ബഫര്‍ സോണ്‍: സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കും: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ ഉപഗ്രഹ സര്‍വ്വെ റിപ്പോര്‍ട്ട് മാത്രം കണക്കിലെടുത്ത് മുന്നോട്ടു പോകാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ്. സംസ്ഥാന റിമോര്‍ട്ട് സെന്‍സിംഗ് ആന്റ് എന്‍വിയോണ്‍മെന്റ് സെന്റര്‍ പുറത്തു വിട്ട് മാപ്പ് പ്രകാരം നദികള്‍ റോഡുകള്‍ വാര്‍ഡുകളുടെ അതിര്‍ത്തികള്‍ എന്നിവ സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്ന തരത്തിലല്ല രേഖപ്പെടുത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലകളായ നിരവധി പ്രദേശങ്ങളെ പൂര്‍ണമായും വനഭൂമിയുടെ പരിധിയില്‍ കൊണ്ടു വരുന്ന ഉപഗ്രഹ സര്‍വ്വെ റിപ്പോര്‍ട്ട് അശാസ്ത്രീയമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ അതിജീവിച്ചാണ് വനാതിര്‍ത്തികളിലുള്ള കര്‍ഷകരുടെ ജീവിതം. അവര്‍ക്ക് ബഫര്‍സോണ്‍ വിഷയത്തിലെ സര്‍ക്കാരിന്റെ പുതിയ തീരുമാനം മറ്റൊരു പ്രഹരമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാണ് നിലവില്‍ ഉപഗ്രഹ സര്‍വ്വെ പ്രകാരമുള്ള മാപ്പ്. പരാതിയുള്ളവര്‍ക്ക് 10 ദിവസത്തിനുള്ളില്‍ വിദഗ്ദ സമിതിയെ സമീപിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അവ്യക്തമായ മാപ്പ് പരിശോധിച്ച് സാധാരണക്കാര്‍ക്ക് എങ്ങിനെ പരാതി നല്‍കാനാകുമെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്നു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായി ഗ്രൗണ്ട് സര്‍വ്വെ നടത്തണം അതല്ലെങ്കില്‍ സര്‍ക്കാരിനെതിരെ ജനങ്ങള അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

ബഫര്‍സോണ്‍ വിഷയത്തില്‍ യാതൊരു ആശങ്കയും വേണ്ട എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വനാതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി മാത്രമെ മുന്നോട്ടു പോകൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് ഇടതുപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിലും ആവശ്യപ്പെട്ടിരുന്നു. ബഫര്‍സോണ്‍ നിയന്ത്രണം കര്‍ശനമാക്കിയ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജനുവരിയില്‍ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിനെതിരെ ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ നീക്കം ശക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News