സുപ്രിം കോടതിയുടെ പണി എന്താണ്? കേന്ദ്ര നിയമമന്ത്രിയോട് ചീഫ് ജസ്റ്റിസ്

ജാമ്യാപേക്ഷകൾ സുപ്രിം കോടതി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന കേന്ദ്രനിയമ മന്ത്രി കിരൺ റിജ്ജുവിന്റെ പ്രസ്താവക്ക് മറുപടി നൽകി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. ഒരു കേസും സുപ്രീംകോടതിക്ക് ചെറുതല്ല. വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി ഇടപെടൽ നടത്താനായില്ലെങ്കിൽ പിന്നെയെന്താണ് സുപ്രിംകോടതിയുടെ പണിയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. വൈദ്യുതി മോഷണം നടത്തിയതിന് 18 വർഷം തുടർച്ചയായി ശിക്ഷ അനുഭവിക്കണമെന്ന കോടതി ഉത്തരവിനെതിരെയുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് കേന്ദ്ര മന്ത്രിയുടെ പാർലമെൻ്റിലെ പരാമർശത്തിനെതിരായി കോടതിയുടെ നിലപാട് വ്യക്തമാക്കിയത്.

കേസുകളിൽ ഇടപെടാതിരുന്നാൽ ഭരണഘടനയുടെ നൂറ്റിമുപ്പത്തിയാറാം അനുച്ഛേദമാണ് കോടതി തന്നെ ലംഘിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കേസുകൾ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിൽ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസാര പൊതുതാൽപര്യ ഹർജികളോ പരിഗണിക്കരുതെന്ന് കഴിഞ്ഞ ദിവസം കിരൺ റിജ്ജു കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നൽകിയത്.

കോടതി ഇന്ന് പരിഗണിച്ച വൈദ്യുത കേസിലെ പ്രതിയായ ഇഖ്റാം ഒമ്പത് കേസുകളിലായി രണ്ട് വർഷം വീതം ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ ഒരേ സമയം നടപ്പാക്കുന്നതിന് പകരം തുടർച്ചായി 18 വർഷം തടവ്ശിക്ഷ അനുഭവിക്കണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി.ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അലഹാബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളി.ഇതിനെതിരെയാണ് ഇഖ്റാം സുപ്രിം കോടതിയെ സമീപിച്ചത്.

ഇഖ്റാമിന്റെ ശിക്ഷ ഒരേസമയം നടപ്പാക്കണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി ഹൈക്കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടതായിരുന്നുവെന്നും വ്യക്തമാക്കി. കേസിൽ സുപ്രീംകോടതി ഇടപെട്ടില്ലെങ്കിൽ നീതിനിഷേധം തുടരുകയും പൗരന്റെ ശബ്ദം അവഗണിക്കപ്പെടുകയും ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here