രഞ്ജിട്രോഫി കേരളത്തിന് വിജയത്തുടക്കം

രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ കേരളത്തിന് വിജയത്തുടക്കം. ഝാര്‍ഖണ്ഡിനെ 85 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു കേരളത്തിന്റെ വിജയം. ഝാര്‍ഖണ്ഡിനും വിജയത്തിനായി പൊരുതാനുള്ള അവസരമുണ്ടാക്കി അവസാനദിവസം രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ കേരളം തീരുമാനിക്കുകയായിരുന്നു. 7 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ആദ്യ ഇന്നിംഗ്സില്‍ കേരളം 135 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. 323 റണ്‍സായിരുന്നു ഝാര്‍ഖണ്ഡിന്റെ വിജയലക്ഷ്യം. എന്നാല്‍ വിജയത്തിലേയ്ക്ക് കുതിക്കാനാവാതെ 237 റണ്‍സിന് ഝാര്‍ഖണ്ഡ് പുറത്താകുകയായിരുന്നു.

ഝാര്‍ഖണ്ഡിനായി കുമാര്‍ കുശാഗ്ര 92 റണ്‍സെടുത്ത് പൊരുതിയെങ്കിലും മറ്റു ബാറ്റര്‍മാര്‍ കേരളത്തിന്റെ ബൗളിങ്ങ് കരുത്തിന് മുന്നില്‍ പതറുകയായിരുന്നു. ആദ്യ ഇന്നിംഗ്സിലെ ടോപ്പ് സ്‌കോറര്‍മാരായ ഇഷാന്‍ കിഷന്‍ 22 റണ്‍സിനും സൗരഭ് തിവാരി 37 റണ്‍സിനും പുറത്തായത് ഝാര്‍ഖണ്ഡിന് വിനയായി. ഝാര്‍ഖണണ്ഡ് ഇന്നിംഗ്സില്‍ 5 ബാറ്റര്‍മാര്‍ റണ്‍സൊന്നും നേടാതെയാണ് പുറത്തായത്. കേരളത്തിനായി ജലക് സക്സേന നാലും വൈശാഖ് ചന്ദ്രന്‍ അഞ്ചും ബേസില്‍ തമ്പി 1 വിക്കറ്റും വീതം സ്വന്തമാക്കി.

നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കേരളത്തിന് വേണ്ടി രോഹന്‍ പ്രേമിന് മാത്രമാണ് മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചത്. മറ്റു ബാറ്റര്‍മാര്‍ പരാജയപ്പെട്ടെങ്കിലും മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളം ഭേദപ്പെട്ട വിജയലക്ഷ്യം കുറിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റുകള്‍ നേടിയ ജലക് സക്സേനയാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്.

രണ്ട് ഇന്നിംഗ്സിലും അര്‍ദ്ധ സെഞ്ച്വറി നേടിയ റോഹന്‍ പ്രേമിന്റെ ബാറ്റിംഗ് പ്രകടനവും കേരളത്തിന് തുണയായി. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനും അര്‍ദ്ധ സെഞ്ചറികള്‍ സ്വന്തമാക്കിയ സിജോ മോന്‍ ജോസഫും സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും കേരളത്തിന്റെ വിജയത്തില്‍ പങ്കാളികളായി. ഈ വിജയത്തോടെ 6 പോയിന്റുകള്‍ സ്വന്തമാക്കിയ കേരളം ഗ്രൂപ്പില്‍ രണ്ടാമതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News