
ലയണല്‍ മെസ്സി…!ലുസൈല്‍ സ്റ്റേഡിയം ഒന്നടങ്കം ഇന്നലെ അലറി വിളിച്ചത് ആ ഒരു മനുഷ്യന് വേണ്ടിയായിരുന്നു…ലോകമെമ്പാടും ലക്ഷക്കണക്കിന് കണ്ണുകള്‍ ഇമ വെട്ടാതെ നോക്കിയിരുന്നത് ഈ മനുഷ്യന്റെ വിജയ നിമിഷങ്ങള്‍ക്ക് വേണ്ടിയായിരുന്നു… ഒടുവില്‍ അയാള്‍ അവതരിക്കുക തന്നെ ചെയ്തു….
നിങ്ങളുടെ കൈകള്‍ ആകാശത്തിലേക്കുയര്‍ത്തുവിന്‍… ശേഷം ഭൂമിയിലേക്ക് നോക്കുവിന്‍… അവന്‍ അവതരിച്ചിരിക്കുന്നത് കാണുവിന്‍…വിജയത്തിന്റെ പാനപാത്രവുമായി അവനിതാ നിങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നു…. കഴിഞ്ഞു പോയ 36 വര്‍ഷങ്ങള്‍… ഏതു ശൂന്യതയില്‍ ആയിരുന്നോ നിങ്ങളുടെ സ്വപ്നങ്ങള്‍ വഴുതി വീണത്… ഏതിരുട്ടിന്റെ തടവറയില്‍ ആയിരുന്നോ നിങ്ങളുടെ സ്വപ്നങ്ങള്‍ ബന്ധിക്കപ്പെട്ടിരുന്നത്…..ഏത് ഫീനിക്‌സ് പക്ഷിയെയാണോ നിങ്ങള്‍ കാത്തിരുന്നത്… ആ ദുഃഖബിന്ദുവില്‍ നിന്ന് അവനിതാ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു…പറുദീസ നഷ്ടപ്പെട്ടവര്‍ക്ക് അവന്‍ പാപമോചനം നല്‍കിയിരിക്കുന്നു…. ഇരു കൈകളിലും നിറയുന്ന ആഹ്ലാദത്തിന്റെ മുന്തിരിച്ചാറിതാ അവന്‍ നിങ്ങള്‍ക്കായി വീതിച്ചു നല്‍കുന്നു….സ്വീകരിക്കുവിന്‍… സ്വീകരിക്കുവിന്‍…
മൂന്നരപതിറ്റാണ്ടിന്റെ നിരാശയുടെ കണക്കുകള്‍ എല്ലാം ഇനി ഇന്നലെകളിലേക്ക് എഴുതി തള്ളുക… ഈ രാവും ഇനിയുള്ള പകലുകളും ഇനിയൊരു നൂറു പതിറ്റാണ്ടുകള്‍ക്ക് പകുത്ത് നല്‍കുക…. ആയിരത്തൊന്ന് രാവുകളുടെ അറേബ്യന്‍ ചരിതം തിരുത്തിയെഴുതുക….ആയിരത്തൊന്ന് ഇല്ല… ഇനി ഒരേയൊരു രാവ് മാത്രം… ഡിസംബര്‍ 18 ന്റെ പട്ടുറുമാല്‍ അണിഞ്ഞ പതിനാലാം രാവ്…മിശിഹായും മാലാഖയും മണ്ണിലേക്കിറങ്ങി വന്ന ആ രാവിന്റെ കഥകള്‍ ഇനി നാളെയുടെ ബദറുല്‍ മുനീറുമാര്‍ പാടി നടക്കട്ടെ…
മിശിഹാ… നീ വാഴ്ത്തപ്പെട്ടവനാകുന്നു….ഈ ഭൂമിയില്‍ ഒരു ഏദന്‍ തോട്ടമുണ്ടെങ്കില്‍.. അവിടെ വിടരുന്ന ഒലിവിന്‍ പൂക്കള്‍ ഞങ്ങള്‍ നിനക്കായി കോര്‍ത്തു വയ്ക്കും… കാരണം നിന്നോളം ആരും ഞങ്ങളെ മോഹിപ്പിച്ചിട്ടില്ല… നിന്നോളം ആരെയും ഞങ്ങള്‍ സ്‌നേഹിച്ചിട്ടില്ല…. നിന്നോളം വിശാലമായൊരു ലോകം ഞങ്ങള്‍ കണ്ടിട്ടില്ല…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here