
സെമി ഫൈനലില്‍ ആഫ്രിക്കന്‍ കൊമ്പന്മാരായ മൊറോക്കോയെ 2-0ന് തോല്‍പ്പിച്ച ലെസ് ബ്ലൂസ് 24 വര്‍ഷത്തിനിടെ ഫൈനലില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയുമായി ലുസൈലില്‍ അര്‍ജന്റീനക്കെതിരെ ഇറങ്ങും.
അതേസമയം, സെമിഫൈനലില്‍ ക്രൊയേഷ്യയുടെ രണ്ടാം ഫൈനല്‍ മോഹങ്ങളെ എതിരില്ലാത്ത രണ്ടു ഗോളിന് തല്ലിക്കെടുത്തി ലയണല്‍ സ്‌കലോണിയുടെ സംഘം ഫൈനലിന് ടിക്കറ്റ് ഉറപ്പിച്ചു.
അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസ്സിയിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസ്സി തന്റെ നേട്ടങ്ങളുടെ പട്ടികയിലേക് ലോക കിരീടം കൂട്ടിച്ചേര്‍ക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധക ലോകം. എല്ലാം നേടിയിട്ടും ആ വിടവ് അതങ്ങനെ തന്നെ മനസ്സില്‍ കിടക്കുന്നുണ്ട്. ലോകമെങ്ങുമുള്ള ആരാധകര്‍, കളിയെഴുത്തുകാര്‍ ഇതിനോടകം തന്നെ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു തങ്ങളുടെ പ്രിയ താരം ഐക്കണിക്ക് ട്രോഫി ഉയര്‍ത്തുന്ന ആ മനോഹര ദൃശ്യം.
മെസ്സിയിലേക്കാണ് ലോകത്തിന്റെ കണ്ണ് മുഴുവനും. ക്രൊയേഷ്യക്കെതിരായ മാച്ചില്‍ ഡൊമിനിക് ലിവകോവിച്ച് അല്‍വാരസിനെ ഫൗള്‍ ചെയ്തതായി റഫറി വിധിയെഴുതി. മെസ്സി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വന്നു. മനസിലുറപ്പിച്ചതുപോലെ പന്ത് സൈഡ് നെറ്റിലേക്ക് പായിച്ചു. അര്‍ജന്റീന ഒരു ഗോളിന് മുന്നിലായി. പെനാല്‍റ്റിക്കെതിരെ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് മെസ്സി മന്ത്രികനായി. ക്രൊയേഷ്യന്‍ പ്രതിരോധക്കാരെ മറികടന്ന് നടത്തിയ മുന്നേറ്റം. ഇരുപത് വയസുകാരനായ ജോസ്‌കോ ഗ്വാര്‍ഡിയോളിനെ കാഴ്ചക്കാരനനാക്കി മുപ്പത്തിയഞ്ചുകാരന്‍ മെസ്സി പന്ത് അല്‍വാരസിലേക്ക് എത്തിച്ചു നല്‍കി. രണ്ടാം ഗോള്‍ പിറന്നു. വിമര്‍ശകരുടെ നാവടക്കിയ ഗോള്‍ അസിസ്റ്റ്. ക്രൊയേഷ്യക്കെതിരെ മൂന്നു ഗോളിന്റെ ഏകപക്ഷീയ ജയവുമായി അര്‍ജന്റീന ഫൈനലിലേക്ക്.
1986 ലെ കിരീട വിജയത്തിന് ശേഷം ഫൈനലിലെത്തിയ മൂന്ന് തവണയും ആ യാത്ര കണ്ണീരില്‍ അവസാനിച്ചു. ഖത്തറില്‍ കൂടി തോല്‍വി പിണഞ്ഞാല്‍ നാല് ലോകകപ്പ് ഫൈനല്‍ മത്സരങ്ങളില്‍ തോല്‍വി പിണയുന്ന ടീമെന്ന ജര്‍മ്മനിയുടെ അനാവശ്യ റെക്കോര്‍ഡിന് ഒപ്പം അര്‍ജന്റീനയുടെ പേരും ചേര്‍ക്കപ്പെടും.
2010-ല്‍ സ്പെയിനിന് മാത്രമേ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ തോല്‍വി അറിഞ്ഞതിനു ശേഷവും ഫൈനലിലേക്ക് മുന്നേറാന്‍ കഴിഞ്ഞിട്ടുള്ളൂ, അര്‍ജന്റീന ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് ഫൈനലിലേക്ക് കടന്നത്. സ്‌കലോണിയുടെ ടീം ഖത്തറില്‍ ഒരു കളിയില്‍ ശരാശരി ആറ് ഷോട്ടുകളില്‍ കൂടുതല്‍ നേരിട്ടിട്ടില്ല എന്നത് അവരുടെ പ്രതിരോധ നിരയുടെ കരുത്തിനെ പ്രകടമാക്കുന്നു.
കെലിയന്‍ എംബാപ്പെയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ അവര്‍ തന്ത്രമൊരുക്കും എന്നുറപ്പാണ്.
ഖത്തറിലേക്ക് വിമാനം കയറുന്നതിന് മുമ്പ് ഫ്രാന്‍സിന് സംഭവിക്കാവുന്ന ദുരന്തങ്ങളെ കുറിച്ച് വാചാലരായിരുന്നു ഏവരും. പ്രധാന കളിക്കാര്‍ക്കുള്ള എണ്ണമറ്റ പരിക്കുകള്‍, ഗ്രൗണ്ടിന് പുറത്തുള്ള വിവാദങ്ങള്‍. എന്നാല്‍ അനാവശ്യ വിവാദങ്ങളെ ചവിട്ടിയരച്ച് ഫ്രഞ്ച് ടീം അവരുടെ പടയോട്ടം തുടങ്ങി. നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഈ ട്രോഫി എത്രത്തോളം അര്‍ഹമാണ് എന്നത് അവര്‍ ഓരോ കളിയിലും തെളിയിച്ചു കൊണ്ടേയിരുന്നു.
പോള്‍ പോഗ്ബ ഇല്ല. കാന്റെ ഇല്ല. നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവ് കരിം ബെന്‍സെമ ഇല്ല. എന്നിരിക്കിലും ദിദിയര്‍ ദെഷാംപ്സിനെ അതൊന്നും അലട്ടുന്നേയില്ല. ലോകകപ്പ് ജേതാവായ കളിക്കാരനും മാനേജരുമായ കോച്ച് തന്റെ ടീമിലേക്ക് വജ്രായുധമായ ബെന്‍സേമയെ ഇറക്കാന്‍ ഒരുങ്ങുന്നു എന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഫ്രഞ്ച് ടീം അധികൃതര്‍ ഇതുവരെ ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. എങ്കിലും ഇംഗ്ലണ്ടിനെയും മൊറോക്കോയെയും മറികടന്നു ഫൈനലിലെത്തുമ്പോള്‍ ദെഷാംപ്സ് തന്റെ ടീമില്‍ പൂര്‍ണ തൃപ്തനാണ്.
അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ ഏറ്റുമുട്ടുന്ന 13-ാമത് മാച്ചിനാണ് ഖത്തറില്‍ കളമൊരുങ്ങുന്നത്. കഴിഞ്ഞ 12 മാച്ചുകളില്‍ അര്‍ജന്റീന ആറ് വിജയങ്ങള്‍ നേടി. ഫ്രാന്‍സിന് മൂന്ന് വിജയങ്ങള്‍ ലഭിച്ചു.
ലോകക്കപ്പ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ നിമിഷങ്ങള്‍ കടന്ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ലോകക്കപ്പ് ഫൈനല്‍ മത്സരത്തിന് വിസില്‍ മുഴുങ്ങുന്നു. ലോക ഫുടബോള്‍ കിരീടത്തിനായുള്ള പോരാട്ടത്തില്‍ അര്‍ജന്റീന ഫ്രാന്‍സിനെ നേരിടും.
ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ലോകമെങ്ങുമുള്ള ഫുടബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന സ്വപ്ന ഫൈനല്‍ . നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് തങ്ങളുടെ മൂന്നാം കിരീട നേട്ടത്തിനായി കളത്തിലിറങ്ങുന്നത് ചരിത്രം കുറിയ്ക്കാനായിരിക്കും. ഫ്രാന്‍സ് കിരീടം നേടിയാല്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ തുടര്‍ച്ചയായ രണ്ടാമത് ലോക ചാമ്പ്യന്‍ ഷിപ്പിലും കിരീടം നിലനിര്‍ത്തുന്ന ടീമായി ഫ്രാന്‍സിന്റെ പേര് കുറിക്കപ്പെടും. 50 വര്‍ഷത്തിനിടെ മൂന്നു ലോക കിരീടങ്ങള്‍ നേടുന്ന ടീമെന്ന നേട്ടവും അവര്‍ക്ക് സ്വന്തമാകും. ബ്രസീലും , ജര്‍മ്മനിയും , ഇറ്റലിയും ആണ് ഈ പട്ടികയില്‍ പേര് ചേര്‍ത്ത മറ്റു രാജ്യങ്ങള്‍.
2018 ല്‍ റഷ്യയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ നടന്ന ആവേശ പോരാട്ടത്തിന്റെ റീമാച്ച് കൂടിയാണിത്,
നാല് വര്‍ഷം മുമ്പ് ഫ്രാന്‍സിന്റെ മുന്നില്‍ അടിയറവു പറഞ്ഞതിന് പ്രതികാരം ചെയ്യാനാവും മെസ്സിയുടെ അര്‍ജന്റീന ഇറങ്ങുന്നത്.
ഫുടബോള്‍ ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളുടെ ടീമുകള്‍ പോരിനിറങ്ങുമ്പോള്‍ കായിക ലോകം ഒന്നാകെ ആവേശത്തിലാണ്.
പിഎസ്ജിയിലെ സഹ കളിക്കാരായ കൈലിയന്‍ എംബാപ്പെയും ലയണല്‍ മെസ്സിയും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഫുടബോള്‍ പ്രേമികള്‍ക്ക് അത് സുവര്‍ണ മുഹൂര്‍ത്തമാകും. എംബാപ്പെ ഫൈനലില്‍ തിളങ്ങിയാല്‍ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി അയാള്‍ സ്ഥാനാരോഹണം ചെയ്യപ്പെടും. എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ പ്രതിഭയായ മെസ്സിക്ക് തന്റെ കന്നി കിരീടം നേടാനായാല്‍ അതും ചരിത്ര നിമിഷമാകും.
മെസ്സിയെന്ന ഇതിഹാസ താരം തന്നെയാണ് ഈ ലോകക്കപ്പിന്റെയും ആകര്‍ഷണം.ലോകമെങ്ങുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ ആഗ്രഹങ്ങളെ തല്ലിക്കെടുത്താനാകും എംബാപ്പെയും ഡെംബെലെയും ജൂള്‍സ് കൗണ്ടെയും ഗ്രീസ്മാനും ഇറങ്ങുക. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച കാല്പന്തുകളിയിലെ മനോഹര ചിത്രമായിരിക്കും ഈ ഫൈനല്‍. ആ അവിസ്മരണീയ മുഹൂര്‍ത്തത്തിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here