ഹൈടെക്ക് അംഗനവാടികള്‍ സ്ഥാപിക്കണം എന്നും കൊല്ലം എംപി പറഞ്ഞു.

അംഗനവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും യോഗ്യത നിശ്ചയിക്കുവാനും നിയമനത്തിന് സുതാര്യമായ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുമാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റവും ശ്രദ്ധാപ്പൂര്‍വ്വം കൈകാര്യം ചെയ്യേണ്ട അംഗനവാടികളുടെ വികസനവും ശിശുക്ഷേമവും ഗൗരവമായി കണക്കിലെടുത്ത് അംഗനവാടികളുടെ സമഗ്ര വികസനം സാധ്യമാക്കാന്‍ തയ്യാറാകണമെന്നും എന്‍കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News