ബാനോ: നീതിനിഷേധങ്ങളുടെ ഓർമപ്പെടുത്തൽ

അതുല്യ രാമചന്ദ്രൻ

സ്വാതന്ത്ര്യത്തിന്‍റെ  എഴുപത്തിയഞ്ചാം വർഷത്തിൽ രാജ്യം ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു അത്. ബില്‍ക്കിസ് ബാനോ കൂട്ടബലാല്‍സംഗ കേസിലെ 11 കുറ്റവാളികളെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഗാന്ധിജിയുടെ നാട്ടില്‍ മധുരം നല്‍കി അവരെ സംഘപരിവാര്‍ സ്വീകരിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ധീരന്മാരോ, രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് വേണ്ടി പൊരുതിയവരോ അല്ല. ഗുജറാത്ത് വംശഹത്യക്കിടെ സ്ത്രീകളെ കൂട്ടബല്‍സംഗം ചെയ്തും ഗര്‍ഭിണിയുടെ വയറ്റിലേക്ക് കഠാര കുത്തിയിറക്കി ചോരക്കുഞ്ഞിനെ വലിച്ച് പുറത്തിട്ടതിനും ഒരുപാട് മനുഷ്യരെ പച്ചക്ക് കൊന്നുതള്ളിയതിനും ജീവപര്യന്തം ശിക്ഷ നേരിടുന്നവരായിരുന്നു എല്ലാം. അവരെയാണ് വീരപുരുഷന്മാരാ‍ക്കിയത്. നീതി തേടി പരമോന്നത കോടതിയുടെ വാതില്‍ മുട്ടിയ ബില്‍ക്കിസ് ബാനുവിന് പൊട്ടിക്കരയേണ്ടിവന്നിരിക്കുന്നു. കൂട്ടബലാല്‍സംഗ കേസിലെ കുറ്റവാളികളെ ഗുജറാത്ത് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മോചിപ്പിക്കുന്നതിന് തടസ്സമില്ല എന്ന സുപ്രീംകോടതി വിധിയായിരുന്നു ആഗസ്റ്റ് 15ന് നടപ്പാക്കിയത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയുടെ , സൗകര്യപൂർവം നമ്മൾ മറന്നു കളഞ്ഞ, പേരോ മുഖങ്ങളോ ഇല്ലാത്ത ഒരു വിഭാഗത്തിന്റെ, ഒരിക്കലും തിരുത്താൻ കഴിയാത്ത ഒരു നീതി നിഷേധത്തിന്റെ എല്ലാം പ്രതീകമാണ് ബിൽക്കിസ് യാക്കൂബ് റസൂൽ എന്ന ബിൽക്കിസ് ബാനോ .

2002 മാർച്ച് 3.ഗുജറാത്തിലെ ലിംഖേദയിലെ ഒരു ഗ്രാമം .ഗോധ്ര കലാപത്തെ തുടർന്ന് ഗർഭിണിയായ ഒരു 19 കാരിയും കൊച്ചുകുട്ടിയുമടങ്ങുന്ന 14 അംഗ കുടുംബം പലായനത്തിലാണ്. ദിവസങ്ങൾക്ക് മുൻപ് വരെ തങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങിയും പോവുന്ന വഴിക്ക് കുശലം പറഞ്ഞും കഴിഞ്ഞിരുന്ന അയല്ക്കാര് , സഹായവും അഭയവും നൽകേണ്ടിയിരുന്നവർ, ആ കുടുംബത്തെ ചിന്ന ഭിന്നമാക്കുന്നു.പുരുഷന്മാരെ മറ്റുള്ളവരുടെ കണ്മുന്നിലിട്ട് കൊല്ലുന്നു.ഗർഭിണിയായ യുവതിയടക്കമുള്ളവരെ  ക്രൂരമായ ബലാത്സംഗത്തിനിരയാക്കുന്നു . 3 വയസ്സുള്ള കുഞ്ഞിനെ തറയിലടിച്ച് കൊലപ്പെടുത്തുന്നു.കുടുംബത്തിലെ ഏഴ് പേർ മരിച്ചു .ആറു പേർ എങ്ങിനെയെല്ലാമോ ഓടി രക്ഷപ്പെടുന്നു . ബാക്കിയായത് ഒരേയൊരാൾ . അഞ്ചു മാസം ഗർഭിണിയായ ബിൽക്കിസ് ബാനോ. തന്നെ ബലാത്സംഗം ചെയ്ത 11 പേരുടെയും പേര് ഉറപ്പിച്ചു പറയാൻ അവൾക്ക് കഴിഞ്ഞത് കൊണ്ട് മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട എഫ് ഐ ആർ.അന്ന് തൊട്ട് രണ്ട് ദശാബ്ദങ്ങളായി ബാനോ പോരാടിക്കൊണ്ടേയിരിക്കുകയാണ്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2017 ൽ 11 കുറ്റവാളികളുടെയും ശിക്ഷ ശരിവച്ചു .

കലാപത്തിൻ്റെ  ആയുധങ്ങളിലൊന്നായി ബലാത്സംഗവും മാറിയിട്ട് കാലം കുറച്ചായിരിക്കുന്നു. ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിപ്പിച്ച് അപമാനം മായ്ചുകളയുന്ന ഖാപ് പഞ്ചായത്തുകളുള്ള ഇന്ത്യയിൽ ഈ 11 പേർക്ക്  ലഭിച്ച ശിക്ഷ ഒരു പ്രതീക്ഷ കൂടിയായിരുന്നു. നീതി ഇപ്പോഴും സാധ്യമാണെന്ന് സ്വയം ആശ്വസിക്കാൻ ബാനോ ഒരു പ്രേരണയായിരുന്നു. ഇതിനെല്ലാം മുകളിലേക്കാണ് 2022 ലെ സ്വാത്രന്ത്ര്യ ദിനം പുലരുന്നത്. നല്ല നടപ്പും സ്വഭാവ ശുദ്ധിയും പാരമ്പര്യവും കണക്കിലെടുത്തു 11 പ്രതികളെയും വിട്ടയക്കുന്നു.ജയിലിൽ നിന്നിറങ്ങിയ അവരെ മധുരം നൽകിയും ആരതി ഉഴിഞ്ഞും തിലകം ചാർത്തിയും ആനയിക്കുന്നു. ഭക്ഷണവും ഭാഷയും സംഗീതവും സംസ്ക്കാരവും പോലും വർഗീയ സ്വത്വത്തിൻ്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ കുറ്റകൃത്യവും നീതിയും നിരപരാധിത്വവും കുറ്റബോധവും പോലും അടയാളപ്പെടുത്തപ്പെടുന്നത് ഇങ്ങനെയാണ്.  അതിനാൽ തന്നെ പ്രതികളുടെ മോചനത്തോടുള്ള ജനരോഷത്തിൻ്റെ അഭാവത്തെകുറിച്ചോ , കുറ്റവും ശിക്ഷയും അത് ആറു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് എന്ന് പറയുന്ന ഇരട്ടത്താപ്പിനെക്കുറിച്ചോ ആശങ്കപ്പെടുന്നതിൽ അർത്ഥമില്ല.

ഇപ്പോള്‍ സുപ്രീംകോടതി തീരുമാനം വന്നിരിക്കുന്നത് 11 കുറ്റവാളികളെ മോചിപ്പിക്കാന്‍ ഇടയായ വിധി ശരിവെച്ചുകൊണ്ട്. ഇവരുടെ മോചനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതിക്ക് മുമ്പിലുണ്ട്. ഇനിയുള്ള പ്രതീക്ഷ അതില്‍ മാത്രമാണ്.

‘പ്രതികൾക്ക് ശിക്ഷ ലഭിച്ചു എന്നതും ജയിലിൽ അടയ്ക്കപ്പെട്ടു എന്നതും ഞാൻ അനുഭവിച്ച ദുരിതങ്ങൾക്ക് അറുതിയാക്കുന്നില്ല.’ ബിൽക്കിസിൻ്റെ വാക്കുകളാണ്…… ഇങ്ങനെയോ നീതിയുടെ അവസാനം എന്ന ബാനോവിൻ്റെ ചോദ്യംനീതിപീഠത്തോട് മാത്രമുള്ളതല്ല . നിശ്ശബ്ദരായിരിക്കുന്ന എല്ലാവരോടുമുള്ളതാണ്.

ഗർഭിണിയായ ഒരു 19 കാരിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീകളെയും ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത  11 പേരെ വെറുതെ വിട്ട അതെ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് രാജ്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെയാണ് . ‘നമ്മുടെ  പെരുമാറ്റത്തിലും സംസ്കാരത്തിലും സ്ത്രീകളെ അപമാനിക്കുന്ന എല്ലാറ്റിനെയും ഒഴിവാക്കാൻ നമ്മുക്ക് പ്രതിജ്ഞയെടുക്കാൻ കഴിയില്ലേ ? ‘ വിരോധാഭാസത്തിൻ്റെ മൂർത്തിമദ് ഭാവമെന്നൊന്നും പറഞ്ഞാൽ പോരാ. നാരീ ശക്തി , ബേട്ടി ബചാവോ ബേട്ടി പഠാവോ , ഇനിയും എന്തൊക്കെ കേൾക്കണം ? കലാപം,വംശഹത്യ ,ബലാത്സംഗം,കൊടിയ പീഡനങ്ങൾ സകല ഭീഷണികളെയും നേരിട്ട് നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചു നിന്ന ഒരു സ്ത്രീക്ക് വേണ്ടി ഒരു രാജ്യത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലയെന്നത് ദയനീയതയിലപ്പുറം ദാരുണമാണ്. വരും കാലത്ത് ഈ രാജ്യം അതിൽ വിശ്വസിക്കുന്ന ജനതയ്ക്ക് നല്കാൻ പോകുന്ന നീതിയുടെ അളവിനെക്കുറിച്ചോർത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News