സുലൈമാന്‍ സേട്ട് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിനും ഗോപിനാഥ് മുതുകാടിനും

ആറ് പതിറ്റാണ്ട് കാലം ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന, ഐ.എന്‍.എല്‍ സ്ഥാപക നേതാവ് കൂടിയായ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ പേരിലുള്ള ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്റംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ബ്രിട്ടാസിനും ഇന്ദ്രജാലത്തിന്റെ മാസ്മകരിക ലോകത്ത് നിന്ന് പിന്‍വാങ്ങി, ഭിന്നശേഷിക്കാരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കായി ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്ന മഹത്തായ ഉദ്യമത്തിന് തുടക്കം കുറിച്ച ഗോപീനാഥ് മുതുകാടിനുമാണ് ഈ പുരസ്‌കാരങ്ങളെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50,001രൂപ വീതം കാഷ് അവാര്‍ഡും ബഹുമതി ഫലകവുമാണ് പുരസ്‌കാരം. ഐ.എന്‍.എല്‍ പ്രവാസി ഘടകമായ യു.എ.ഇ, സൗദി ഐ.എം.സി.സിയാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആദ്യ സുലൈമാന്‍ സേട്ട് പുരസ്‌കാരം 2019ല്‍ ഡോ.സെബാസ്റ്റിയന്‍ പോളിനാണ് നല്‍കിയത്. അഡ്വ. സെബാസ്റ്റിയന്‍ പോള്‍, കെ.പി രാമനുണ്ണി, കാസിം ഇരിക്കൂര്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്.

30വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ വസ്തുനിഷ്ഠവും ആധികാരികവുമായ റിപ്പോര്‍ട്ടിങ്ങിലൂടെ ഭരണകൂടവും അവരുടെ വിധേയരും മറച്ചുപിടിക്കാന്‍ ശ്രമിച്ച സത്യം അനാവൃതമാക്കുകയും മതനിരപേക്ഷ ചേരിക്ക് ഈര്‍ജം പകരാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തിട്ടുണ്ട് ജോണ്‍ബ്രിട്ടാസ്. ഹ്രസ്വകാലത്തിനിടയില്‍ പാര്‍ലമെന്റിലെ മികച്ച പ്രകടനം വഴി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. മതനിരപേക്ഷ, ഇടതുനിരയിലെ ഉറച്ച ശബ്ദമായും തെളിച്ചമുള്ള നിലപാടിനുടമയായും ബ്രിട്ടാസ് ശോഭിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളെ നിരാകരിക്കുന്ന ഇടമായി ഉന്നത നീതിന്യായ മേഖല മാറിയതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രാജ്യസഭയിലെ പ്രസംഗം അതീവ ശ്രദ്ധേയമായപ്പോള്‍, രാജ്യസഭ ചെയര്‍മാനായിരുന്ന എം. വെങ്കയ്യനായിഡു പരസ്യമായി അഭിനന്ദിച്ചത് ഉള്ളടക്കത്തിന്റെ മികവ് കൊണ്ടായിരുന്നു. ഇന്ത്യയുടെ മതനിരപേക്ഷത, ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍, തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ശ്രദ്ധേയമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബ്രിട്ടാസ് കാണിക്കുന്ന ഔല്‍സുക്യം വര്‍ഗീയ ഫാഷിസം തിടംവെച്ചാടുന്ന വര്‍ത്തമാനകാല രാഷ്ട്രീയപരിസരത്ത് ആശ്വാസകരമായ അനുഭവമാണ്.

നാലര പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന മാജിക് ജീവിതത്തില്‍നിന്ന് വിട പറഞ്ഞ്, ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് വ്യത്യസ്തവും സാഹസികവുമായ സംരംഭം ഏറ്റെടുത്തതിനാണ് ഗോപിനാഥ് മുതുകാടിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. സ്വന്തം കുടുംബം പോലും കൈയൊഴിയേണ്ടിവരുന്ന, ഓട്ടിസം, സെറിബ്രല്‍ പാല്‍സി, ഹൈപ്പര്‍ ആക്ടിവിറ്റി, എം.ആര്‍. വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ കണ്ടെത്തി ഓരോരുത്തരുടെയും കഴിവും അഭിരുചിയും മനസ്സിലാക്കി, കല, സ്‌പോര്‍ട്‌സ് തുടങ്ങി കൃഷിയടക്കമുള്ള ജീവിതോപാധികളില്‍ പരിശീലനം നല്‍കുന്ന ബൃഹത്തായൊരു പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. മാന്ത്രിക സ്പര്‍ശമുള്ള ഈ പുനരധിവാസ പദ്ധതി നിശ്ചേതനമായ ഒരു വിഭാഗത്തിന് പ്രതീക്ഷയും ജീവിതവും വാഗ്ദാനം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിലേക്ക് ഇന്ന് കടന്നുചെല്ലുന്ന ആരേയും മനുഷ്യത്വത്തെ തൊട്ടുണര്‍ത്തുന്നതും അദ്ഭുതാവഹവുമായ താളവും മേളവും നാദവുമാണ് എതിരേല്‍ക്കുക എന്നത് തന്നെ മുതുകാട് സ്വയമേറ്റെടുത്ത വലിയ ദൗത്യത്തിന്റെ ഗരിമയാണ് ഓര്‍മപ്പെടുത്തുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ഐ.എം.സി.സി സൗദി പ്രസിഡന്റ് സഈദ് കള്ളിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News