സര്‍ക്കാര്‍ പദ്ധതികളെ വൈകിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആറന്മുള നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ സമഗ്ര അവലോകനം നടത്തി. മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ഏറ്റെടുത്ത റോഡ് നിർമ്മാണം കരാറുകാർ സമയബന്ധിതമായി പൂർത്തികരിക്കാത്തത് മൂലം ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തുന്ന കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി നിർദേശം നൽകി. പൈപ്പ് ലൈൻ പ്രവൃത്തികൾ പൂർത്തിയാകത്തത് മൂലം റോഡ് നിർമ്മാണത്തിന് തടസം നേരിടുന്നതിനാൽ നിശ്ചിത ദിവസത്തിനുള്ളിൽ പ്രവൃത്തികൾ തുടങ്ങാനും മന്ത്രി നിർദേശം നൽകി.

മണ്ഡലത്തിലെ പി.ഡബ്യു.ഡി റോഡ്, ബിൽഡിംഗ്, എൻ.എച്ച്, പാലം എന്നിവയും കെആർഎഫ്ബി, കെ.എസ്.ടി.പി, റോഡ് മെയിന്റനൻസ് പ്രവൃത്തികളുടെ അവലോകനമാണ് നടന്നത്. ആറന്മുള നിയോജക മണ്ഡലത്തിലെ എല്ലാ പദ്ധതികളുടെയും പ്രവർത്ത പുരോഗതി വിലയിരുത്തി. റോഡ് വിഭാഗത്തിന് കീഴിൽ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് മന്ത്രി വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകി.

പത്തനംതിട്ട ജില്ലാ കളക്ടറും ബന്ധപ്പെട്ട പഞ്ചായത്ത്, പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് കോഴഞ്ചേരി പാലവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ത്വരിതഗതിയിലാകുന്നതിന് ഉടൻതന്നെ യോഗം ചേരുന്നതിന് തീരുമാനിച്ചു. കരിയിലമുക്ക് പാലവും ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളുടെ നിർമ്മാണവും പൂർത്തീകരിച്ചതായി അതാത് എക്‌സിക്യൂട്ടീവ് എൻജിനീയർമാർ അറിയിച്ചു. റോഡ് വിഭാഗത്തിന് കീഴിൽ വരുന്ന കുമ്പനാട്, ചെറുകോൽപ്പുഴ റോഡ് വാട്ടർ അതോറിറ്റി പൈപ്പ് ഷിഫ്റ്റിംഗ് കൊണ്ട് കാലതാമസം നേരിടുന്നതിന് പരിഹാരം കാണാനും മന്ത്രി നിർദേശം നൽകി.

നിയോജക മണ്ഡലത്തിലെ വിവിധ വിഭാഗങ്ങളിലുള്ള അസിസ്റ്റന്റ് എൻജിനീയർമാർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ തുടങ്ങിയ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here